ഓണക്കാലമായി, മലയാളികള്‍ ദുരിതത്തിൽ; ദീർഘദൂര ട്രെയിനുകൾ പലതും വൈകിയോടുന്നു

തിരുവനന്തപുരം: ഓണം അടുത്തതോടെ മലയാളികൾ നാട്ടിലേക്ക് തിരിച്ചെത്താൻ തയ്യാറെടുക്കവെ ദീർഘദൂര ട്രെയിനുകൾ പലതും വൈകിയോടുന്നു. ഗോരഖ്പുർ– തിരുവനന്തപുരം സെൻട്രൽ രപ്തിസാഗർ എക്സ്പ്രസ് 5 മണിക്കൂറിലേറെ വൈകിയാണോടുന്നത്. ദിബ്രുഗഡ്– കന്യാകുമാരി വിവേക് എക്സ്പ്രസ് 8 മണിക്കൂർ വൈകിയോടുന്നു. വൈകിട്ട് ഏഴിന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ട്രെയിൻ പുലർച്ചെ ഒരു മണിക്കു ശേഷമേ എത്തൂവെന്നാണ് റെയിൽവേയിൽ നിന്നുള്ള വിവരം
അതേസമയം, മുൻകൂട്ടി പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനുകളിൽ ഓണത്തോട് അടുത്ത ദിവസങ്ങളിലെല്ലാം ബുക്കിങ് പൂർത്തിയായി. പതിവു ട്രെയിനുകളിലാകട്ടെ, ഈ ദിവസങ്ങളിൽ വെയിറ്റിങ് ലിസ്റ്റും കവിഞ്ഞ് ബുക്കിങ് നിർത്തിയിരിക്കുകയാണ്.സംസ്ഥാനത്തിനുള്ളിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ ഏറെയും കൃത്യസമയം പാലിക്കുന്നുണ്ട്.
ഏറനാട്, പരശുറാം, തിരുവനന്തപുരം– മംഗളൂരു എക്സ്പ്രസ് ഉൾപ്പെടെ ചില ട്രെയിനുകൾ 20 മിനിറ്റിൽ താഴെ മാത്രമാണ് വൈകിയോടുന്നത്.ഓണക്കാലത്ത് ബെംഗളൂരു, ചെന്നൈ റൂട്ടുകളിൽനിന്ന് ദിവസം രണ്ടു വീതമെങ്കിലും സ്പെഷൽ ട്രെയിനുകൾ ആവശ്യമാണെന്ന് ലോക്കോപൈലറ്റ്സ് അസോസിയേഷൻ ദേശീയ കമ്മിറ്റി അംഗം പി.എൻ.സോമൻ പറഞ്ഞു. സ്പെഷൽ ട്രെയിനുകൾ മുൻകൂട്ടി പ്രഖ്യാപിച്ചാൽ മാത്രമേ യാത്രക്കാർക്ക് പ്രയോജനപ്പെടൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് വൈകിയോടുന്ന പ്രധാന ട്രെയിനുകൾ
∙ 22504 – ദിബ്രുഗഡ്– കന്യാകുമാരി വിവേക് എക്സ്പ്രസ്– 8 മണിക്കൂർ വൈകിയോടുന്നു
∙ 12511 – ഗോരഖ്പുർ–തിരുവനന്തപുരം സെൻട്രൽ രപ്തിസാഗർ എക്സ്പ്രസ്– 5 മണിക്കൂർ 20 മിനിറ്റ്
∙ 12201 – മുംബൈ ലോകമാന്യ തിലക്– തിരുവനന്തപുരം സെൻട്രൽ ഗരീബ്‌രഥ് എക്സ്പ്രസ്– 1 മണിക്കൂർ 30 മിനിറ്റ്
∙ 20910 – പോർബന്തർ–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് – 30 മിനിറ്റ്
∙ 12217 – തിരുവനന്തപുരം നോർത്ത് –ചണ്ഡീഗഡ് സമ്പർക്കക്രാന്തി എക്സ്പ്രസ്– 47 മിനിറ്റ്
∙ 16382 – കന്യാകുമാരി പുണെ എക്സ്പ്രസ് – 30 മിനിറ്റ്
∙ 17230 – സെക്കന്തരാബാദ്–തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ്– 56 മിനിറ്റ്










0 comments