ad
Deshabhimani

print edition വികസനത്തിന്‌ 
ഫണ്ടില്ല

kalamassery
വെബ് ഡെസ്ക്

Published on Jul 02, 2026, 12:22 AM | 1 min read

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ നിയമസഭയിൽ പ്രതിഷേധം. ബജറ്റിൽ തുക വെട്ടിക്കുറച്ചതോടെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം അവതാളത്തിലായതായി അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നൽകിയ പ്രതിപക്ഷം കണക്കുകൾ നിരത്തി വ്യക്തമാക്കി. ഗ‍ൗരവമുള്ള വിഷയം സഭ നിർത്തിവച്ച്‌ ചർച്ചചെയ്യാൻ ഭരണപക്ഷം തയ്യാറാകാതിരുന്നതോടെ പ്രതിപക്ഷം സഭയിൽനിന്ന്‌ ഇറങ്ങിപോയി.


തദ്ദേശഭരണ സ്ഥാപനങ്ങളെ സർക്കാർ കഴുത്തുഞെരിച്ച്‌ കൊല്ലുന്നതായി പ്രമേയത്തിന്‌ അനുമതി തേടി സംസാരിച്ച ജി ആർ അനിൽ ചൂണ്ടിക്കാട്ടി. പല നഗരസഭകൾക്കും പദ്ധതി വിഹിതത്തിൽ കോടികൾ കുറവുണ്ടെന്ന്‌ തദ്ദേശമന്ത്രിയുടെതന്നെ ജില്ലയിലെ കണക്കുകൾ നിരത്തി അദ്ദേഹം വ്യക്തമാക്കി.


ക്ഷേമപ്രവർത്തനങ്ങൾ അവതാളത്തിലാണ്‌. കഴിഞ്ഞഗഡു നൽകാൻ ബജറ്റിൽ ഒരു രൂപയും വച്ചില്ല. ഇത്തരം നിലപാട്‌ തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന്‌ ജി ആർ അനിൽ പറഞ്ഞു.


ധനവകുപ്പ്‌കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി ഡി സതീശൻ തെറ്റായ കണക്കുകൾ നിരത്തി മറുപടി പറഞ്ഞു. സ്പിൽ ഓവർ കൊടുക്കാത്തതിന്‌ കാരണം എൽഡിഎഫ്‌ സർക്കാരാണെന്നാണ്‌ അദ്ദേഹത്തിന്റെ കണ്ടെത്തൽ.


സ്പിൽ ഓവർ നൽകാൻ 2150 കോടി നിങ്ങൾ കഴിഞ്ഞ ബജറ്റിൽ വച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്ന വികസന ഫണ്ട് മൊത്തം പ്ലാൻ ഫണ്ടിന്റെ 28.5 ശതമാനാണ്. ഇതുകൊണ്ടാണ് മുമ്പ് 10189 കോടി രൂപ വകയിരുത്തിയത് 8655.45 കോടിയായി കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.


അടിയന്തര പ്രമേയാവതരണത്തിന്‌ സ്‌പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന്‌ സംസാരിച്ച പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ, സർക്കാർ നടപടിയിൽ ശക്തമായി പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോകുന്നതായി പ്രഖ്യാപിച്ചു. എൻ രാജൻ, പ്രവീൺകുമാർ എന്നിവരും സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home