മസ്‌തിഷ്‌ക മരണാനന്തര അവയവമാറ്റം ; 389 പേരിലൂടെ 1120പേർക്ക്‌ 
പുതുജീവൻ

organ donation
avatar
സ്വാതി സുജാത

Published on Aug 12, 2025, 01:30 AM | 1 min read


തിരുവനന്തപുരം

"എന്റെ ഹൃദയം എത്ര തവണ മിടിക്കുന്നുണ്ട്' അനസ്‌തേഷ്യയുടെ പിടിവിടും മുന്നേ അനുഷ്‌കയുടെ ചോദ്യം. തന്റെ ഹൃദയം കൃത്യമായി തുടിക്കുന്നുണ്ടെന്ന്‌ ശസ്‌ത്രക്രിയയ്‌ക്കുശേഷം ഡോക്ടർമാരോട്‌ ചോദിച്ച്‌ ഉറപ്പിക്കുന്നിടത്ത്‌ തുടങ്ങി അനുഷ്കയുടെ പുതുജീവിതം. ആതുരാലയത്തിലെ നാല് ചുവരുകള്‍ക്കുള്ളില്‍ മാസങ്ങളോളം നീണ്ട ചികിത്സ. ജീവിതത്തിലേക്ക് തിരിച്ചെത്താനാകുമോയെന്ന ആശങ്കയില്‍ ദിനരാത്രങ്ങള്‍. ഒടുവിൽ ശസ്‌ത്രക്രിയ. 2024ല്‍ ശ്രീചിത്രയില്‍ ആദ്യമായി നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ.


കാര്‍ഡിയോ മയോപ്പതി രോഗം ബാധിച്ച് നാലാം ക്ലാസിനുശേഷം അനുഷ്‌ക സ്‌കൂളില്‍ പോയിട്ടില്ല. സഹോദരന്‍ ആയുഷിന്റെ പഠനവും മുടങ്ങി. ഇപ്പോൾ ഇരുവരും സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്.


കേരള സ്‌റ്റേറ്റ്‌ ഓർഗൻ ആൻഡ്‌ ടിഷ്യൂ ട്രാൻസ്‌പ്ലാന്റ്‌ ഓർഗനൈസേഷനിൽ(കെ–സോട്ടോ) രജിസ്റ്റർ ചെയ്ത് രണ്ട് മാസത്തിനുള്ളിൽത്തന്നെ അനുഷ്കയുടെ ഹൃദയംമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടന്നു. അനുഷ്‌കയെപ്പോലെ നിരവധിപേരാണ്‌ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയത്‌.


2012ൽ അവയവദാനത്തിനായി മൃതസഞ്‌ജീവനി രൂപീകരിച്ചതുമുതൽ ഇതുവരെ 389 മരണാനന്തര അവയവദാനമാണ്‌ നടന്നത്‌. അതിലൂടെ 1120പേർക്കാണ്‌ പുതുജീവൻ ലഭിച്ചതെന്നാണ്‌ കെ –സോട്ടോയുടെ കണക്ക്‌. 2021ൽ സംസ്ഥാന സർക്കാർ രൂപീകരിച്ച കെ– സോട്ടോയാണ്‌ സംസ്ഥാനത്ത്‌ അവയവ, ടിഷ്യൂ മാറ്റിവയ്‌ക്കൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും നിയന്ത്രിക്കുന്നതിലും നിർണായക പങ്ക്‌ വഹിക്കുന്നത്‌. ആറ്‌ സർക്കാർ ആശുപത്രികളിലായി 268, 22 സ്വകാര്യ ആശുപത്രികളിലായി 852 ശസ്ത്രക്രിയകളാണ്‌ നടന്നത്‌. വൃക്ക‍, കരൾ, ഹൃദയം, കൈ, പാൻക്രിയാസ്‌ തുടങ്ങിയ അവയവങ്ങളാണ്‌ മസ്‌തിഷ്‌ക മരണത്തിലൂടെ കൂടുതലും മാറ്റിവച്ചത്‌. അവയവമാറ്റ ശസ്‌ത്രക്രിയയ്‌ക്ക്‌ സ‍ൗകര്യവും ലൈസൻസുമുള്ള 47ആശുപത്രികൾ കേരളത്തിലുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Home