ബെവ്‌കോ വിറ്റത് 826 കോടിയുടെ മദ്യം , കൺസ്യൂമർഫെഡിൽ 55 കോടി
വിൽപ്പനയിൽ സർവകാല റെക്കോഡ് ; കുടുംബശ്രീയുടെ വിറ്റുവരവ് 35 കോടി

കൊച്ചി
വിപണിയിലെ സംസ്ഥാന സർക്കാർ ഇടപെടലിൽ സമൃദ്ധമായി ഓണം ആഘോഷിച്ച് മലയാളികൾ. മിൽമ, കുടുംബശ്രീ, സപ്ലൈകോ, കൺസ്യൂമർഫെഡ് വിപണികൾ വിൽപ്പനയിൽ സർവകാല റെക്കോഡുമിട്ടു. മിൽമയ്‌ക്ക് തൈര് വിൽപ്പനയിൽ ആറും പാൽ വിൽപ്പനയിൽ മൂന്നുശതമാനവും വർധനയുണ്ടായി. കുടുംബശ്രീ ഓണം ഗിഫ്റ്റ് ഹാംപറിനും മികച്ച സ്വീകാര്യത ലഭിച്ചു. ചിപ്സ്, ശർക്കരവരട്ടി, പാലട, സേമിയ പായസം മിക്സ്, സാമ്പാർ മസാല, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, വെജ് മസാല എന്നിവയാണ് 799 രൂപയുടെ ഗിഫ്‌റ്റ് ഹാംപറിൽ ഉണ്ടായിരുന്നത്.
ആഗസ്‌ത് ഒന്നുമുതൽ സെപ്തംബർ നാലുവരെ 385 കോടിയാണ് സപ്ലൈകോയുടെ വിറ്റുവരവ്. സബ്സിഡി ഇനങ്ങളുടെ വിറ്റുവരവ് 180 കോടിയും സബ്സിഡി ഇതര ഇനങ്ങളുടേത് 205 കോടിയുമാണ്.
187 കോടി വിറ്റുവരവിലൂടെ കൺസ്യൂമര്‍ഫെഡും ചരിത്രം സൃഷ്ടിച്ചു. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെയും മറ്റുള്ളവ 10 മുതല്‍ 40 ശതമാനംവരെ വിലക്കുറവിലുമാണ് ഉപഭോക്താക്കളിലേക്ക് എത്തിച്ചത്.
കുടുംബശ്രീയുടെ വിറ്റുവരവ് 35 കോടി
ഓണക്കാലത്ത് കുടുംബശ്രീ ഉൽപ്പാദിപ്പിച്ച പച്ചക്കറിയും പഴവും പൂക്കളും മറ്റ് ഭക്ഷ്യോൽപ്പന്നങ്ങളും വിറ്റഴിച്ച് നേടിയത് 35 കോടി രൂപ. കഴിഞ്ഞ വർഷമിത് 28കോടിയായിരുന്നു. തൃശൂരിൽ സംസ്ഥാനതല മേളയും 13 ജില്ലാതല വിപണന മേളകളും ഒരു സിഡിഎസിൽ രണ്ടുവീതം രണ്ടായിരം വിപണന മേളകളും ഇത്തവണ സംഘടിപ്പിച്ചു. 21.08 കോടിരൂപയാണ് വിപണനമേളകളിൽ നിന്നുള്ള വരുമാനം.
കുടുംബശ്രീ പോക്കറ്റ്മാർട്ട് വഴി 5400 ഗിഫ്റ്റ് ഹാമ്പറുകൾ വിപണിയിലെത്തിച്ചു. ഇതിലൂടെ 49ലക്ഷം രൂപ നേടി. സിഡിഎസുകൾ വഴി 92,000 ഗിഫ്റ്റ് ഹാമ്പർ വിറ്റ് 5.83 കോടിയും സ്വന്തമാക്കി. രണ്ടിനം പായസം ഉൾപ്പെടെ ഇരുപതിലേറെ വിഭവങ്ങളടങ്ങുന്ന 1,09,642 ഓണസദ്യ വിതരണം ചെയ്തു. ഇതിൽ 2.1 കോടിയാണ് വരുമാനം. കാർഷിക പദ്ധതികളായ ഓണക്കനി, നിറപ്പൊലിമ എന്നിവയിൽ വിളവെടുത്ത പച്ചക്കറികളും പൂക്കളും വിപണിയിലെത്തി. സംസ്ഥാനത്തെ 13,879 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളിലൂടെ (ജെഎൽജി) 8913.13 ഏക്കറിലെ പച്ചക്കറിയും 4531 ജെഎൽജി വഴി 1820.52 ഏക്കറിലെ പൂക്കളുമാണ് വിപണിയിലെത്തിച്ചത്. 4.5കോടിയുടെ പച്ചക്കറികളും ഒരു കോടിയുടെ പൂക്കളും വിറ്റഴിക്കാനായി. സംസ്ഥാനത്ത് സംഘടിപ്പിച്ച സിഡിഎസ് വിപണന മേളകളിൽ അയ്യായിരത്തിലേറെ സംരംഭകരുടെ പങ്കാളിത്തവും ഉറപ്പാക്കാനായി. കുടുംബശ്രീ സംരംഭകർക്കാണ് ഈ വരുമാനമത്രയും ലഭിക്കുക. ആഗസ്ത് 28മുതൽ നാല് വരെയാണ് വിപണന മേള നടന്നത്.
ബെവ്‌കോ വിറ്റത് 826 കോടിയുടെ മദ്യം
ബിവറേജസ് കോർപറേഷൻ ഒൗട്ട്‌ലെറ്റുകൾ വഴി ഓണക്കാലത്ത് വിറ്റത് 826.38 കോടി രൂപയുടെ മദ്യം. ആഗസ്‌ത് 25 മുതൽ ഉത്രാട ദിവസമായ വ്യാഴം വരെയുള്ള കണക്കാണിത്. വിൽപ്പനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 49.56 കോടിയുടെ വർധനവുണ്ടായി. ഇൗ വർഷവും ഉത്രാടത്തിനാണ് ഏറ്റവും കൂടുതൽ കച്ചവടം നടന്നത്. 137.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞവർത്തേക്കാൾ 11.63 കോടി രൂപയുടെ വർധനവുണ്ടായി. ആറ് ഒൗട്ട്‌ലെറ്റുകളിൽ ഒരു കോടിക്ക് മുകളിൽ വിൽപ്പന നടന്നു. 1.46 കോടിയുടെ മദ്യം വിറ്റ കൊല്ലം കരുനാഗപ്പള്ളി ആണ് മുന്നിൽ. കൊല്ലം ആശ്രാമം രണ്ടാമതെത്തി (1.24 കോടി). എടപ്പാൾ (1.11 കോടി), ചാലക്കുടി (1.07 കോടി), ഇരിഞ്ഞാലക്കുട (1.03 കോടി), കുണ്ടറ (1 കോടി) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ വിൽപ്പന.
കൺസ്യൂമർഫെഡിൽ 55 കോടി
കൺസ്യൂമർഫെഡിന്റെ ഒൗട്ട്‌ലെറ്റുകൾ വഴി കഴിഞ്ഞ 4 ദിവസത്തിനിടെ വിറ്റത് 55.73 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം 47.15 കോടിയായിരുന്നു വിൽപ്പന. വർധന 8.58 കോടി. ഉത്രാട ദിനത്തിൽ 21.65 കോടിയുടെ വിൽപ്പന നടന്നു. കഴിഞ്ഞ വർഷത്തേക്കാൾ 1.69 കോടിയുടെ വർധന ഉണ്ടായി. ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് തൃശൂർ കുന്നംകുളം ഒൗട്ട്‌ലെറ്റിലാണ്. ഉത്രാട ദിനത്തിൽ 1.007 കോടി രൂപയുടെ മദ്യം ഇവിടെ വിറ്റു.








0 comments