ആശംസ നേർന്ന് മന്ത്രി പി രാജീവ്

കൊച്ചി : ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവായ്‌ക്ക് അഭിനന്ദനങ്ങളും വിജയാശംസകളും നേർന്ന് വ്യവസായമന്ത്രി പി രാജീവ്. സ്ഥാനാരോഹണത്തിനുശേഷം നടന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ അനുമോദനം.
മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിനും വേണ്ടി ബാവായ്‌ക്ക് അഭിനന്ദനങ്ങൾ നേർന്ന മന്ത്രി, കാതോലിക്ക ബാവായുടെ വിനയവും തുറന്ന മനോഭാവവും വിദ്യാഭ്യാസ, സേവന പ്രവർത്തനങ്ങളും ശ്രദ്ധേയമാണെന്ന് പറഞ്ഞു. മുൻഗാമിയായ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ കാറ്റും കോളും നിറഞ്ഞ കടലിൽ സഭയാകുന്ന നൗകയെ ധീരതയോടെയും നിർഭയമായും നയിച്ചു. ആ പാരമ്പര്യം തുടരാൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവായ്‌ക്ക് കഴിയുമെന്നും പി രാജീവ് ആശംസിച്ചു.
മുഖ്യമന്ത്രിക്ക് പ്രത്യേകം നന്ദി
ബെയ്‌റൂട്ട് : യാക്കോബായ സുറിയാനി സഭാ കാതോലിക്കാ ബാവയായി ബസേലിയോസ് ജോസഫ് പ്രഥമന്റെ സ്ഥാനാരോഹണച്ചടങ്ങിന്റെ ആമുഖ പ്രഭാഷണത്തിൽ സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേകം നന്ദി അറിയിച്ചു.
‘‘ഇന്ത്യയിലെ മഹത്തായ ഇടമായ കേരളത്തെ പ്രത്യേകം അഭിനന്ദിക്കുന്നു. കേരളം എനിക്ക് അപരിചിതമായ നാടല്ല. നിരവധിതവണ അവിടെ വന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. നൂറുശതമാനം സാക്ഷരതയുള്ള നാട്ടിൽനിന്ന് വൻ വരവേൽപ്പാണ് എക്കാലത്തും ലഭിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെയും കേരളത്തെയും പ്രത്യേകം നെഞ്ചേറ്റുന്നു’’–അദ്ദേഹം പറഞ്ഞു. കേരളത്തിൽനിന്ന് ലബനനിൽ എത്തിയ പ്രതിനിധിസംഘത്തെയും അതിനെ നയിക്കുന്ന വ്യവസായമന്ത്രി പി രാജീവിനെയും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര പ്രതിനിധിസംഘത്തോടും നന്ദി അറിയിച്ചു.









0 comments