ഓപ്പറേഷൻ എർത്ത് ഗാർഡ്: മണ്ണ് ഖനനത്തിൽ വ്യാപക ക്രമക്കേട്, 4,69,800 രൂപയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ കണ്ടെത്തി

'ഓപ്പറേഷൻ എർത്ത് ഗാർഡ്' മിന്നൽ പരിശോധനയിൽ നിന്നും
തിരുവനന്തപുരം: സംസ്ഥാനത്തെ മണ്ണ് ഖനന മേഖലയിലെ അഴിമതി തടയാൻ വിജിലൻസ് നടത്തിയ 'ഓപ്പറേഷൻ എർത്ത് ഗാർഡ്' മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ മുതലാണ് മിന്നൽ പരിശോധന ആരംഭിച്ചത്.
സംസ്ഥാനത്തെ 14 ജില്ലാ മൈനിംഗ് ആൻഡഡ് ജിയോളജി ഓഫീസുകളിലും തദ്ദേശ സ്ഥാപനങ്ങളിലുമായി നടന്ന പരിശോധനയിൽ 4,69,800 രൂപയാണ് ഡിജിറ്റൽ ഇടപാടുകളിലൂടെ മാത്രം 14 ഉദ്യോഗസ്ഥർ കൈപ്പറ്റിയതെന്ന് കണ്ടെത്തി. കെട്ടിട നിർമ്മാണത്തിനെന്ന പേരിൽ കുന്നുകൾ ഇടിച്ച് മണ്ണ് കടത്തുന്നതാണ് പ്രധാന രീതി. അനുവദിച്ചതിലും കൂടുതൽ മണ്ണെടുക്കുക, വീട് വയ്ക്കാതെ ഭൂമി പ്ലോട്ടുകളാക്കി വിൽക്കുക തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ജില്ല തിരിച്ചുള്ള അഴിമതി വിവരങ്ങൾ
തിരുവനന്തപുരം ജില്ലയിലെ ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിലെ ഒരു സീനിയർ ക്ലർക്ക് മണ്ണ് ഇടപാടുമായി ബന്ധപ്പെട്ട് 34,600 രൂപയും ഒരു ടെക്നിക്കൽ അസിസ്റ്റന്റ് 2,800 രൂപയും യു പി ഐ മുഖേന വാങ്ങിയതായി കണ്ടെത്തി.
കൊല്ലം ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിലെ മിനറൽ റവന്യു ഇൻസ്പെക്ടർ 1,09,400 രൂപയും ഒരു ഓഫീസ് അറ്റൻഡന്റ് 12,500 രൂപയും കൈക്കൂലിയായി വാങ്ങി.
പത്തനംതിട്ട ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ 22,000 രൂപയും മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിലെ ഒരു സീനിയർ ക്ലർക്ക് 7,000 രൂപയും ഗൂഗിൾ പേ മുഖാന്തിരം കൈപ്പറ്റി.
ആലപ്പുഴ ജില്ലയിൽ മൈനിംഗ് ആന്‍ഡ് ജിയോളജി ഓഫീസിലെ ഡിപ്പാർട്ട്മെന്റ് ഡ്രൈവർ 33,000 രൂപ യു.പി.ഐ മുഖേന അക്കൗണ്ടിലൂടെ വാങ്ങി.
എറണാകുളം ജില്ലയിലെ നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി 19,500 രൂപയും സീനിയർ ക്ലർക്ക് 43,000 രൂപയും ഗൂഗിൾ പേ വഴി കൈപ്പറ്റി.
പാലക്കാട് ജില്ലാ മൈനിംഗ് ആന്‍ഡ് ജിയോളജി ഓഫീസിലെ ജിയോളജിസ്റ്റ് ഇടനിലക്കാരിൽ നിന്നും ഗൂഗിൾ പേ മുഖാന്തിരം 1,55,500 രൂപ കൈപ്പറ്റിയതായി വിജിലൻസ് കണ്ടെത്തി.
കോഴിക്കോട് ജില്ലാ ജിയോളജി ഓഫീസിലെ സീനിയർ ക്ലർക്ക് 2,500 രൂപയും, വയനാട് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ ഒരു ഓവർസീയർ 8,000 രൂപയും മീനങ്ങാടി പഞ്ചായത്തിലെ ഡ്രൈവർ 15,000 രൂപയും കൈപ്പറ്റി.
കണ്ണൂർ ഇരിട്ടി മുനിസിപ്പാലിറ്റി ഓഫീസിലെ സീനിയർ ക്ലർക്ക് 5,000 രൂപ യുപിഐ മുഖേന വാങ്ങിയതായി കണ്ടെത്തുകയും, 4 സ്ഥലങ്ങളിൽ അനുമതിയില്ലാതെ കുന്നുകൾ ഇടിക്കുന്നത് പരിശോധനയിൽ വ്യക്തമാവുകയും ചെയ്തു.
ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന ഇത്തരം നിയമലംഘനങ്ങൾ മൂലം സർക്കാരിന് റോയൽറ്റി ഇനത്തിലും പിഴ ഇനത്തിലും ലഭിക്കേണ്ട വലിയ തുകകൾ നഷ്ടമാകുന്ന സാഹചര്യമാണ്. അനധികൃതമായി മണ്ണ് നീക്കിയ വസ്തു ഉടമകളിൽ നിന്നും റോയൽറ്റിയുടെ അഞ്ചിരട്ടി തുക പിഴയായി ഈടാക്കാൻ വിജിലൻസ് നിർദ്ദേശം നൽകി.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കും മണ്ണ് മാഫിയയ്ക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറുകളായ 1064, 8592900900 ലോ വാട്സ്ആപ്പ് നമ്പറായ 9447789100 എന്നിവയിലോ അറിയിക്കാം.










0 comments