Deshabhimani

print edition ആരോഗ്യമേഖല വെന്റിലേറ്ററിൽ; മരുന്നില്ല, മറുപടിയും

Health.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 14, 2026, 12:15 AM | 1 min read

തിരുവനന്തപുരം: അധികാരത്തിലെത്തി നാലുമാസത്തിനകം ആരോഗ്യമേഖല തകർത്ത യുഡിഎഫ്‌ സർക്കാരിന്‌ നിയമസഭയിൽ ഉത്തരംമുട്ടി. മരുന്നും ഡോക്‌ടറും നഴ്‌സും ചികിത്സയുമില്ലാത്ത ആശുപത്രികളുടെ ദയനീയചിത്രം പ്രതിപക്ഷം നിയമസഭയിൽ വിവരിച്ചതോടെ മുൻസർക്കാരിനെ പഴിച്ച്‌ രക്ഷപ്പെടാനുള്ള മന്ത്രിയുടെ തന്ത്രവും പൊളിഞ്ഞു.


സർക്കാരിന് മരുന്നു ലോബിയുമായും വൻകിട കോർപറേറ്റുകളുമായുള്ള ഡീൽ അടിയന്തിര പ്രമേയ നോട്ടീസ്‌ നൽകിയ കെ വി സുമേഷും പ്രതിപക്ഷ നേതാവ്‌ പിണറായി വിജയനും തുറന്നുകാട്ടി. ഇതോടെ മന്ത്രി കെ മുരളീധരന്റെ വാദങ്ങൾ പൊളിഞ്ഞു. കേരളം അതീവ ഗ‍ൗരവത്തോടെ കാണുന്ന പ്രശ്നങ്ങൾ സഭയിൽ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ഇറങ്ങിപ്പോയി.


ലോകം വിസ്‌മയത്തോടെ നോക്കിയ കേരളത്തിന്റെ ജനകീയ ആരോഗ്യമേഖലയെ വെന്റിലേറ്ററിലാക്കിയതെങ്ങനെയെന്നത് വെളിപ്പെടുമെന്ന ആശങ്കയിൽ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്താനുള്ള ഭരണപക്ഷ ശ്രമം വിലപ്പോയില്ല.


മരുന്നുക്ഷാമം മുതൽ ആശുപത്രികളിലെ ചികിത്സാപിഴവും മരണങ്ങളും തെളിവുസഹിതം കെ വി സുമേഷ്‌ വിവരിച്ചു. മെഡിക്കൽ കോർപറേഷന്‌ നാഥനില്ല. നാലുമാസത്തിനിടെ മൂന്ന്‌ ഐഎഎസ്‌ ഉദ്യോഗസ്ഥരെ നിയമിച്ചെങ്കിലും ആരും ചുമതലയേറ്റില്ല. ഇൻചാർജ്‌ ഭരണമാണ്‌. ജീവൻരക്ഷാ മരുന്നുകൾ പോലുമില്ല. മന്ത്രി പറയുന്നതിന്‌ വിരുദ്ധമായി സെക്രട്ടറി പറയുന്നു.


യുഡിഎഫ്‌ സർക്കാരിന്റെ പിടിപ്പുകേടാണ്‌ ആരോഗ്യമേഖലയുടെ തകർച്ചയ്‌ക്ക്‌ കാരണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ പറഞ്ഞു. മരുന്നു ക്ഷാമം മുതൽ അന്താരാഷ്‌ട്ര കോർപറേറ്റുകളുടെ കടന്നുകയറ്റംവരെ അദ്ദേഹം വിശദീകരിച്ചു. ആരോഗ്യവകുപ്പിനെതിരെ യുഡിഎഫ്‌ പത്രത്തിൽവന്ന വാർത്തകളും വായിച്ചതോടെ ഭരണപക്ഷം നിശബ്‌ദമായി. അട്ടപ്പാടിയിൽ ചികിത്സ കിട്ടാതെ കുഞ്ഞുങ്ങളടക്കം മരിച്ചതും പരാമർശിച്ചു.


എന്നാൽ ആരോഗ്യമന്ത്രിക്ക് ഒന്നിനും വ്യക്തമായ ഉത്തരമില്ലായിരുന്നു. അബദ്ധങ്ങളുടെയും കള്ളങ്ങളുടെയും ഘോഷയാത്രയായി മറുപടി. പ്രതിപക്ഷത്തുനിന്ന്‌ കെ രാജൻ, പി കെ പ്രവീൺ എന്നിവരും സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home