തിരുവോണനാളില്‍ അരുംകൊല ; കൗമാരക്കാരനടക്കം അഞ്ച് പേര്‍ പിടിയില്‍

കിളിമാനൂര്‍: തിരുവോണദിനത്തിൽ നാടിനെ ഭീതിയിലാക്കി യുവാവിനെ അരുംകൊല ചെയ്തു. മുഖ്യപ്രതിയായ കൗമാരക്കാരനും കൂട്ടാളികളും റിമാൻഡില്‍. കല്ലമ്പലത്തിനുസമീപം മുത്താന ചരുവിളവീട്ടിൽ പ്രജി (35)യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അജയ് (37) പരിക്കുകളോടെ രക്ഷപ്പെട്ടു. മുഖ്യപ്രതി മുത്താന കൊടുവേലിക്കോണം ആലുവിളവീട്ടില്‍ ഗൗരികൃഷ്ണന്‍ (18), സുഹൃത്തുക്കളായ ഷിജുഭവനില്‍ അമ്പാടി എന്ന ഷൈജു (22), പുതുവല്‍വിളവീട്ടില്‍ മനു (19), പുതുവല്‍വിളവീട്ടില്‍ രഞ്ജിത് (20), പുതുവല്‍പുത്തന്‍വീട്ടില്‍ കണ്ണന്‍ (18) എന്നിവരാണ് റിമാൻഡിലായത്.
തിരുവോണനാൾ പകൽ മൂന്നോടെയായിരുന്നു സംഭവം. പ്രജിയും അജയ്‌യും മറ്റൊരു സുഹൃത്തുമായി മുത്താന കൊച്ചാരംപൊയ്ക മുട്ടുംഭാഗം കാവിനുസമീപത്തുണ്ടായിരുന്നു. അവിടെയെത്തിയ പ്രതികള്‍ അവരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കഴിഞ്ഞവര്‍ഷത്തെ ഓണവുമായി ബന്ധപ്പെട്ട വാഗ്വാദങ്ങളുടെ തുടര്‍ച്ചയെന്നോണം ഇരുകൂട്ടരും തമ്മില്‍ ഉന്തുംതള്ളും കൈയാങ്കളിയുമുണ്ടായി. സംഘത്തിലുണ്ടായിരുന്ന ഗൗരികൃഷ്ണൻ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് പ്രജിയെ കുത്തി. നെഞ്ചിൽ രണ്ടും പിൻഭാഗത്ത് ഒരു കുത്തുമേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ അജയ് കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഓടിരക്ഷപ്പെട്ട ഗൗരികൃഷ്ണനെ മണിക്കൂറിനകം പൊലീസ് പിടികൂടി. ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു മൂന്നുപേരെ പിടിച്ചത്. എല്ലാവരെയും കല്ലമ്പലം പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തശേഷം കോടതിയില്‍ ഹാജരാക്കി. പ്രതികളെ തെളിവെടുപ്പിനും മറ്റുമായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നൽകും.
പ്രജിയുടെ മൃതദേഹം കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
ഭാര്യ: അനിത. അച്ഛന്‍: പ്രകാശ്. അമ്മ: സീത. വർക്കല ഡിവൈഎസ്‌പി പി വി രമേഷ് കുമാർ, കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ ഡി ദീപു, കല്ലമ്പലം എസ്എച്ച്ഒ ആര്‍ മനു, പള്ളിക്കല്‍ എസ്എച്ച്ഒ എസ് ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.









0 comments