print edition സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കൽ: നിയമവിരുദ്ധത ചോദ്യം ചെയ്ത് പ്രതിപക്ഷം

തിരുവനന്തപുരം: രാഷ്ട്രപതിയുടെ പരിഗണനയിലുള്ള സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കാൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നിയമസഭയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും നിയമവിരുദ്ധവുമാണെന്ന് പ്രതിപക്ഷം. സ്വകാര്യ സർവകലാശാല ബിൽ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോജി എം ജോൺ പ്രമേയം അവതരിപ്പിക്കുന്ന വേളയിൽ കെ എൻ ബാലഗോപാലാണ് ക്രമപ്രശ്നം ഉന്നയിച്ചത്. സഭ പാസാക്കിയ ബിൽ ഉദ്യോഗസ്ഥ ഉത്തരവിലൂടെ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച നടപടി റദ്ദാക്കണമെന്നും നിയമനിർമാണ വിഷയത്തിൽ ചട്ടം 118 ദുരുപയോഗം ചെയ്ത് പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2025 മാർച്ച് 25-ന് സഭ പാസാക്കി ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചതാണ് ബിൽ. ഇത് പുനഃപരിശോധിക്കണമെന്നോ പിൻവലിക്കണമെന്നോ രാഷ്ട്രപതി നിർദേശിച്ചിട്ടില്ല. അതിനാൽ സർക്കാരിന് ഏകപക്ഷീയമായി പിൻവലിക്കാൻ കഴിയില്ല. അതിന് സഭ അനുമതി നൽകണം. ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിച്ച് ബിൽ പിൻവലിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത് സഭയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. സഭ തീരുമാനിക്കേണ്ട കാര്യം മുൻകൂട്ടി തീരുമാനിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമില്ല. ഉത്തരവ് റദ്ദാക്കി ഉദ്യോഗസ്ഥനിൽ നിന്ന് വിശദീകരണം തേടണമെന്നും ബാലഗോപാൽ പറഞ്ഞു.
നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ ബിൽ സഭയുടെ പൊതുസ്വത്താണ്. അത് പിൻവലിക്കുമെന്ന് സർക്കാർ സെക്രട്ടറി ഉത്തരവ് ഇറക്കിയത് സഭയോടും സ്പീക്കറോടുമുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. നിയമനിർമാണ നടപടികൾക്കും ബിൽ പിൻവലിക്കുന്നതിനും റൂൾ ബുക്കിൽ ചട്ടം 94 ആണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. പൊതുപ്രാധാന്യമുള്ള വിഷയങ്ങൾക്കായി ഉപയോഗിക്കുന്ന ചട്ടം 118 ദുരുപയോഗം ചെയ്ത് ബിൽ പിൻവലിക്കാൻ കഴിയില്ല. ഉദ്യോഗസ്ഥന്മാർ വേലിചാടി അമിതമായി ഉത്തരവുകൾ ഇറക്കുകയാണ്. പുതിയ മന്ത്രിമാർ ഇക്കാര്യങ്ങൾ പഠിച്ച് ഉദ്യോഗസ്ഥരെ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ രാജൻ, പി പ്രസാദ് എന്നിവരും സർക്കാർ നടപടിയിൽ പ്രതിഷേധം അറിയിച്ചു. ചട്ടവിരുദ്ധമായ സർക്കാർ നടപടി സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിന് പ്രതിപക്ഷ അംഗങ്ങളെ സ്പീക്കർ പ്രത്യേകം അഭിനന്ദിച്ചു. വിവാദമായ മുൻ ഉത്തരവ് റദ്ദാക്കി സർക്കാർ പുതിയ ഭേദഗതി ഉത്തരവിറക്കിയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ സഭയെ അറിയിച്ചു. ഇതോടെ, തെറ്റായ മുൻ ഉത്തരവ് തിരുത്തിയ സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ ക്രമപ്രശ്നം തള്ളുകയാണെന്ന് സ്പീക്കർ റൂളിങ് നൽകി. ഒടുവിൽ പ്രതിപക്ഷത്തിന്റെ ഭേദഗതികൾ തള്ളി പ്രമേയം പാസാക്കി.
ചട്ടം മറന്ന് ഉത്തരവ്, തിരുത്തി തടിയൂരി
തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ലിൽ നിയമസഭയെയും സഭാ ചട്ടങ്ങളെയും പൂർണമായും നോക്കുകുത്തിയാക്കി സർക്കാർ ഉത്തരവ്. സെപ്തംബർ 17-ന് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകാണ് ഗുരുതര ചട്ടലംഘനം നടത്തി ഉത്തരവിറക്കിയത്. 2025 മാർച്ച് 25-ന് പതിനഞ്ചാം കേരളനിയമസഭ പാസാക്കി, ഏപ്രിൽ 21-ന് ഗവർണറുടെ പരിഗണനയ്ക്ക് സമർപ്പിച്ചതാണ് ബിൽ.
ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരം ഗവർണർ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. അടുത്ത നിയമസഭാസമ്മേളനത്തിൽ ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിച്ച് ബിൽ പിൻവലിക്കുമെന്നാണ് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ്. വിവാദമായതോടെ ഉത്തരവ് പിൻവലിച്ച് സർക്കാർ തടിയൂരി. സർക്കാരിന്റെ നിയന്ത്രണവും സംവരണ മാനദണ്ഡവും ഉറപ്പാക്കുന്നതാണ് നിലവിലെ ബിൽ. പുതിയതിൽ ഇവയൊക്കെ അട്ടിമറിക്കുമെന്നാണ് ആശങ്ക.









0 comments