തൊട്ടാൽ പൊള്ളുന്ന സവാള; വില കുതിച്ചുയരുന്നു

തിരുവനന്തപുരം: വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങളെ കരയിച്ച് സവാളയും. സംസ്ഥാനത്ത് സവാളവില കുതിച്ചുയരുന്നു. ബുധനാഴ്ച സവാളയുടെ വില കിലോയ്ക്ക് 70 കടന്നു. സെപ്തംബർ ഒന്നോടെ സവാളയുടെ വില കിലോക്ക് 50 രൂപക്കടുത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 28.48 രൂപയായിരുന്നു സവാളയുടെ വില. ഒരു വർഷത്തിനിടെ 74 ശതമാനത്തിലധികമാണ് വർധനയുണ്ടായത്.
ഒരു മാസത്തിനിടെ സവാള വിലയിൽ ചില്ലറവിപണിയിൽ 60 ശതമാനവും മൊത്തവിപണിയിൽ 68 ശതമാനവും വർധനവുണ്ടായി. ആവശ്യത്തിന് കരുതൽ ശേഖരമൊരുക്കുന്നതിൽ കേന്ദ്രസർക്കാരിന് സംഭവിച്ച പാളിച്ചയും സംഭരിച്ച സവാളയിൽ നല്ലൊരു പങ്ക് ചീഞ്ഞുപോയതും പ്രതിസന്ധി രൂക്ഷമാക്കി. മഹാരാഷ്ട്രയിലും പൂനെ നാസിക് പോലുള്ള സ്ഥലങ്ങളിലൊക്കെ ഉൽപാദനം കുറഞ്ഞതും സവാള വില കുത്തനെ ഉയാരാൻ കാരണമാണ്.
സവാള വില ഉയരുമ്പോൾ കർഷകർ ജീവിക്കാൻ വഴിയില്ലാതെയും കടംപെരുകിയും ആത്മഹത്യ ചെയ്യുന്ന മഹാരാഷ്ട്രയിലും ഉത്തർ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലും ഇപ്പോഴും നില പരിതാപകരമാണ്. സവാളയ്ക്ക് കിലോയ്ക്ക് രണ്ട് രൂപയിൽ താഴെ മാത്രം ലഭിക്കുന്ന സാഹചര്യമാണ്. ചില സംസ്ഥാനങ്ങളിൽ മാത്രം അഞ്ച് രൂപ വരെ ലഭിക്കയും ചെയ്യുന്നു.
സവാള പോലുള്ള ഇനങ്ങളിൽ വിലക്കയറ്റം പെട്ടെന്ന് പ്രതിഫലിക്കാറുണ്ട്. ദീർഘദൂരത്തു നിന്നും ചരക്ക് എത്തിക്കുന്നതും വഴിയിലെ പ്രശ്നങ്ങളും സമയ നഷ്ടം ഉണ്ടാക്കുന്ന ഭാരക്കുറവും ഇന്ധന വിലവർധനവും എല്ലാം പെട്ടെന്ന് പ്രതിഫലിക്കാം. എന്നാൽ ഉത്തര സംസ്ഥാനങ്ങളിൽ ഈ ന്യായം ആവർത്തിക്കാൻ കഴിയുന്നില്ല. പാടങ്ങളിൽ നിന്നും നേരിട്ട് എത്തിക്കുന്ന വിപണികളിൽ വരെ വിലക്കയറ്റം ബാധിച്ചിരിക്കുന്നു. എന്നാൽ കർഷകർക്ക് ഇതിന്റെ ഗുണം ഒന്നും ലഭിക്കുന്നുമില്ല. ഇവ ആര് കൊണ്ടു പോകുന്നു. ആരാണ് കൊള്ള ലാഭം കൊയ്യുന്നത് എന്നതിൽ നിശ്ശബ്ദത പാലിച്ചാണ് കരുതൽ സ്റ്റോറേജുകളിൽ കൈവെച്ച് പ്രശ്ന പരിഹാരത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.








0 comments