കേരളത്തിൽ ലഹരി ഉപയോഗത്തിന് തടയിടാൻ 'ഓപ്പറേഷന്‍ തൂഫാന്‍'; പദ്ധതി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരളത്തെ ലഹരിമുക്തമാക്കുന്നതിനായി സംസ്ഥാനവ്യാപകമായി നിലയിൽ കേരള പൊലീസിന്റെ 'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്' പദ്ധതിക്ക് തുടക്കമിട്ടു. തിരുവനന്തപുരം ഗവ. കോട്ടണ്‍ഹില്‍ ജിഎച്ച്എസ്എസില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു.
ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിന്റെ സംസ്ഥാന നോഡല്‍ ഓഫീസറായി ഇന്റലിജന്‍സ് ഐജി വിമലാദിത്യയെ നിയോഗിച്ചു. ലഹരി മാഫിയയുടെ വിവരങ്ങൾ നൽകുന്നവരുടെ പേരും മറ്റ് വിശദാംശങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. വിദ്യാര്‍ഥികളെ ലഹരിവിരുദ്ധ പോരാളികളാക്കുന്ന 'തൂഫാന്‍ വാരിയേഴ്സി'ന്റെ ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്തു. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സഹകരണത്തോടെ പാഠ്യപദ്ധതിയുമായി ബന്ധിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീൻ 'തൂഫാൻ വാരിയേഴ്സി'ന്റെ ലോഗോയും ഫ്ലാഗും സ്വീകരിച്ച് ബാഡ്ജ് കൈമാറി. ലഹരി ഉപയോഗത്തിൽ നിന്ന് മോചനം തേടുന്നവർക്കായി ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന 'തൂഫാന്‍ കെയര്‍' പദ്ധതിയുടെ ലോഗോ ഗതാഗത മന്ത്രി സി പി ജോണ്‍ സ്വീകരിച്ചു. മെഡിക്കൽ കോളേജുകൾ മുതൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വരെ കൗൺസിലർമാരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പുനരധിവാസ ചികിത്സാ സൗകര്യങ്ങൾ 'തൂഫാൻ കെയർ' വഴി ഒരുക്കും.
ലഹരി വിതരണ ശൃംഖല തകർക്കാൻ പൊലീസും എക്സൈസും സംയുക്തമായി നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ദൗത്യമായ 'തൂഫാന്‍ സ്ട്രൈക്കി'ന്റെ ലോഗോ എക്സൈസ് മന്ത്രി എം ലിജു സ്വീകരിച്ചു. എക്സൈസിന്റെ 'ഓപ്പറേഷൻ തണ്ടറുമായി' സമന്വയിപ്പിച്ചു പ്രവർത്തിക്കുന്ന തൂഫാൻ സ്ട്രൈക്കിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഡീഅഡിക്ഷൻ സെന്ററുകൾ കാര്യക്ഷമമാക്കുമെന്ന് എക്സൈസ് മന്ത്രി അറിയിച്ചു.
ലഹരി ഉപയോഗിക്കുന്ന അവസാന കണ്ണികളെ മാത്രമല്ല, മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനികളായ 'കിങ് പിൻ' ക്രിമിനലുകളെയാണ് ഓപ്പറേഷൻ തൂഫാൻ ലക്ഷ്യമിടേണ്ടതെന്ന് ഡോ. ശശി തരൂർ എം പി ആശംസ പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ഡിജിപി റവാഡ ആസാദ് ചന്ദ്രശേഖർ, എഡിജിപി എച്ച് വെങ്കിടേഷ് എന്നിവരും പങ്കെടുത്തു സംസാരിച്ചു.










0 comments