ഇനിയെന്ന് കിട്ടും വാടകയും ജീവനോപാധിയും? ദുരന്തബാധിതർ ആശങ്കയിൽ

കൽപ്പറ്റ: യുഡിഎഫ് സർക്കാരിന്റെ അനാസ്ഥയിൽ വാടകയും ജീവനോപാധിയും നിലച്ചതോടെ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർ കടുത്ത ആശങ്കയിൽ. സെപ്തംബർ മാസത്തിലെ തുക ഇതുവരെയും അനുവദിച്ചിട്ടില്ല. മാസം നൽകുന്ന 1000 രൂപയുടെ ഭക്ഷ്യക്കൂപ്പണും നൽകിയിട്ടില്ല. വാടക നൽകാനുള്ളതിനാൽ ദുരന്തബാധിതർ പലരും പലിശയ്‌ക്ക് പണം വാങ്ങിയിരിക്കുകയാണ്.
ഉരുൾ പൊട്ടിയതുമുതൽ 2026 മെയ്‌വരെ എൽഡിഎഫ് സർക്കാർ ജീവനോപാധിയും വാടകയും നൽകിയിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയതോടെ രണ്ടുസഹായവും നിലച്ചു. പ്രതിഷേധം ഉയർന്നതോടെ സഹായം സെപ്‌തംബർവരെ നീട്ടിനൽകി. എല്ലാ മാസവും രണ്ടാം തിയതിയാണ് തുക ലഭിച്ചിരുന്നത്. കഴിഞ്ഞമാസം ഒന്നിന് ഇൗ ഉത്തരവിന്റെ കാലാവധി അവസാനിച്ചു. ഒരുമാസം കഴിഞ്ഞിട്ടും പുതിയ ഉത്തരവ് ഇറക്കുകയോ പണം അനുവദിക്കുകയോ ചെയ്‌തിട്ടില്ല.
സ്ഥിരം പുനരധിവാസം യാഥാർഥ്യമാകുംവരെ കുടുംബത്തിന് മാസം 6000 രൂപ വാടകയും കുടുംബത്തിലെ രണ്ടുപേർക്ക് ദിവസം 300 രൂപവീതം ഉപജീവനബത്തയും നൽകുമെന്നാണ് എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചത്. കിടപ്പുരോഗികളുള്ള വീട്ടിൽ മൂന്നുപേർക്കും തുക നൽകി. മാസം 9000 രൂപ വീതം 1884 പേർക്കാണ് വിതരണം ചെയ്‌തത്. ദുരന്തനിവാരണ നിയമപ്രകാരം മൂന്നുമാസത്തേക്ക് മാത്രം നൽകേണ്ട തുകയാണ് പ്രത്യേക തീരുമാനമെടുത്ത് എൽഡിഎഫ് സർക്കാർ നീട്ടിയത്.









0 comments