ഓപ്പറേഷൻ സെക്വർ ലാൻഡ്; സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന 72 സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ സെക്വർ ലാൻഡ് എന്ന പേരിലാണ് ഓഫീസുകളിൽ വിജിലൻസ് പരിശോധനയുമായെത്തിയത്. ആധാരം രജിസ്റ്റർ ചെയ്യുന്നതിനും, മറ്റ് വിവിധ സേവനങ്ങൾക്കും ആധാരമെഴുത്തുകാർ മുഖേനയും നേരിട്ടും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈകുന്നേരം നാല് മുതലാണ് പരിശോധന ആരംഭിച്ചത്.
വസ്തു രജിസ്ട്രേഷനായി സമീപിക്കുന്ന പൊതുജനങ്ങളിൽ നിന്നും എഴുത്തുകൂലിക്ക് പുറമേ കൂടുതൽ പണം ആധാരമെഴുത്തുകാർ വാങ്ങി സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് വീതം വച്ച് കൈക്കൂലിയായി നൽകുന്നതായും, ഫെയർവാല്യു നിശ്ചയിച്ചിട്ടില്ലാത്ത വസ്തുക്കളുടെ രജിസ്ട്രേഷൻ നടത്തുമ്പോൾ വിൽപ്പന വില കുറച്ച് കാണിച്ച് ആധാരം രജിസ്ട്രേഷൻ നടത്തുന്നതായും, കൈക്കൂലി കൈപ്പറ്റി ഉദ്യോഗസ്ഥർ ഈ ക്രമക്കേടിന് കൂട്ടു നിൽക്കുന്നതായുമാണ് വിജിലൻസിന് വിവരം ലഭിച്ചത്.
വസ്തു നിലനിൽക്കുന്ന റവന്യു ജില്ലയിൽപ്പെട്ട ഏതൊരു രജിസ്ട്രാർ ഓഫീസിലും രജിസ്ട്രേഷൻ ചെയ്യാമെന്നുള്ള പദ്ധതി മുതലെടുത്ത് അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായും, ഈ പദ്ധതിയുടെ മറവിൽ ഫ്ലാറ്റുകളുടെയും മറ്റും വില കുറച്ച് കാണിച്ച് അഴിമതിക്കാരായ സബ് രജിസ്ട്രാർമാർ ചുമതല വഹിക്കുന്ന ഓഫീസുകൾ മുഖേന രജിസ്ട്രേഷൻ നടത്തി രജിസ്ട്രേഷൻ ഫീസ് ഇനത്തിലും, സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും വെട്ടിപ്പ് നടക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് അഭ്യർത്ഥിച്ചു.









0 comments