കായികമേളയിൽ സംഘാടനപ്പിഴവ് തുടരുന്നു; വിദ്യാർഥികൾ താമസിക്കുന്നത് കൂരിരുട്ടിൽ; പവർകട്ട് നേരിടാൻ സംവിധാനമില്ല

Representative Image | AI
കൽപ്പറ്റ: ജില്ലാ സ്കൂൾ കായികമേളകളിലെ സംഘാടനപ്പിഴവ് ആവർത്തിക്കുന്നു. വയനാട്ടിൽ കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് താമസം ഒരുക്കിയ മുണ്ടേരിയിലെ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പവർകട്ട് നേരിടാൻ സംഘാടകർ സംവിധാനമൊരുക്കിയില്ല.
വെള്ളിയാഴ്‌ച മത്സരത്തിൽ പരിക്കേറ്റ്, പെരുമഴ നനഞ്ഞെത്തിയ പെൺകുട്ടികൾ അടക്കം വസ്‌ത്രംപോലും മാറാനാകാതെ മണിക്കൂറുകളാണ് ഇരുട്ടിൽ കഴിഞ്ഞത്. നിരന്തരം പവർകട്ട് ഉണ്ടാകുന്ന സാഹചര്യമായിട്ടും മെഴുകുതിരിപോലും എത്തിച്ചുനൽകിയില്ല. വിദ്യാർഥികളെ താമസസ്ഥലത്ത് എത്തിക്കുന്നതിലും സംഘാടകർ കടുത്ത അലംഭാവം പുലർത്തി.
വൈകിട്ട് അഞ്ചോടെ മത്സരങ്ങൾ അവസാനിച്ചെങ്കിലും രാത്രിയോടെയാണ് താമസസ്ഥലത്ത് എത്തിച്ചത്. കുട്ടികൾ മണിക്കൂറുകൾ മഴയിൽ നനഞ്ഞ് കുതിർന്നാണ് കഴിഞ്ഞത്. ജില്ലാ വിദ്യാഭ്യാസ സമിതി കലാകായിക മേളയ്‌ക്കായി മുഴുവൻ അധ്യാപകരിൽനിന്നും ഇത്തവണ 300 രൂപ വീതം സമാഹരിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്നാണ് വിമർശം. കഴിഞ്ഞ തവണ 100 രൂപ വീതം മാത്രം സമാഹരിച്ചാണ് സൗകര്യം ഒരുക്കിയത്.









0 comments