ad
Deshabhimani

‘ഓപ്പറേഷൻ നുംഖോർ’: നടൻ ദുൽഖർ സൽമാന്റെ ഒരു ലക്ഷ്വറി വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

Dulquer Salmaan
വെബ് ഡെസ്ക്

Published on May 15, 2026, 07:32 PM | 2 min read

കൊച്ചി: വിദേശ ആഡംബര വാഹനങ്ങൾ നികുതി വെട്ടിച്ച് കടത്തിയതുമായി ബന്ധപ്പെട്ട 'ഓപ്പറേഷൻ നുംഖോർ' അന്വേഷണത്തിൽ നടൻ ദുൽഖർ സൽമാന് വീണ്ടും കനത്ത തിരിച്ചടി. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള ഒരു ആഡംബര വാഹനം കൂടി കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു.


കൊച്ചി കളമശ്ശേരിയിലെ പ്രമുഖ ഷോറൂമിൽ നിന്നാണ് 'നിസ്സാൻ പട്രോൾ' (Nissan Patrol) എന്ന ലക്ഷ്വറി എസ്‌യുവി കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ദുൽഖർ സൽമാൻ നായകനായ 'ലക്കി ഭാസ്കർ' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ചിരുന്ന വാഹനമാണിത്.


ഇതോടെ കേസിൽ ദുൽഖറിന്റെ ഭാഗത്തുനിന്ന് കസ്റ്റംസ് പിടിച്ചെടുക്കുന്ന ആകെ വാഹനങ്ങളുടെ എണ്ണം നാലായി. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി ദുൽഖറിന്റെ മൂന്ന് ആഡംബര വാഹനങ്ങൾ കസ്റ്റംസ് നേരത്തെ പിടിച്ചെടുത്തിരുന്നു. എന്നാൽ നടന്റെ പക്കൽ ഇനിയും ഒരു വാഹനം കൂടിയുണ്ടെന്നും അത് കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് സംഘം വ്യക്തമാക്കിയിരുന്നു.


കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഈ നിസ്സാൻ പട്രോൾ വാഹനം എവിടെയാണെന്ന് കണ്ടെത്താനുള്ള തീവ്ര അന്വേഷണത്തിലായിരുന്നു കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം. ഒടുവിൽ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരിയിലെ ഷോറൂമിൽ റെയ്ഡ് നടത്തി വാഹനം പിടിച്ചെടുക്കുകയായിരുന്നു.


ഭൂട്ടാൻ അതിർത്തി വഴി ഇന്ത്യയിലേക്ക് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ കടത്തുന്ന വൻ മാഫിയയെ കേന്ദ്രീകരിച്ചാണ് കസ്റ്റംസ് 'ഓപ്പറേഷൻ നുംഖോർ' അന്വേഷണം നടത്തുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ തുടർച്ചയായ റെയ്ഡുകളിലാണ് ദുൽഖറിന്റെ കോടികൾ വിലമതിക്കുന്ന ലാൻഡ് റോവർ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ ഉൾപ്പെടെയുള്ള മൂന്ന് വാഹനങ്ങൾ കസ്റ്റംസ് മുൻപ് കസ്റ്റഡിയിലെടുത്തത്.


വാഹനങ്ങൾ പിടിച്ചെടുത്തതിന് പിന്നാലെ തന്റെ ഡിഫൻഡർ വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ ദുൽഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും, വാഹനം വിട്ടുനൽകുന്നത് പരിഗണിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.


കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 എ പ്രകാരം അന്വേഷണ പരിധിയിലുള്ള വാഹനങ്ങൾ നിബന്ധനകളോടെ ഉടമകൾക്ക് വിട്ടുനൽകാൻ വ്യവസ്ഥയുണ്ടെന്നും, അത് നൽകുന്നില്ലെങ്കിൽ കൃത്യമായ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിയമപോരാട്ടം തുടരുന്നതിനിടയിലാണ് കസ്റ്റംസ് പുതിയ വാഹനം കൂടി പിടിച്ചെടുത്ത് നടന് മേൽ കൂടുതൽ സമ്മർദ്ദം ശക്തമാക്കിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home