print edition ഓപ്പറേഷൻ ഡി ഹണ്ട്: ഒറ്റ വർഷം; വലയിൽ 38,379 ലഹരിക്കടത്തുകാർ

എസ് കിരൺബാബു
Published on Apr 13, 2026, 12:01 AM | 1 min read
തിരുവനന്തപുരം : മാനവരാശിക്ക് ഭീഷണിയായ ലഹരിക്കെതിരെ യുദ്ധം നയിച്ച് കേരളം മുന്നേറുന്നു. മയക്കുമരുന്ന് കടത്തുകാരെ പിടികൂടാൻ കേരള പൊലീസ് ആരംഭിച്ച ഓപ്പറേഷൻ ഡി ഹണ്ടിൽ ഒരു വർഷത്തിനിടെ പിടിയിലായത് 38379 പേർ. 35809 കേസ് രജിസ്റ്റർ ചെയ്തു. 38 കിലോ എംഡിഎംഎയും 4513 കിലോ കഞ്ചാവും 25065 കഞ്ചാവ് ബീഡികളും പിടികൂടി.
2025 ഫെബ്രുവരി 22നാണ് ഓപ്പറേഷൻ ഡി ഹണ്ട് ആരംഭിച്ചത്. പരിശോധന ശക്തമായതോടെ ലഹരിയുടെ ഒഴുക്ക് ഗണ്യമായി കുറയ്ക്കാനായി. പരിശോധന തുടങ്ങുമ്പോൾ ദിവസം 200 മുതൽ 500 വരെ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ ഇന്ന് ഇത് 10ൽ താഴെയാക്കി കുറയ്ക്കാനായി. എംഡിഎംഎയുടെ കടത്തും കുറഞ്ഞു. നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാന തലത്തിൽ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും എൻഡിപിഎസ് കോർഡിനേഷൻ സെല്ലും റേഞ്ച് അടിസ്ഥാനത്തിൽ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമെ മയക്കുമരുന്ന് മാഫിയയുടെ കണ്ണിയറുക്കാൻ എക്-സൈസ്, പൊലീസ്, റവന്യു, ആരോഗ്യം, വിദ്യാഭ്യാസം, വനം, മോട്ടോർ വാഹനം, ഭക്ഷസുരക്ഷാ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധനയും നടത്തുന്നുണ്ട്.
തദ്ദേശ വകുപ്പിന്റെ സഹായത്തോടെ ബോധവൽകരണവും ശക്തമാക്കി. ചെക്ക്പോസ്‌റ്റ്, അന്തർ സംസ്ഥാന ബസ്, റെയിൽവേ സ്‌റ്റേഷൻ, അതിഥിത്തൊഴിലാളി ക്യാമ്പ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ലഹരിക്കച്ചവടക്കാരെ പിടികൂടാനും സ്ഥിരംകുറ്റവാളികളെ കണ്ടെത്തുന്നതിനും പൊലീസിന്റെയും എക്‌സൈസിന്റെയും ഡേറ്റ ബേസുകൾ പങ്കുവച്ചുള്ള ഓപ്പറേഷനാണ് ഇപ്പോൾ നടക്കുന്നത്. സ്ഥിരം കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതും കാപ്പ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികളും കർശനമാക്കി. ലഹരി വരുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും പൊലീസിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ നടത്തി പ്രതികളെ പിടികൂടിയിരുന്നു.
പൊതുജനങ്ങൾക്ക് പരാതി നൽകാം
പൊതുജനങ്ങൾക്ക് മയക്കുമരുന്ന് സംബന്ധിച്ച വിവരവും പരാതികളും ആന്റി നർക്കോട്ടിക് കൺട്രോൾ റൂമിൽ നേരിട്ടോ 9497927797 എന്ന നമ്പറിലോ വിളിച്ച് അറിയിക്കാം. വ്യക്തിവിവരം രഹസ്യമായി സൂക്ഷിക്കും. പോലീസ് സ്വീകരിച്ച നടപടികൾ വിവരം നൽകിയ വ്യക്തിയെ അറിയിക്കും.









0 comments