print edition ജനക്ഷേമമല്ല, യുഡിഎഫിന്റെ കൊള്ള; ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഓണം അടുക്കുമ്പോൾ പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷം. പൊതുവിതരണ ശൃംഖലവഴി വിലക്കയറ്റം പിടിച്ചുകെട്ടുമെന്ന സർക്കാർ പ്രഖ്യാപനവും പാഴ്‌വാക്ക്. 10 വർഷം വിലക്കയറ്റം പ്രതിരോധിച്ച എൽഡിഎഫ് മാതൃകകൾ തകർത്ത യുഡിഎഫ് സർക്കാർ നടപടിയാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്.
കഴിഞ്ഞ ഓണക്കാലത്ത് റേഷനുപുറമെ സപ്ലൈകോവഴി കാർഡൊന്നിന് 20 കിലോ അരി കിലോയ്‌ക്ക് 25 രൂപ നിരക്കിൽ ലഭ്യമാക്കിയിരുന്നു. പച്ചരിയും പുഴുക്കലരിയും കുത്തരിയും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനും അവസരം നൽകി.
വെളിച്ചെണ്ണ വില ലിറ്ററിന് 530 രൂപവരെ ഉയർന്നപ്പോൾ സപ്ലൈകോവഴി സബ്സിഡി വെളിച്ചെണ്ണ 339 രൂപയ്ക്കും സബ്സിഡി ഇതര വെളിച്ചെണ്ണ 389 രൂപയ്ക്കും ഒരു ലിറ്റർ വീതം ലഭ്യമാക്കി. ഇതോടെ മറ്റ് ബ്രാൻഡുകളും വില കുറയ്‌ക്കാൻ നിർബന്ധിതരായി. വെളിച്ചെണ്ണയും മുളകും സബ്‌സിഡി നൽകുന്ന അളവ് ഇരട്ടിയാക്കിയതിനൊപ്പം സെപ്‌തംബറിലെ വിഹിതംകൂടി ആഗസ്‌തിൽ വാങ്ങാനും അവസരം നൽകിയിരുന്നു.
മുൻഗണനേതര വിഭാഗത്തിന്റെ ഗോതമ്പ് വിഹിതം പുനഃസ്ഥാപിച്ചതിന് ആനുപാതികമായി അരിവിഹിതം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന യുഡിഎഫ് വാദം വാസ്തവവിരുദ്ധമാണ്. ജീവിതശൈലീ രോഗങ്ങൾ കാരണം സംസ്ഥാനത്ത് ഗോതമ്പിനുള്ള ആവശ്യകത പരിഗണിച്ച് വിഹിതം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, അരി വിഹിതം കുറവുഞ്ഞപ്പോൾ വിഷുവിന് വെള്ളക്കാർഡുകാർക്ക് പത്തും നീലക്കാർഡുകാർക്ക് അഞ്ചും കിലോ അരി കിലോയ്‌ക്ക് 10.90 രൂപയ്ക്ക് നൽകിയാണ് എൽഡിഎഫ് വിപണിയിൽ ശക്തമായ ഇടപെടൽ നടത്തിയത്. അതേസമയം, യുഡിഎഫ് സർക്കാർ പ്രതിമാസ വിഹിതവും സ്‌പെഷൽ വിഹിതവും വെട്ടിക്കുറച്ചു.
സർക്കാർ നിഷ്‌ക്രിയം: ജി ആർ അനിൽ
പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ നിഷ്‌ക്രിയമായി നോക്കിനിൽക്കുകയാണെന്ന് മുൻ ഭക്ഷ്യമന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരമൊരു സാഹചര്യം പത്തുവർഷമായി സംസ്ഥാനത്തുണ്ടായിട്ടില്ല. അരിമാർക്കറ്റിലേക്കു പോയാലാണ് വിലയുടെ കുതിപ്പ് കൃത്യമായി മനസ്സിലാവുക.
ഉത്സവകാലത്താണ് വിപണി ശക്തികൾ വലിയ ചൂഷണം നടത്തുക. എൽഡിഎഫ് സർക്കാർ അരി വിഹിതം കുറയ്‌ക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു എന്ന, ഇപ്പോഴത്തെ ഭക്ഷ്യമന്ത്രിയുടെ ആക്ഷേപം വസ്‌തുതാവിരുദ്ധമാണ്. കേരളത്തിനുള്ള അരിവിഹിതം കുറച്ചപ്പോൾ അത് പുനഃസ്ഥാപിക്കണമെന്ന് നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നതായും അനിൽ പറഞ്ഞു.










0 comments