Deshabhimani

അൾട്രാ സൗണ്ട് സ്കാനിംഗ് പ്രവർത്തനരഹിതം; തിരുവനന്തപുരം എസ്എടിയിൽ രോഗികൾ ദുരിതത്തിൽ

SAT.jpg
വെബ് ഡെസ്ക്

Published on Nov 29, 2026, 09:26 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി അമ്മയും കുഞ്ഞും ആശുപത്രിയിൽ അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീൻ മാസങ്ങളായി പ്രവർത്തനരഹിതം. പല ഗുരുതര രോഗങ്ങൾക്കും മറ്റാശുപത്രികളിൽ നിന്ന് ശുപാർശ ചെയ്തെത്തിയ അമ്മമാരും കുഞ്ഞുങ്ങളും ശരിയായ ചികിത്സ ലഭിക്കാതെ വലയുകയാണ്.


പലർക്കും ഭീമമായ തുക നൽകി സ്വകാര്യ ലാബുകളിൽ നിന്ന് സ്കാൻ ചെയ്യേണ്ട സ്ഥിതിയാണ്. കൈക്കുഞ്ഞുങ്ങളുമായി മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. സ്കാൻ എടുത്തശേഷമേ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുക്കാൻ സാധിക്കുകയുള്ളു എന്നതിനാൽ പലരും നവജാതശിശുക്കളുമായി പുറത്തുപോയി സ്കാൻ എടുക്കുകയാണ്.


സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. മണിക്കൂറുകളോളം കുഞ്ഞുങ്ങളുമായി കാത്തിരുന്നശേഷമാണ് മെഷീൻ തകരാറിലാണെന്ന് അധികൃതർ അറിയിക്കുന്നതെന്നും പരാതിയുണ്ട്.


പലപ്പോഴും സ്വകാര്യ ലാബുകളിൽ പോകാൻ കഴിയാത്തവരെ മെഡിക്കൽ കോളേജിലെ സ്കാനിംഗ് സെന്ററിലേക്കാണ് പറഞ്ഞുവിടുക, പലവിധ അസുഖങ്ങളുമായെത്തുന്നവർക്കിടയിൽ കൈക്കുഞ്ഞുങ്ങളുമായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നുവെന്നും പരാതിയുണ്ട്.


ദിവസവും നൂറുകണക്കിനാളുകൾ വരുന്ന ഒരു ആശുപത്രിയായിട്ടും സ്കാനിംഗ് മെഷീൻ ശരിയാക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home