ഓണത്തിന് നാടണയാനാകുമോ? തീരാതെ യാത്രാദുരിതം

പ്രതീകാത്മക എഐ ചിത്രം
തിരുവനന്തപുരം : ഓണാഘോഷത്തിരക്കുകൾ തകൃതിയായി നടക്കുമ്പോഴും നാട്ടിലെത്താൻ വഴിയില്ലാതെ നെട്ടോടമോടുകയാണ് ജനങ്ങൾ. ഓണത്തിരക്കിനോടനുബന്ധിച്ച് ആഴ്ചകൾക്ക് മുൻപ് ആരംഭിച്ച യാത്രാദുരിതം ഇപ്പോഴും തുടരുന്നു. ട്രെയിനുകളിലും ബസുകളിലും വിമാനങ്ങളിലും ടിക്കറ്റുകൾ ലഭ്യമല്ലാത്ത അവസ്ഥ മലയാളികളെയും പ്രവാസികളെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഓണത്തിന് ദിവസങ്ങൾക്ക് മാത്രം ബാക്കിനിൽക്കെ നാട്ടിലെത്താൻ പലർക്കും കഴിഞ്ഞില്ല. ഓണത്തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടും കാര്യമുണ്ടായില്ല. അനുവദിച്ച ട്രെയിനുകളേക്കാൾ ഇരട്ടിയിലധികം യാത്രക്കാരാണ് ഇപ്പോഴും ടിക്കറ്റ് കിട്ടാതെ വലയുന്നത്.
സ്പെഷ്യല്‍ സര്‍വീസ് കൊണ്ടും കാര്യമില്ല
ദീർഘദൂര യാത്രകൾക്കായി ഭൂരിഭാഗം പേരും തെരഞ്ഞെടുക്കുന്നത് ട്രെയിനുകളാണ്. യാത്രാക്ലേശം, ചെലവ് കുറവ് തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും ട്രെയിൻ തെരഞ്ഞെടുക്കാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്നത്. എന്നാൽ, ഈ ഓണക്കാലത്ത് ട്രെയിനുള്ളിൽ കയറിപ്പറ്റുക തന്നെ അസാധ്യമെന്ന അവസ്ഥയിലാണ്. ട്രെയിനുകളിലൊന്നും ടിക്കറ്റ് കിട്ടാനില്ല. നിമിഷ നേരത്തിനുള്ളിലാണ് തത്‌കാൽ ടിക്കറ്റുകൾ കാലിയാകുന്നത്.
കേരളത്തിലേക്ക് സർവീസ് നടത്തുന്ന പ്രധാന എക്സ്പ്രസ് ട്രെയിനുകളിലെല്ലാം പ്രത്യേകിച്ച് ബംഗളൂരു, ചെന്നൈ, മുംബൈ റൂട്ടുകളിൽ മാസങ്ങൾക്ക് മുന്‍പ് തന്നെ റിസർവേഷൻ പൂർത്തിയായി. നിലവിൽ എല്ലാ ക്ലാസുകളിലും വെയ്റ്റിങ് ലിസ്റ്റ് നൂറ് കടന്നിരിക്കുകയാണ്. ഓൺലൈൻ ബുക്കിങ് സൈറ്റുകളിൽ സ്ലീപ്പർ ടിക്കറ്റുകൾ ഒന്നുപോലും ബാക്കിയില്ല. ഓണത്തിരക്ക് പരിഗണിച്ച് റെയിൽവേ പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിനുകളിലും സീറ്റുകൾ ലഭ്യമല്ല. പലയിടത്തും ജനറൽ കോച്ചുകളിൽ കയറാൻ പോലും വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്.
സ്പെഷ്യല്‍ ഓടാന്‍ ബസില്ല
ട്രെയിനിൽ ടിക്കറ്റ് കിട്ടാതെ വരുന്നവർ പിന്നീട് ആശ്രയിക്കുന്നത് കെഎസ്‍ആർടിസി ബസുകളെയാണ്. ഓണക്കാലമായതോടെ ബസുകളിൽ കൊള്ളനിരക്കാണ് ഈടാക്കുന്നത്. ഉദാഹരണത്തിന് എറണാകുളം മുതൽ തിരുവനന്തപുരം വരെ യാത്രചെയ്യുന്ന ഒരാൾക്ക് 740 രൂപയാണ് നൽകേണ്ടി വരുന്നത്. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് വലിയ വര്‍ധനവാണ്
ടിക്കറ്റിനായി ഈടാക്കുന്നത്. സൗജന്യ യാത്രാപദ്ധതിയുടെ നഷ്ടം നികത്താൻ കെഎസ്‌ആർടിസിക്ക് സർക്കാർ കൃത്യമായി ധനസഹായം നൽകാത്തതോടെ പല ബസുകളും പുറത്തിറക്കാനും കഴിയുന്നില്ല. അതിനാൽ ഓണക്കാലത്ത് യാത്രാപ്രതിസന്ധി നികത്താൻ സ്പെഷ്യൽ സർവീസുകൾ നടത്താൻ കെഎസ്ആർടിസിക്കാകില്ല.
വിമാനത്തിലും കൊള്ളലാഭം
പ്രവാസിമലയാളികൾക്കും സമാന അവസ്ഥയാണ്. ഓണമായതോടെ പല വിമാനക്കമ്പനികളും യാത്രാനിരക്ക് അഞ്ചിരട്ടിയായാണ് വർധിപ്പിച്ചത്.
സാധാരണ ദിവസങ്ങളിൽ 8,000 മുതൽ 20,000 രൂപവരെ ഈടാക്കിയിരുന്ന ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് നിലവിൽ 40,000 മുതൽ 60,000 രൂപവരെയാണ് വർധിപ്പിച്ചിരിക്കുന്നത്. ബിസിനസ് ക്ലാസ് നിരക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ്. ഉദാഹരണത്തിന് കൊച്ചി - അബുദാബി ഇൻഡിഗോ വിമാന ടിക്കറ്റിന് നിലവിൽ 34, 337 രൂപയാണ്. കുടുംബമായി നാട്ടിലേക്കെത്താൻ ലക്ഷങ്ങളാണ് കണ്ടെത്തേണ്ടി വരിക.
യാത്രാപ്രതിസന്ധിയിൽ ജനം നട്ടംതിരിയുമ്പോഴും പ്രശ്നപരിഹാരത്തിനായി സർക്കാർ യാതൊരുവിധ ഇടപെടലും നടത്തിയിട്ടില്ല.










0 comments