വ്യാജരേഖ ചമച്ച് അവയവവിൽപ്പന; അന്വേഷണത്തിന് കൂടുതൽ സംഘങ്ങൾ

എഐ പ്രതീകാത്മകചിത്രം
കൊച്ചി : വ്യാജരേഖ ചമച്ച് അവയവവിൽപ്പന നടത്തിയ കേസ് അന്വേഷിക്കാൻ കൂടുതൽ സംഘത്തെ നിയോഗിച്ച് പൊലീസ്. കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണർ ഷാഹിൻ ഷാ, തൃക്കാക്കര എസിപി മനോജ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തെയാണ് നിയോഗിച്ചത്. അമ്പലമേട്, ഇൻഫോപാർക്ക്, ഉദയംപേരൂർ സ്‌റ്റേഷനുകളിലെ ഇൻസ്പെക്ടർമാരും നാല് സബ് ഇൻസ്പെക്ടർമാരും സംഘത്തിലുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ്-കുമാർ അറിയിച്ചു. കൊച്ചി സിറ്റി പൊലീസ് പരിധിയിൽ വരുന്ന അന്പലമേട് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ അടിസ്ഥാനത്തിലാണിത്. നിലവിൽ എറണാകുളം റൂറൽ എസ്‌പി കെ എസ് സുദർശന്റെ നേതൃത്വത്തിലുള്ള സംഘം റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
അവയവവിൽപ്പന റാക്കറ്റിലെ മുഖ്യപ്രതി മുഹമ്മദ് നജീബ് ഉൾപ്പെടെയുള്ളവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. റാക്കറ്റിന് അന്താരാഷ്ട്ര ബന്ധമുള്ളതായും രാജ്യവ്യാപകമായി പ്രവർത്തിച്ചിരുന്നെന്നും വിവരം ലഭിച്ചിട്ടുണ്ട്. റാക്കറ്റ് മുഖാന്തിരം നിരവധിപേർ അവയവവിൽപ്പന നടത്തുകയും ചെയ്‌തു. ഇവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. മുഹമ്മദ് നജീബ് ഉൾപ്പെടെയുള്ളരെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. ഇതിനകം ഡിജിറ്റൽ രേഖകളടക്കം നിരവധി വ്യാജരേഖകൾ കണ്ടെടുത്തിട്ടുണ്ട്. ഇവയുടെ പരിശോധന പുരോഗമിക്കുകയാണ്. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള നടപടികളിലേക്ക് കടക്കുക. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കും. ആശുപത്രികളുടെ അറിവോടെയാണെങ്കിൽ അവർക്കെതിരെയും കേസുണ്ടാകും. മെഡിക്കൽ ടൂറിസത്തിന്റെ മറവിലായിരുന്നു മഹമ്മദ് നജീബും സംഘവും അവയവവിൽപ്പന നടത്തിയിരുന്നത്. സംസ്ഥാനതലത്തിൽ അന്വേഷണം ഏകോപിപ്പിക്കാനുള്ള സംഘവും ഉടൻ നിലവിൽവരും.
മുഖ്യപ്രതി നജീബിന്റെ ഭാര്യ റഷീദ(37), സണ്ണി വർഗീസ്, ഭാര്യ സിനി വർഗീസ്, ചേലക്കുളം കവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ്, ശ്രീജ, സുധീർ എന്നിവരെ നേരത്തേ അറസ്‌റ്റ് ചെയ്‌തിരുന്നു. വ്യാജരേഖകളും അനുമതിപത്രങ്ങളും നിർമിച്ച് മൂന്നുവർഷത്തോളമായി ഇവർ സംസ്ഥാനവ്യാപകമായി അവയവവിൽപ്പന നടത്തിവരികയായിരുന്നു. മെഡിക്കൽ ടൂറിസത്തിന്റെ മറവിലായിരുന്നു അവയവ വിൽപ്പനയെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അവയവങ്ങൾ നൽകാൻ തയ്യാറുള്ളവരെ കണ്ടെത്തൽ, അവയവദാനത്തിന് ആവശ്യമായ സമ്മതപത്രങ്ങൾ, സത്യവാങ്‌മൂലം, സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ വ്യാജമായി നിർമിക്കുന്നതാണ് ഇവരുടെ മുഖ്യചുമതല. പൊലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഡോക്ടർമാർ, എംഎൽഎമാർ, എംപിമാർ എന്നിവരുടെ ലെറ്റർപാഡുകൾ, മറ്റ് രേഖകൾ, വിവിധ മെഡിക്കൽ ലാബുകളുടെ വ്യാജരേഖകൾ, പ്രധാന ആശുപത്രികളുടെ പേരിലുള്ള ലെറ്റർപാഡുകൾ എന്നിവ പ്രതികൾ വ്യാജമായി നിർമിച്ചതായി പൊലീസ് പറഞ്ഞു. റെയ്‌ഡിൽ ഇവ പിടിച്ചെടുത്തിരുന്നു.
എറണാകുളം, കൊല്ലം, തൃശൂർ, തിരുവനന്തപുരം ജില്ലകൾ കേന്ദ്രീകരിച്ച് 2023 ആഗസ്ത് മുതൽ സംഘം സജീവമാണെന്നും കൊച്ചിയിലെ രണ്ട് സ്വകാര്യ ആശുപത്രികളുടെ വ്യാജ ലെറ്റർഹെഡുകളുണ്ടാക്കി വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും എംഎൽഎ, എംപി എന്നിവരുടെ പേരിൽ വ്യാജ ലെറ്റർപാഡുകളും നൽകിയതായും പൊലീസ് പറഞ്ഞു. ഡോക്ടറുടെ പേരും സീലും ഒപ്പും വച്ച് കൃത്രിമമായി തയ്യാറാക്കി, രോഗികളുടെ പേരും വിലാസവും വൃക്കദാതാവിന്റെ പേരും വിലാസവും രേഖപ്പെടുത്തി പിസിസി (പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) ലഭിക്കുന്നതിനായി വ്യാജ കത്തുകളും തയാറാക്കി.
കുന്നത്തുനാട് സ്റ്റേഷൻ പരിധിയിൽ ‘പള്ളിക്കര കമ്യൂണിക്കേഷനി’ൽ നടത്തിയ പരിശോധനയിൽ എംഎൽഎ, എംപി എന്നിവരുടെ വ്യാജ ലെറ്റർപാഡുകൾ, വിവിധ മെഡിക്കൽ ലാബുകളുടെ വ്യാജരേഖകൾ, ജില്ലയിലെ പ്രധാന ആശുപത്രികളുടെ പേരിലുള്ള വ്യാജ ലെറ്റർപാഡുകൾ എന്നിവ കണ്ടെത്തിയത്. ചിത്രപ്പുഴ പോഞ്ഞാശേരിയിലെ ‘സൈൻ എച്ച്ഡി ഡിജിറ്റൽ സ്റ്റുഡിയോ’യിൽനിന്ന് വ്യാജ ലെറ്റർപാഡുകളും സീലുകളും നിർമിക്കാൻ ഉപയോഗിച്ച കംപ്യൂട്ടറുകൾ കണ്ടെടുത്തു. വടക്കേക്കരയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ, എറണാകുളത്തെ ആശുപത്രിയിലുള്ള വൃക്കദാതാവിന്റെ സമ്മതപത്രവും മറ്റു വ്യാജരേഖകളും സ്മാർട്ട് ഫോണുകളും കണ്ടെത്തി. അമ്പലമേട് പെരിങ്ങാലയിലെ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ വ്യാജരേഖകളും വ്യാജമുദ്രകളും ഹാർഡ് ഡിസ്‌കുകളും കണ്ടെത്തി. വിദേശ രാജ്യങ്ങളുമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായും റാക്കറ്റിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.









0 comments