ad
Deshabhimani

ചന്ദർകുഞ്ജ് ആർമി ടവർ

 ടെൻഡറിൽ അപാകമില്ല; എഡിഫെെസിന് കെട്ടിടം പൊളിക്കാം: ഹെെക്കോടതി

high court
വെബ് ഡെസ്ക്

Published on Sep 12, 2026, 02:51 AM | 1 min read

കൊച്ചി


വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ബലക്ഷയമുള്ള ചന്ദർകുഞ്ജ് ആർമി ടവർ അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ബി, സി ടവറുകൾ പൊളിച്ചുനീക്കുന്നതിന് മുംബൈയിലെ എഡിഫൈസ് എൻജിനിയറിങ്ങിന് കരാർ നൽകിയത്‌ ഹൈക്കോടതി ശരിവച്ചു.


സുരക്ഷാമാനദണ്ഡങ്ങളും സാങ്കേതികമികവും മുൻനിർത്തി കലക്ടറുടെ മേൽനോട്ടസമിതിയെടുത്ത തീരുമാനം നിയമപരമാണെന്ന് ജസ്റ്റിസ് എ എ സിയാദ് റഹ്‌മാൻ വ്യക്തമാക്കി. കരാർ നടപടികളിലെ സുതാര്യത ചോദ്യംചെയ്ത് തമിഴ്നാട്ടിലെ പി കെ യൂണിക് പ്രോജക്ട്സ് ലിമിറ്റഡ്, ശ്രീ കുമരൻ ഡിമോളിഷേഴ്സിലെ പി പൊന്നുലിംഗം എന്നിവർ നൽകിയ ഹർജികൾ കോടതി തള്ളി. ഇതോടെ 27 നിലയുള്ള ടവറുകൾ പൊളിച്ചുനീക്കാനുള്ള നിയമതടസ്സങ്ങൾ ഒഴിവായി.


ടെൻഡറിൽ സാങ്കേതികമികവിന് 70 ശതമാനവും കരാർ തുകയ്ക്ക് 30 ശതമാനവും വെയ്റ്റേജ് നൽകാനാണ് മേൽനോട്ടസമിതി തീരുമാനിച്ചത്. അപ്പാർട്ട്മെന്റ്‌ സമുച്ചയത്തിലെ എ ടവറിനും കൊച്ചി മെട്രോ റെയിൽ പാതയ്ക്കും തകരാർ സംഭവിക്കാതെ കെട്ടിടം പൊളിച്ചുനീക്കാനാണ് പ്രാധാന്യം നൽകുന്നതെന്നും സർക്കാർ അറിയിച്ചു.


എഡിഫൈസിന് മരടിലെ ഫ്ലാറ്റുകൾ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയ പരിചയസമ്പത്തുണ്ട്. യൂണിക് പ്രോജക്ട്സ് കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയെങ്കിലും ഇവർക്ക് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് കെട്ടിടം പൊളിച്ചുള്ള പരിചയം കുറവാണ്. സാങ്കേതികമികവ് കുറവായതിനാൽ ശ്രീ കുമരൻ കമ്പനിയെയും ആദ്യഘട്ടത്തിൽത്തന്നെ ഒഴിവാക്കിയതാണെന്ന് അഡീഷണൽ അഡ്വക്കറ്റ് ജനറൽ പി എ മുഹമ്മദ് ഷാ ബോധിപ്പിച്ചു. മുൻപരിചയമുള്ളവർക്ക് മുൻഗണന നൽകിയതിൽ അസ്വാഭാവികതയില്ലെന്നും പൊതുതാൽപ്പര്യം മുൻനിർത്തിയുള്ള വിദഗ്‌ധസമിതി തീരുമാനങ്ങളിൽ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home