‘ഡൽഹിയിൽ പോകുന്നതുപോലെ എളുപ്പമല്ല കാനനപാത തുറക്കൽ’; കുഴൽനാടന് ഹെെക്കോടതിയുടെ വിമർശം

കൊച്ചി: ശബരിമല കാനനപാത നവംബർ 15ന് തുറന്നുനൽകണമെന്ന ഹർജിയിൽ വക്കാലത്തുമായി എത്തിയ മാത്യു കുഴൽനാടൻ എംഎൽഎയെ വിമർശിച്ച് ഹെെക്കോടതി. കാനനപാത തുറക്കുകയെന്നത് ഡൽഹിയിൽ പോകുന്നതുപോലെ എളുപ്പമല്ലെന്ന് കോടതി പറഞ്ഞു. ഹർജിക്കാരൻ ദർശനത്തിന് എത്തുന്നതിനുമുമ്പേ കാനനപാത തുറക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
മാത്യു കുഴൽനാടനെപ്പോലൊരാൾ വാദിക്കാൻ വരുന്പോൾ വിഷയത്തിന്റെ എല്ലാ വശങ്ങളും പഠിച്ചിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുകയെന്ന് ദേവസ്വംബെഞ്ച് വിമർശിച്ചു. കാലാവസ്ഥ, കാട്ടിലെ മൃഗങ്ങളുടെ ആവാസവ്യവസ്ഥ, മറ്റ് സാഹചര്യങ്ങൾ എല്ലാം കാനനപാത തുറക്കുന്നതിൽ പരിഗണിക്കേണ്ടതുണ്ട്. പാത തുറക്കുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി. 17ന് മാത്രമേ പാത തുറക്കൂവെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
മണ്ഡല–-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്രം തുറക്കുന്നതിന് മുന്നോടിയായി എരുമേലി–-ശബരിമല പരമ്പരാഗത കാനനപാത തുറന്നുകൊടുക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് വി ശ്യാംമോഹനാണ് കുഴൽനാടൻ മുഖേന ഹർജി നൽകിയിരുന്നത്. ദർശനത്തിനായി നവംബർ 17ന് ബുക്ക് ചെയ്ത ഹർജിക്കാൻ 15ന് വരുമ്പോൾത്തന്നെ കാനനപാത തുറന്നുനൽകണമെന്നായിരുന്നു ആവശ്യം. കാനനപാതയിലൂടെ സന്നിധാനത്ത് എത്താൻ രണ്ടുദിവസം വേണമെന്നും അതിനാൽ നേരത്തേ തുറക്കണമെന്നുമായിരുന്നു ആവശ്യം.








0 comments