ആർഎസ്എസിനെതിരെ മതനിരപേക്ഷ കേരളം ഉയർത്തുന്ന സമരത്തെ പ്രതിപക്ഷ നേതാവ് ഒറ്റുകൊടുക്കരുത്: എസ്എഫ്ഐ

തിരുവനന്തപുരം: മതനിരപേക്ഷ കേരളത്തിൽ ആർഎസ്എസിനെതിരെ നടത്തുന്ന സമരത്തെ ഒറ്റുകൊടുക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തയ്യാറാവരുതെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. കേരളത്തിലെ മതനിരപേക്ഷ വിദ്യഭ്യാസത്തെ സംരക്ഷിക്കാൻ ആർഎസ്എസിനെതിരെ എസ്എഫ്ഐ സന്ധിയില്ലാ പോരാട്ടം നടത്തുമെന്നും ശിവപ്രസാദ് പറഞ്ഞു.

'ആർഎസ്എസ് ചിത്രത്തിന് മുമ്പിൽ വിളക്ക് കൊളുത്തി ആ ആശയം തനിക്ക് കൂടി തരൂ എന്ന് പറഞ്ഞു നിന്ന വി ഡി സതീശൻ എസ്എഫ്ഐയെ വിളിച്ചത് ഗുണ്ടകൾ എന്നാണ്. വി ഡി സവർക്കറെ വർഗീയവാദിയെന്ന് വിളച്ച എസ്എഫ്ഐകാരന് വി ഡി സതീശന്‍ നല്‍കുന്ന പേര് ഗുണ്ടയെന്നാണെങ്കിൽ ഞങ്ങൾ ആ പേരിനെ അഭിമാനത്തോടെ സ്വീകരിക്കും. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഇതിന് മുമ്പ് എസ്എഫ്ഐയെ ഗുണ്ടകൾ എന്ന് വിളിച്ചത്. ആർഎഎസ്എസിനെതിരെ സമരം ചെയ്യുമ്പോൾ അവരുടെ കണ്ണിൽ എസ്എഫ്ഐ ഗുണ്ടകളായിരിക്കും.
ഞങ്ങളുടെ പോരാട്ടം ആർഎസ്എസിനെതിരാണ്. എന്തൊക്കെ വിളിച്ച് ആക്ഷേപിച്ചാലും ഒരിഞ്ച് പുറകോട്ട് പോകില്ല. മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി ആർഎസ്എസിന് പാദസേവ ചെയ്യുന്ന ആളായി വി ഡി സതീശൻ മാറരുത്. നിങ്ങൾ ഞങ്ങളെ വിമർശിച്ചോ, കുറ്റപ്പെടുത്തിക്കോ, ഒറ്റുപ്പെടുത്തിക്കോ, അതിക്ഷേപിച്ചോ പക്ഷേ ആർഎസ്എസിനെതിരെ നടത്തുന്ന സമരത്തെ ഒറ്റുകൊടുക്കരുത്'- ശിവപ്രസാദ് പറഞ്ഞു.










0 comments