പിടികൂടിയത് 75,428 പാമ്പുകളെ
print edition പാമ്പുപേടി മാറ്റാൻ ഒറ്റ ക്ലിക്കിൽ സർപ്പ ആപ്

സർപ്പ ആപ്
ബിമൽ പേരയം
Published on Apr 25, 2026, 03:12 AM | 1 min read
തിരുവനന്തപുരം: സർപ്പ ആപ്പിലൂടെ സംസ്ഥാനത്ത് പിടികൂടിയത് 75,428 പാമ്പുകൾ. ഇതിൽ 33,223 എണ്ണം ഉഗ്രവിഷമുള്ളവ. കുറഞ്ഞ വിഷമുള്ള 493 പാന്പുകളും പിടിയിലായി. 2020 മുതൽ 2026 ഏപ്രിൽ വരെയുള്ള കണക്കിൽ 28,116 മൂർഖൻ, 18,562 പെരുമ്പാമ്പ്, 517 രാജവെമ്പാല, 729 വെള്ളിക്കെട്ടൻ (ശംഖുവരയൻ), 3507 അണലി തുടങ്ങിയവയാണ് വനംവകുപ്പിന്റെ പിടിയിലായത്. 2020 ആഗസ്‌തിലാണ് സർക്കാർ സർപ്പ ആപ് ആവിഷ്‌കരിച്ചത്. പരിശീലനം നേടിയ അംഗീകൃത റെസ്‌ക്യൂവർമാരുടെ സഹായത്തോടെ പിടികൂടി ഉൾക്കാട്ടിലേക്ക് തുറന്നുവിടും.
അന്തരീക്ഷ താപനില ഉയരുന്നതുകൊണ്ടാണ് പ്രധാനമായും പാമ്പ് മാളം വിട്ട് പുറത്തിറങ്ങുന്നത്. പാന്പുകളുടെ പ്രജനനകാലം കൂടിയായ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് വിഷപ്പാന്പുകളുടെ സാന്നിധ്യം കൂടുതലായി കാണുന്നത്. മുട്ട വിരിഞ്ഞ് പുറത്തിറങ്ങുന്ന കുഞ്ഞുങ്ങൾ സുരക്ഷിതമായ വാസസ്ഥലം തേടിയിറങ്ങും. ജലാംശം കൂടുതലുള്ള പ്രദേശങ്ങളിലും വീടിനുള്ളിലേക്കുമെല്ലാം തണുപ്പ് തേടിയെത്തും. ചപ്പുചവറുകളും വിറകും കല്ലുകളുമെല്ലാം അലക്ഷ്യമായി കൂട്ടിയിടുന്നത് അപകടമാണ്.
പാന്പുപിടിത്തത്തിന് വനം വകുപ്പിന്റെ ലൈസൻസ് കിട്ടിയ 3500ഓളം പേർ സംസ്ഥാനത്തുണ്ട്. ഏത് അടിയന്തരസാഹചര്യത്തിലും സർപ്പ ആപ്പിൽ മെസേജ് കിട്ടിയാൽ രക്ഷാപ്രവർത്തനത്തിനായി ഇവരെത്തും. ഗൂഗിൾ പ്ലേസ്‌റ്റോറിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്യാം. ആപ് രൂപീകരിച്ചതിനുശേഷം പാന്പുകടിയേറ്റുള്ള മരണം കുറഞ്ഞതായി സർപ്പ സംസ്ഥാന നോഡൽ ഓഫീസർ വൈ മുഹമ്മദ് അൻവർ പറഞ്ഞു.
കടിയേറ്റയാൾക്ക് കുറച്ചുസമയം കഴിഞ്ഞശേഷമാകും ലക്ഷണം പ്രകടമാകുന്നത്. ഭയപ്പെടുത്തുന്നത് രക്തസമ്മർദം കൂടാനിടയാക്കും. നടക്കാനോ ഓടാനോ അനുവദിക്കാതെ വേഗം പ്രതിവിഷം(ആന്റിവെനം) ഉള്ള ആശുപത്രിയിലെത്തിക്കണം.










0 comments