ad
Deshabhimani

ഒറാക്കിളിൽ കൂട്ടപ്പിരിച്ചുവിടൽ; ടെക്നോപാർക്കിൽ 40 പേർക്ക് ജോലി നഷ്ടം

oracle
വെബ് ഡെസ്ക്

Published on Sep 18, 2026, 12:16 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോപാർക്കിൽ ടെക് ഭീമനായ ഒറാക്കിളിൽ കൂട്ടപ്പിരിച്ചുവിടൽ. കമ്പനിയുടെ ആഗോളതലത്തിലുള്ള പിരിച്ചുവിടൽ നയത്തിന്റെ ഭാഗമായി ടെക്നോപാർക്കിലെ ഓഫീസിലും 40 ജീവനക്കാർക്ക് ജോലി നഷ്ടമായി. കഴിഞ്ഞ ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച അറിയിപ്പ് ജീവനക്കാർക്ക് ലഭിച്ചത്. ഇമെയിൽ സന്ദേശം ലഭിച്ചപ്പോഴാണ് പലരും തങ്ങൾക്ക് ജോലി നഷ്ടപ്പെട്ട വിവരം അറിയുന്നത് തന്നെ. പത്തുവർഷത്തിലേറെ സേവന പരിചയമുള്ളവരും മാനേജർമാരുൾപ്പെടെയുള്ള ഉയർന്ന പദവികളിൽ ഇരിക്കുന്നവരും ഇതിൽ ഉൾപ്പെടുന്നുണ്ട്.


പരമാവധി പത്തു മാസത്തെ ശമ്പളവും മറ്റ് വിരമിക്കൽ ആനുകൂല്യങ്ങളും നൽകാമെന്നാണ് കമ്പനിയുടെ വാഗ്ദാനം. എന്നാൽ യാതൊരു മുൻകൂർ മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് പിരിച്ചുവിട്ടതിലുള്ള ഞെട്ടലിലാണ് ജീവനക്കാർ. ആനുകൂല്യങ്ങൾ നൽകിയെങ്കിലും ഈ നടപടിയിൽ ജീവനക്കാർക്കിടയിൽ കടുത്ത അമർഷമുണ്ട്.


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ വളർച്ചയും അതിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള കമ്പനിയുടെ തീരുമാനവുമാണ് ഈ കൂട്ടപ്പിരിച്ചുവിടലുകൾക്ക് കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മെയ് മാസത്തിലും ഒറാക്കിൾ സമാനരീതിയിൽ 30 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ടെക്നോപാർക്കിലെ ഒറാക്കിൾ ഓഫീസിൽ ആകെ 300-ഓളം ജീവനക്കാരാണ് ഉള്ളത്. സംഭവത്തിൽ ആശങ്കയറിയിച്ച് ഐടി ജീവനക്കാരുടെ സംഘടനയായ 'പ്രതിധ്വനി' ടെക്നോപാർക്ക് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home