എക്സാലോജിക്കിനെതിരായ കേസ്
ഇഡി മെയ്ഡ് മൊഴികൾ നിലനിൽക്കില്ല, നിയമപരമായും രാഷ്ട്രീയപരമായും നേരിടും: എം വി ജയരാജൻ

എം വി ജയരാജൻ
തിരുവനന്തപുരം: ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴികളും വ്യാജ രേഖകളും ഇഡി മെയ്ഡ് മൊഴികളും കോടതിയിൽ നിനിൽക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ പറഞ്ഞു. സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന കോടതി ഉത്തരവ് സംബന്ധിച്ച് സാരിക്കുകയായിരുന്നു അദ്ദേഹം. സിഎംആർഎലിനെതിരെയുള്ളത് കള്ളക്കേസാണ്. ഇഡി വേട്ടയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു.
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്. പൊതുതാത്പര്യ ഹർജിയിലാണ് കോടതി ഉത്തരവ്. സാധാരണഗതിയിൽ ഇത്തരമൊരു ഹർജി കോടതിയിൽ വന്നാൽ ആർക്കെതിരെയാണോ ആരോപണം ഉന്നയിച്ചത്, ബന്ധപ്പെട്ടവരെ കേൾക്കുക എന്നത് സാമാന്യ നീതിയുടെ ഭാഗമാണ്. ഇവിടെ അതുണ്ടായിട്ടില്ല. യഥാർഥത്തിൽ ഇ ഡി വ്യാജ രേഖകളും വ്യാജ മൊഴികളുമാണ് എക്സാലോജിക് കേസിൽ ഇഡി ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ഇഡി നേരത്തെ പൊലീസ് മേധാവിക്ക് നൽകിയിട്ടുള്ള കത്തിലെ കാര്യങ്ങളാണ് കോടതിയിലും ആവർത്തിച്ചിട്ടുള്ളത്. നേരത്തെ പുറത്തുവന്ന ഇഡി മെയ്ഡ് മൊഴികളിലെ വസ്തുത കോടതിക്ക് മുൻപാകെ എത്തിയാൽ ഇങ്ങനെയൊരു എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് കോടതിക്ക് പറയാൻ കഴിയില്ല.
ഇഡി മെയ്ഡ് മൊഴികളിലെ വസ്തുതകൾ നേരത്തെ പുറത്തുവന്നതാണ്. സിഎംആർഎൽ കമ്പനിയുടെ എംഡിയെയും ചീഫ് ജനറൽ മാനേജറെയും ചീഫ് ഫിനാൻഷ്യൽ ഓഫീസറേയും ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഇവർ സത്യവാങ്മൂലത്തിൽ ഇക്കാര്യം ഇഡി ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. ഇതൊന്നും കൂടാതെ റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെയും മൊഴി ഭീഷണിപ്പെടുത്തി പടച്ചെടുത്തതാണ്. ഹസൻ വാരിസിന്റെ മകളെ ഹവാല കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴി സത്യസന്ധമല്ലെന്നും ഭീഷണിപ്പെടുത്തി വാങ്ങിയതാണെന്നും വാരിസ് സത്യവാങ്മൂലത്തിലൂടെ ഇ ഡി റീജിയണൽ ഡയറക്ടറെ അറിയിച്ചതാണ്.
ഇതെല്ലാം പരിശോധിച്ചാൽ സിഎംആർഎൽ-എക്സാലോജിക്കിനെതിരായ കേസ് ഇ ഡി വേട്ടയുടെ ഭാഗമാണെന്ന് വ്യക്തമാണ്. ഈ വേട്ടയ്ക്ക് കേരളത്തിലെ സർക്കാർ കൂട്ടുനിൽക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് എം വി ജയരാജൻ പറഞ്ഞു. വസ്തുത ഇതായിരിക്കെ ഒരു കാരണവശാലും പിണറായി വിജയനെയും റിയാസിനെയും വീണയെയും ഇ ഡി വേട്ടയ്ക്ക് വിട്ടുനൽകില്ല. നിയമപരമായും രാഷ്ട്രീയപരമായും തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.









0 comments