ad
Deshabhimani

നാടകമേ ഉലകം! കോൺഗ്രസിലെ ഞങ്ങളും നിങ്ങളും ഗ്രൂപ്പ് പോരും

Congress
വെബ് ഡെസ്ക്

Published on Mar 21, 2026, 07:45 PM | 4 min read

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഉമ്മൻചാണ്ടിയുടെ ആത്മകഥയിലെ വെളിപ്പെടുത്തലുകൾ വീണ്ടും ചർച്ചയാവുകയാണ്. കോൺഗ്രസിലെ ആഭ്യന്തര കലഹങ്ങളും ചതിയുടെ കഥകളും വിവരിക്കുന്ന ഉമ്മൻചാണ്ടിയുടെ 'കാലം സാക്ഷി' എന്ന ആത്മകഥയിൽ ഭാ​ഗമാണ് സമൂഹമാധ്യമങ്ങൾ ഇപ്പൊ പങ്കുവെക്കുന്നത്.


കേരള രാഷ്ട്രീയത്തിലെ ഏറ്റവും കലുഷിതമായ തെരഞ്ഞെടുപ്പുകൾ നിയമസഭയിലോ ലോകസഭയിലെ തദ്ദേശസ്ഥാപനങ്ങളിലേക്കോ നടന്നതല്ല. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിനിടെ നടന്ന സംഘടനാ തെരഞ്ഞെടുപ്പുകളാണ്. 1992ലെ സംഘടനാ തെരഞ്ഞെടുപ്പും തുടർന്നുണ്ടായ കൈയാങ്കളികളും കോൺഗ്രസിനുള്ളിലെ അവിശുദ്ധ രാഷ്ട്രീയത്തിന്റെ മുഖം തുറന്നുകാട്ടുന്നതാണ്. പാർട്ടിക്കുള്ളിൽ 'ഞങ്ങൾ' (സ്വന്തം ഗ്രൂപ്പ്), 'അവർ' (എതിർ ഗ്രൂപ്പ്) എന്നിങ്ങനെ വേർതിരിവുണ്ടെന്ന് തുറന്നു പറഞ്ഞുകൊണ്ട് കോൺ​ഗ്രസിനുള്ളിൽ രണ്ടുപക്ഷമുണ്ടെന്ന് തുറന്നടിക്കുന്നുണ്ട് ഉമ്മൻചാണ്ടി.


സംസ്ഥാനത്തെ പൊതു തെരഞ്ഞെടുപ്പിനെപ്പോലും വെല്ലുന്ന രീതിയിലായിരുന്നു 1992ലെ കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നടന്നത്. കണ്ണൂരിലും കൊല്ലത്തും പത്തനംതിട്ടയിലും നടന്ന അക്രമങ്ങൾ, വോട്ടർ പട്ടിക കത്തിക്കൽ, ഡിസിസി ഓഫീസുകൾ തകർക്കൽ എന്നിവ അന്നും ഇന്നും കോൺ​ഗ്രസിനുള്ളിലെ സാധാരണ കാഴ്ചകളാണ്.


പൊലീസ് ഇടപെട്ട് എന്നു പരാതി ഉയർന്നതിനാൽ കണ്ണൂരിൽ തെരഞ്ഞെടുപ്പ് നടന്നില്ല. കൊല്ലത്തും സംഘർഷങ്ങളുണ്ടായി. ഡിസിസി വൈസ് പ്രസിഡൻ്റ് വി സത്യശീലൻ്റെ വീട് കോൺ​ഗ്രസ് പ്രവർത്തകർ തന്നെ ആക്രമിച്ചു. പത്തനംതിട്ടയിൽ നടന്നത് അതിലും വലിയ അതിക്രമങ്ങളായിരുന്നു. ബൂത്ത് തലത്തിൽ ജയിച്ചവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് വന്ന കോൺ​ഗ്രസ് പ്രവർത്തകർ വോട്ടർ പട്ടിക കത്തിച്ചു. പ്രസിഡൻ്റിൻ്റെ ഓഫീസ് തകർത്തു. ജില്ലാ റിട്ടേണിംഗ് ഓഫീസർ രവി അരുൺ ഓടി രക്ഷപ്പെട്ടു.


കോട്ടയം ജില്ലയിൽ വരണാധികാരിയായിരുന്ന ഫിലമൺ ദാസിൻ്റെ ഹോട്ടൽ മുറിയിൽ സ്പെഷൽ ബ്രാഞ്ച് സി ഐ വന്ന് വോട്ടർ പട്ടിക ചോദിച്ചു. തിരുവനന്തപുരം ജില്ലയിലെ വോട്ടർ പട്ടിക തർക്കം തീർക്കാൻ ജില്ലാ റിട്ടേണിംഗ് ഓഫീസർ രാജയ്യയുടെ സാന്നിധ്യത്തിൽ ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ച അലങ്കോലമായപ്പോൾ രേഖകളുമായി രാജയ്യ സ്ഥലംവിട്ടു. ക്ഷുഭിതരായ പ്രവർത്തകർ കോൺഗ്രസ് നേതാവ് പ്രഭാറാവുവിൻ്റെ മുറി ആക്രമിക്കാൻ ശ്രമിച്ചു. എ കെ ആന്റണിയും ഉമ്മൻചാണ്ടിയും ഇടപെട്ട് സിറ്റി പൊലീസ് കമീഷണർ എത്തിയാണ് അക്രമം അവസാനിപ്പിച്ചത്. ഈ സംഭവത്തെ വലിയ നാണക്കേടായാണ് ഉമ്മൻചാണ്ടി കുറിച്ചത്. 1992ലെ കോൺ​ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനെ പരിസാഹ സ്വരത്തിലാണ് വിവരിച്ചിരിക്കുന്നത്.


തെരുവിലും പാർട്ടി ഓഫീസുകളിലും ആക്രമങ്ങളോടെ നടന്ന താഴേതട്ടിലെ തെരഞ്ഞെടുപ്പുകൾക്കൊടുവിൽ എ കെ ആൻ്റണിയും കരുണാകരൻ ഗ്രൂപ്പിലെ വയലാർ രവിയും തമ്മിലുള്ള പിസിസി പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചും ഉമ്മൻചാണ്ടി ആത്മകഥയായ 'കാലം സാക്ഷി'യിൽ കുറിച്ചിട്ടുണ്ട്. കരുണാകരന്റെ അടുത്തിരിക്കാൻ വിസമ്മതിച്ച് 'ഇനിയും നാടകം കളിക്കണോ? എനിക്കിനി വയ്യ' എന്നായിരുന്നു ആന്റണി നൽകിയ മറുപടി. എല്ലാക്കാലവും ചർച്ചയായിരുന്ന കോൺ​ഗ്രസിനുള്ളിലെ ആന്റണി - കരുണാകരൻ ​ഗ്രൂപ്പ് പോരിനെ കൃത്യമായി വ്യക്തമാക്കുന്നുണ്ട് ഈ ഭാ​ഗത്തിൽ.


ഈ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കേരളം ഭരിക്കുന്നതും പൊലീസിനെ നയിക്കുന്നതും മുഖ്യമന്ത്രി കരുണാകരനാണ്. എന്നാൽ സംസ്ഥാനത്തുടനീളം പൊലീസിനെ ഉപയോഗിച്ചു തെരഞ്ഞെടുപ്പു ഫലങ്ങൾ കരുണാകരൻ അട്ടിമറിച്ച കഥ ഞെട്ടിക്കുന്നതാണ്. അതായത് തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണെന്ന ബോധം അന്നും ഇന്നും കോൺ​ഗ്രസുകാർക്കില്ലെന്ന് വ്യക്തം.


ഐജി ടി വി മധുസൂദനന്റെ നേതൃത്വത്തിൽ ഒരു വിഭാഗത്തെ ജയിപ്പിക്കാൻ പോലീസ് സെൽ പ്രവർത്തിച്ചുവെന്ന് ആര്യാടൻ മുഹമ്മദ് അന്ന് തുറന്നടിച്ചു. വെറും 18 വോട്ടുകൾക്ക് എ.കെ. ആന്റണി പിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തോറ്റതും, കരുണാകരൻ വിഭാഗം തോറ്റവരെ ഉൾപ്പെടുത്തി സമവായത്തിന് മുതിരാതിരുന്നതും പാർട്ടിയെ പിളർപ്പിന്റെ വക്കിലെത്തിച്ചുവെന്നും ഉമ്മൻചാണ്ടി കുറിച്ചിട്ടുണ്ട്.


കോൺ​ഗ്രസിനെ പരിസഹിക്കാൻ എല്ലാക്കാലത്തും ഉപയോ​ഗിക്കുന്ന ഒരു പദമാണ് 'ശൈലീമാറ്റം'. അന്നതെ സംഘടനാ തെരഞ്ഞെടുപ്പിനിടെ 19 എംഎൽഎമാർ കരുണാകരനെതിരെ യോ​ഗം ചേർന്ന് 'ശൈലീമാറ്റം' ആവശ്യപ്പെട്ടതും ഉമ്മൻചാണ്ടി - ആൻ്റണി വിഭാഗം സമാന്തര സംഘടനകൾ ഉണ്ടാക്കി പ്രതിരോധിച്ചതും പുസ്തകത്തിലുണ്ട്.


1993ൽ എറണാകുളം ടൗൺഹാളിൽ നടന്ന വർഗീയ വിരുദ്ധ കൺവെൻഷൻ കോൺഗ്രസ് ചരിത്രത്തിലെ കറുത്ത പാടായി ഉമ്മൻചാണ്ടി വിശേഷിപ്പിക്കുന്നു. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഈ പടപ്പുറപ്പാടിൽ കസേരകൾ പറക്കുകയും ഐ പക്ഷവും തിരുത്തൽവാദികളും മത്സരിച്ചു മുദ്രാവാക്യം മുഴക്കുകയും ചെയ്തു.


അന്ന് ജി കാർത്തികേയനെ നോക്കി കരുണാകരൻ പറഞ്ഞ സർവവും നശിക്കും, എല്ലാം നശിപ്പിക്കും എന്ന വാക്കുകൾ കോൺ​ഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയുടെ യഥാർഥ മുഖം വ്യക്തമാക്കുന്നതാണ്. ഈ സംഭവത്തെത്തുടർന്ന് ഇന്നത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കൊച്ചിയിലെ ഈ സംഭവം ഇന്ത്യയിലൊട്ടാകെ കോൺഗ്രസിനു ചീത്തപ്പേരുണ്ടാക്കി എന്നായിരുന്നു ഹൈക്കമാൻ്റിൻ്റെ വിലയിരുത്തലെന്ന വെളിപ്പെടുത്തലും ആത്മകഥയിലുണ്ട്.


കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് വെറും അധികാര തർക്കത്തിൽ ഒതുങ്ങിയിരുന്നില്ലെന്നും പരസ്പരമുള്ള അഴിമതി ആരോപണങ്ങളായി അത് തെരുവിലേക്ക് ഒഴുകിയെന്നും ഉമ്മൻചാണ്ടി സമ്മതിക്കുന്നു. ചാരക്കേസിൽ തിരുവനന്തപുരം ഗാന്ധി പാർക്കിൽ വെച്ച് കരുണാകരൻ തന്റെ രാജി പ്രഖ്യാപിച്ച നിമിഷം വൈകാരികമായിരുന്നുവെന്ന് ഉമ്മൻചാണ്ടി ഓർക്കുന്നു. എന്നാലന്ന് കരുണാകരൻ നടത്തിയ ആ പ്രസംഗത്തിന്റെ പൂർണ്ണരൂപം വെളിപ്പെടുത്തിയിട്ടില്ല.


കരുണാകരനെ പുറത്താക്കാൻ നടന്ന നീക്കങ്ങളും, ചാരക്കേസും, തുടർന്നുണ്ടായ രാജി പ്രഖ്യാപനവും കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അശ്ലീലങ്ങൾക്ക് ഉദാഹരണങ്ങളാണ്. രാജി പ്രഖ്യാപിച്ച വേളയിൽ കരുണാകരൻ നടത്തിയ പ്രസംഗത്തിൽ തന്റെ എതിരാളികളായ ഉമ്മൻചാണ്ടിയെയും ആന്റണിയെയും ഉദ്ദേശിച്ച് പറഞ്ഞ വാക്കുകൾ ഉമ്മൻചാണ്ടി ചേർത്തിട്ടുണ്ട്.


"സ്വന്തം കാലിൽ നിൽക്കാൻ കഴിയാതെ വന്നപ്പോൾ മാതാവിനെ ഒറ്റിക്കൊടുക്കുവാൻ അടുത്ത വീട്ടിലെ ജാരനെ കൂട്ടു പിടിക്കുന്നവരെ ജനം തിരിച്ചറിയും. ചരിത്രസംഭവങ്ങൾ വായിക്കുമ്പോൾ ചതിയന്മാരെയും കുലദ്രോഹികളെയും ശകുനിമാരെയും കാണാറുണ്ട്. പക്ഷേ ഇതുപോലെ നപുംസകങ്ങളെ കാണുന്നത് ജീവിതത്തിൽ ആദ്യമാണ്." ഇതായിരുന്നു ആ വാക്കുകൾ. കരുണാകരന്റെ ആ പ്രസം​ഗം അന്നത്തെ ഗ്രൂപ്പ് പോരിന്റെയല്ല കോൺ​ഗ്രസ് നേതാക്കൾക്കുള്ളിലുള്ള പരസ്പര വിദ്വേഷത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.


പിന്നെയുള്ള കുറച്ചുകാലം കരുണാകരനും ആന്റണിക്കും പ്രായമായതു കൊണ്ടാണോ കോൺ​ഗ്രസിൽ യുദ്ധങ്ങളുണ്ടായിരുന്നില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നിലെ ഹൈക്കമാൻഡ് നാടകങ്ങളെക്കുറിച്ചും ഉമ്മൻചാണ്ടി ആത്മകഥയിൽ വ്യക്തമാക്കുന്നുണ്ട്. ജനാധിപത്യപരമായ ചർച്ചകൾ നടക്കുന്നു എന്ന് തോന്നിപ്പിക്കുകയും എന്നാൽ മുൻകൂട്ടി നിശ്ചയിച്ച തിരക്കഥ നടപ്പിലാക്കുകയും ചെയ്ത രീതിയെ വിമർശിക്കുന്നുണ്ട് ഉമ്മൻചാണ്ടി.


നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 21 എംഎൽഎമാരിൽ ഭൂരിഭാഗം പേരും രമേശ് ചെന്നിത്തലയെ പിന്തുണച്ചിട്ടും അത് അവഗണിച്ചുകൊണ്ട് ഹൈക്കമാൻഡ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു. കേന്ദ്രനേതൃത്വത്തിന് പ്രത്യേക താല്പര്യമുണ്ടായിരുന്നുവെങ്കിൽ അത് നേരത്തെ സൂചിപ്പിക്കാമായിരുന്നു. ഭൂരിപക്ഷത്തിന്റെ അഭിപ്രായം ചോദിച്ച ശേഷം അത് തള്ളിക്കളഞ്ഞത് അനാവശ്യ വിവാദങ്ങൾക്കും അപമാനത്തിനും ഇടയാക്കിയെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തുന്നു.


സ്വന്തം പാർട്ടിക്കുള്ളിലെ എതിരാളികളെ ഒതുക്കാൻ പോലീസിനെ ഉപയോഗിച്ചതും അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതും ഹൈക്കമാൻഡിനെ കരുവാക്കി നേതാക്കളെ അപമാനിച്ചതും കോൺഗ്രസിന്റെ സഹജമായ സ്വഭാവമാണെന്ന് ഉമ്മൻചാണ്ടിയുടെ വരികൾ സാക്ഷ്യപ്പെടുത്തുന്നു.


കോൺഗ്രസിൻ്റെ ചരിത്രം ചതിയുടെയും തൊഴുത്തിൽക്കുത്തുകളുടെയും അഴിമതിയാരോപണങ്ങളുടെയും തീരാക്കഥകളാണെന്ന് ഉമ്മൻചാണ്ടിയുടെ വരികൾ അടിവരയിടുന്നു. സ്വന്തം പാർട്ടിക്കുള്ളിലെ ശത്രുക്കളെ നേരിടാൻ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിലെന്നപോലെ വെടിനിർത്തൽ കരാർ എഴുതി ഒപ്പിടേണ്ടി വരുന്ന അപൂർവ്വ രാഷ്ട്രീയ സാഹചര്യമാണ് കോൺഗ്രസിലുള്ളത്. 'ഞങ്ങൾ' എന്നാൽ സ്വന്തം ഗ്രൂപ്പും ഉപജാപകവൃന്ദവും മാത്രമാണെന്നും, അതിൽ പാർട്ടിക്കോ ജനങ്ങൾക്കോ സ്ഥാനമില്ലെന്നും ഈ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നു. എല്ലാക്കാലവും ​ഗ്രൂപ്പ് പോരടിച്ചു നടക്കുന്ന കോൺ​ഗ്രസ് നേതാക്കൾ എങ്ങനെ നാടിന് വേണ്ടി ഒന്നിച്ചു നിൽക്കുമെന്ന ചോദ്യമാണ് ഉമ്മൻചാണ്ടിയുടെ ആത്മകഥാ കുറിപ്പുകൾ ഉയർത്തുന്നത്.


ഉമ്മൻചാണ്ടി വിവരിച്ച പഴയകാല ഗ്രൂപ്പ് പോരുകളുടെ ആധുനിക പതിപ്പാണ് ഇപ്പോഴും കോൺഗ്രസിൽ ദൃശ്യമാകുന്നത്. ഹൈക്കമാൻഡിനെ വെല്ലുവിളിച്ചും പരസ്പരമുള്ള ഭീഷണികൾ മുഴക്കിയും നേതാക്കൾ കഴിഞ്ഞ രണ്ടു ദിവസമായി ഡൽഹിയിൽ നടത്തിയ കരുനീക്കങ്ങൾ ഇതിന് തെളിവാണ്.


കെ സുധാകരന്റെ പരസ്യമായ ഭീഷണികളും മറ്റ് മുതിർന്ന നേതാക്കളുടെ അതൃപ്തിയും പാർട്ടിയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടില്ലെന്ന് ഉറപ്പായാൽ കടുത്ത തീരുമാനങ്ങളെടുക്കുമെന്ന ഭീഷണി ഒരു വശത്ത് നിൽക്കുമ്പോൾ സുരക്ഷിത താവളം തേടി എംപിമാർ കൂട്ടത്തോടെ നിയമസഭയിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്ന സ്ഥിതിയാണ് കോൺ​ഗ്രസിലുള്ളത്. പാർട്ടിയുടെ നയത്തേക്കാൾ വ്യക്തിപരമായ താല്പര്യങ്ങൾക്കും ഗ്രൂപ്പ് സമവാക്യങ്ങൾക്കും പ്രാധാന്യം നൽകുന്ന ഈ രീതി പഴയ വെടിനിർത്തൽ കരാറുകളെ ഓർമ്മിപ്പിക്കുന്ന താല്കാലിക ഒത്തുതീർപ്പുകൾ മാത്രമാണ്.


കോൺ​ഗ്രസ് പാർട്ടിക്കുള്ളിൽ കാലങ്ങളായി കടന്നു പോയ സംഭവങ്ങൾ ഉൾക്കൊള്ളിച്ച് സോഷ്യൽ മീഡിയയിൽ എസ് സുദീപ് പങ്കുവെച്ച കുറിപ്പാണ് ഉമ്മൻചാണ്ടിയുടെ ആത്മകഥയെ വീണ്ടും ചർച്ചാവിഷയമാക്കിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home