ad
Deshabhimani

print edition യുഡിഎഫ്‌ കേരളത്തെ വിപരീതദിശയിലേക്ക്‌ നയിക്കുന്നു: പിണറായി

PINARAYI VIJAYAN

എ സി ഷണ്മുഖദാസ് പഠനകേന്ദ്രവും എന്‍സിപി (എസ്)ഉം ചേര്‍ന്ന് നല്‍കുന്ന എ സി ഷണ്മുഖദാസ് പുരസ്‌കാരം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കെ കൃഷ്ണൻകുട്ടിക്ക് സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Jun 29, 2026, 12:00 AM | 1 min read

കോഴിക്കോട്‌: കേരളം കൈവരിച്ച നേട്ടങ്ങളെ വിപരീതദിശയിലേക്ക്‌ കൊണ്ടുപോകാനാണ്‌ യുഡിഎഫ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. കഴിഞ്ഞ 10 വർഷത്തിനിടെ ഒരിക്കലും കേരളത്തിൽ നടത്താൻ പാടില്ലെന്ന്‌ നിശ്‌ചയിച്ചിരുന്ന കാര്യങ്ങളെല്ലാം നടപ്പാക്കുന്ന ദോഷകരമായ സാഹചര്യമാണ്‌ നാം നേരിടാൻ പോകുന്നതെന്നും പിണറായി പറഞ്ഞു. സി കെ ഗോവിന്ദൻ നായർ–എ സി ഷൺമുഖദാസ്‌ അനുസ്‌മരണവും പുരസ്‌കാര സമർപ്പണവും നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


വർഗീയത ആളിക്കത്തിച്ച്‌ ജനങ്ങളെ ഭിന്നിപ്പിക്കാനാണ്‌ സംഘപരിവാർ ശക്തികളും കേന്ദ്രസർക്കാരും ശ്രമിക്കുന്നത്‌. ഇതേ കുറിച്ചോ, കേന്ദ്രസർക്കാർ സംസ്ഥാനത്തെ ഏതെല്ലാം നിലയ്‌ക്ക്‌ ശ്വാസം മുട്ടിക്കുന്നു എന്നതിനെ കുറിച്ചോ ഒരക്ഷരം ബജറ്റ്‌ രേഖയിൽ പോലും കാണാൻ കഴിയാത്ത ദ‍ൗർഭാഗ്യകരമായ സാഹചര്യമാണ്‌.

ഒരുമാറ്റം വേണമെന്ന്‌ പൊതുവെ ചിന്തിച്ചതിന്റെ ഭാഗമായാണ്‌ യുഡിഎഫ്‌ അധികാരത്തിൽ വന്നത്‌. എന്നാൽ ആ സർക്കാർ കൊണ്ടുവരുന്ന മാറ്റം ഏതു രീതിയിലുള്ളതാണ്‌ എന്ന്‌ പരിശോധിക്കണം. സർക്കാരിന്റെ ധവളപത്രത്തിലോ നയപ്രസംഗത്തിലോ ബജറ്റ്‌ രേഖയിലോ അതിദാരിദ്ര്യം എന്നതിനെ പറ്റി ഒരു വാചകം പോലുമില്ല. ലൈഫ്‌ മിഷൻ ഉപേക്ഷിക്കപ്പെട്ടു. ഇത്തരം പദ്ധതികളൊന്നും ഇനി തുടരില്ല എന്ന വ്യക്തമായ സൂചനയും നൽകി. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി തുടങ്ങിയ നാടിന്റ സുപ്രധാനമായ മേഖലകൾ സ്വകാര്യവൽക്കരിക്കാൻ പോകുന്നുവെന്ന മുന്നറിയിപ്പും നൽകി.


കേന്ദ്ര സർക്കാർ പല പൊതുകാര്യങ്ങളിൽ നിന്നും പിന്നോട്ടുപോവുന്ന സാഹചര്യത്തിൽ കേരളം വേറിട്ടുനിന്നിരുന്നു. രാജ്യത്താകെ നവ ഉദാരവൽക്കരണ നയം നടപ്പാക്കുന്പോൾ അതിൽനിന്ന്‌ മാറിനിന്നുള്ള ബദൽ നയം നടപ്പാക്കാൻ എൽഡിഎഫിന്‌ കഴിഞ്ഞെന്നും പിണറായി പറഞ്ഞു.


എ സി ഷൺമുഖദാസ്‌ പഠനകേന്ദ്രവും എൻസിപി എസ്‌ ജില്ലാ കമ്മിറ്റിയും സംയുക്തമായി എ കെ ജി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ എ കെ ശശീന്ദ്രൻ അധ്യക്ഷനായി. ഷൺമുഖദാസ്‌ സ്‌മാരക പുരസ്‌കാരം സോഷ്യലിസ്‌റ്റ്‌ നേതാവ്‌ കെ കൃഷ്‌ണൻകുട്ടിക്ക്‌ പിണറായി വിജയൻ സമ്മാനിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി അനുസ്‌മരണ പ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്‌, തോമസ്‌ കെ തോമസ്‌, പി കെ രാജൻ എന്നിവർ സംസാരിച്ചു. മുക്കം മുഹമ്മദ്‌ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home