ഓപ്പറേഷൻ ലൈഫ്: പിടികൂടിയത് 16,565 ലിറ്റർ വെളിച്ചെണ്ണ

coconut oil seized
വെബ് ഡെസ്ക്

Published on Aug 12, 2025, 08:07 PM | 1 min read

തിരുവനന്തപുരം: ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നൽ പരിശോധനകൾ നടത്തി. ഏഴു ജില്ലകളിൽ നിന്നായി 16,565 ലിറ്റർ സംശയാസ്പദമായ വെളിച്ചെണ്ണയാണ് പിടികൂടിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വെളിച്ചെണ്ണയുടെ വില വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗുണനിലവാരം സംബന്ധിച്ച പരാതികൾ വകുപ്പിന് ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ പരിശോധനകൾ നടത്തിയത്. പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.


വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമീഷണർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്. ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത് കൊല്ലം ജില്ലയിൽ നിന്നാണ്. കൊല്ലത്ത് വ്യാജ എഫ്എസ്എസ്എഐ നമ്പരിലും വ്യാജ വിലാസത്തിലും പായ്ക്ക് ചെയ്ത് വിൽപ്പനയ്ക്കായി തയ്യാറാക്കിയ 5800 ലിറ്റർ കേര സൂര്യ, കേര ഹരിതം ബ്രാൻഡ് വെളിച്ചെണ്ണ ഉൾപ്പെടെ 9337 ലിറ്റർ വെളിച്ചെണ്ണ പിടിച്ചെടുത്തിട്ടുണ്ട്. മണ്ണാറശാല പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും നിലവാരമില്ലാത്ത 2480 ലിറ്റർ ഹരി ഗീതം വെളിച്ചെണ്ണ ഉൾപ്പെടെ ആലപ്പുഴ ജില്ലയിൽ നിന്നും ആകെ 6530 ലിറ്റർ വ്യാജ വെളിച്ചെണ്ണയും പിടിച്ചെടുത്തു.


11 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 20 സർവൈലൻസ് സാമ്പിളുകളും ശേഖരിച്ചു. ശക്തമായ തുടർനടപടികൾ സ്വീകരിക്കുന്നതാണ്. ഭക്ഷണ വസ്തുക്കളിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. പൊതുജനങ്ങൾക്ക് വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ ടോൾഫ്രീ നമ്പരായ 1800 425 1125 ലേക്ക് അറിയിക്കാം.







deshabhimani section

Related News

View More
0 comments
Sort by

Home