print edition ഒരേ നമ്പറിൽ രണ്ട് വാഹനം; വട്ടം കറങ്ങി കണ്ണൂർ സ്വദേശി

ഹരിയാനയിൽ നിന്നും വാങ്ങിയ കാറിനും സ്‌കൂട്ടറിലും ഒരേ നമ്പർ.
കാക്കനാട്: ഒരേ നമ്പറിൽ രണ്ട് സംസ്ഥാനങ്ങളിൽ ഒരു കാറും സ്കൂട്ടറും റോഡിലിറങ്ങിയതോടെ വട്ടം കറങ്ങിയത് കണ്ണൂർ സ്വദേശി. ഹരിയാനയിൽനിന്ന് ഒരുമാസംമുന്പാണ് യുവാവ് കാർ വാങ്ങിയത്. കേരളത്തിലെത്തിച്ചെങ്കിലും പഴയ ഹരിയാന രജിസ്ട്രേഷൻ നമ്പറായ എച്ച്ആർ 10 എസി 3333 എന്ന നമ്പറിൽത്തന്നെയാണ് ഇയാൾ റോഡിലിറക്കിയത്.
കാർ ഉൾപ്പെടുത്തി യുവാവ് ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റ് ചെയ്തു. റീൽ വൈറലായതോടെ, അത് കണ്ട ഒരാൾ ആ നമ്പർ പരിശോധിച്ചപ്പോഴാണ് കഥ മാറിയത്. ഇതേ നമ്പർ ഹരിയാനയിൽ മറ്റൊരു സ്കൂട്ടറിനും ഉപയോഗിക്കുന്നതായി കണ്ടെത്തി. സംശയം തോന്നിയ ഇയാൾ എറണാകുളം ആർടിഒ എൻഫോഴ്‌സ്‌മെന്റിന് പരാതി നൽകി.
മോട്ടോർ വാഹനവകുപ്പ് ഉടമയെ വിളിച്ച് വിശദാംശം തേടിയപ്പോഴാണ് യാഥാർഥ്യം വ്യക്തമായത്. ഹരിയാനയിലെ നിയമപ്രകാരം വാഹനം വിറ്റാൽ അതിന്റെ രജിസ്ട്രേഷൻ നമ്പർ മുൻ ഉടമയ്ക്ക് സ്വന്തം പേരിലുള്ള മറ്റൊരു പുതിയ വാഹനത്തിലേക്ക് മാറ്റി ഉപയോഗിക്കാൻ സാധിക്കും. അങ്ങനെ നമ്പർ കൈമാറിയശേഷം വിറ്റ വാഹനത്തിന് പുതിയ രജിസ്ട്രേഷൻ നമ്പർ അനുവദിക്കുന്നതാണ് അവിടത്തെ രീതി.
വാഹനത്തിന് അനുവദിച്ച പുതിയ രജിസ്ട്രേഷൻ നമ്പർപ്ലേറ്റ് തന്നെ ഘടിപ്പിച്ചതോടെയാണ് ഈ ‘നമ്പർ കുരുക്കി’ന് ശുഭപര്യവസാനമുണ്ടായത്.










0 comments