print edition ഓൺലൈൻ ട്രേഡിങ്; 27 ലക്ഷം തട്ടിയ കോൺഗ്രസ് പഞ്ചായത്തംഗം റിമാൻഡിൽ

പാലക്കാട് : ഓൺലൈൻ ട്രേഡിങ്ങിൽ അമിതലാഭം വാഗ്‌ദാനംചെയ്ത് ചാലിശേരി സ്വദേശിയിൽനിന്ന് 27 ലക്ഷം രൂപ തട്ടിയ കോൺഗ്രസ് പഞ്ചായത്തംഗം റിമാൻഡിൽ. അലനല്ലൂർ പഞ്ചായത്ത് 21–ാം വാർഡ് അംഗം പള്ളിപ്പെറ്റ പി പി മൻസൂർ ബറോഡ (43) ആണ് സൈബർ പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത് ആലത്തൂർ സബ്‌ജയിലിലേക്ക് അയച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യത്തീംഖാന വാർഡിൽനിന്നാണ് യുഡിഎഫ് സ്ഥാനാർഥിയായി ജയിച്ചത്.
2025 ജൂൺ മുതൽ സെപ്‌തംബർവരെ സമൂഹമാധ്യമങ്ങൾ വഴിയാണ് തട്ടിപ്പ് നടത്തിയത്. ആദ്യം ചെറിയ തുക നിക്ഷേപിച്ച് ലാഭംനൽകിയശേഷം വൻതുക നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തുകയാണ് പതിവ്. ചാലിശേരി സ്വദേശി നൽകിയ പരാതിയിൽ പാലക്കാട് സൈബർ ക്രൈം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ 18 ലക്ഷം രൂപ അലനല്ലൂരിലെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്ത് തുക പിൻവലിച്ചതായി കണ്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൻസൂറാണ് തട്ടിപ്പിന് പിന്നിലെന്ന് തെളിഞ്ഞു. ഇയാൾ വേറെ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു. ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും സുഹൃത്താണ് എടത്തനാട്ടുകരയിലെ സജീവ കോൺഗ്രസ് പ്രവർത്തകനായ മൻസൂർ.










0 comments