സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മുന്നറിയിപ്പുകള്‍ ഇങ്ങനെ

ഫയൽ ചിത്രം
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം നാളെയോടെ (ജൂൺ 4) കേരളത്തിൽ എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലവർഷം എത്തുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് പരക്കെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതും തെക്കൻ കേരള തീരത്തോട് ചേർന്ന് തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതുമാണ് മഴ ശക്തമാകാൻ കാരണം.
മഴ കനക്കുമെന്ന പ്രവചനത്തെ തുടർന്ന് ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. അടുത്ത ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
നാളെ കാലവർഷം എത്തുന്നതോടെ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങളിലേക്കും ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങളിലേക്കും മഴ വ്യാപിക്കും. നാളെ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിൽ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അവശേഷിക്കുന്ന വടക്കൻ ജില്ലകളിൽ നാളെ യെല്ലോ അലർട്ടായിരിക്കും.
വരും ദിവസങ്ങളിലും വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരും. ജൂൺ അഞ്ചിന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ജൂൺ ആറിന് കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഈ ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയായിരിക്കും ലഭിക്കുകയെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.










0 comments