60 ലക്ഷം പേർക്ക്‌ 3200 രൂപവീതം 
ക്ഷേമ പെൻഷൻ , ജീവനക്കാർക്ക്‌ വർധിപ്പിച്ച ബോണസിനൊപ്പം 
ക്ഷാമബത്ത കുടിശ്ശികയും നൽകി , സിപിഐ എമ്മിന്റെ 
 ജനകീയ പച്ചക്കറി കൃഷിയും ഓണം കളറാക്കി

ഹാപ്പി ഓണം ; പരാതിയും 
പരിഭവവുമില്ല

onam 2025

സൗഹൃദത്തിന്റെയും ഒരുമയുടെയും നന്മയുടെയും പൊൻപുലരി വിടരുന്ന തിരുവോണം ഇന്ന്. ഏവർക്കും ദേശാഭിമാനിയുടെ തിരുവോണാശംസകൾ

വെബ് ഡെസ്ക്

Published on Sep 05, 2025, 03:04 AM | 1 min read

തിരുവനന്തപുരം

എല്ലാക്കൊല്ലത്തെയും പോലൊരു തിരുവോണമല്ല മലയാളിക്ക്‌ ഇത്തവണ. നൊമ്പരങ്ങളുടെ പ്രളയവും കോവിഡും ഉരുൾപൊട്ടലുമെല്ലാമായി പിന്നിട്ട കുറച്ചുവർഷങ്ങളിൽനിന്ന്‌ മാറി ആഹ്ലാദത്തിന്റെ പൂക്കാലമാണിത്‌. വിലക്കയറ്റം പിടിച്ചുനിർത്തിയും ഇഷ്‌ടംപോലെ സാധനങ്ങൾ സപ്ലൈകോയും സഹകരണ സംഘങ്ങളും വഴി വിതരണംചെയ്‌തും ക്ഷേമപെൻഷനുകളും ബോണസും നേരത്തേ കൈകളിലെത്തിച്ചും ഓണം ഹാപ്പിയാക്കാൻ സർക്കാർ കട്ടയ്‌ക്ക്‌ കൂടെനിന്നു. എല്ലാ വിഭാഗം ജനങ്ങളിലേക്കും കരുതലിന്റെ സ്‌പർശമെത്തിച്ചു.


20,000 കോടിയിലധികം രൂപയാണ്‌ സർക്കാർ ചെലവിട്ടത്‌. കേന്ദ്ര സർക്കാർ തീർക്കുന്ന സാമ്പത്തിക ഉപരോധത്തിനിടെയാണ്‌ ഇടപെടൽ. ഉത്സവബത്തയും ബോണസും വർധിപ്പിച്ചു. 60 ലക്ഷം പേർക്ക്‌ 3200 രൂപ വീതം ക്ഷേമ പെൻഷൻ നൽകി. ഇതിനു മാത്രം 1800 കോടി ചെലവഴിച്ചു. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും വർധിപ്പിച്ച ബോണസിനൊപ്പം ക്ഷാമബത്ത കുടിശ്ശികയും വിതരണംചെയ്‌തു. 13 ലക്ഷത്തിലധികം ജീവനക്കാർക്കാണ്‌ ആനുക‍ൂല്യം ലഭിച്ചത്‌. കരാർ, സ്‌കീം തൊഴിലാളികൾ, കശുവണ്ടി ഫാക്‌ടറികളിലേയും തോട്ടങ്ങളിലേയും കയർ മേഖലയിലെയും തൊഴിലാളികൾ തുടങ്ങി സഹായമെത്താത്തവരാരുമില്ല. 3.8 ലക്ഷം പരമ്പരാഗത തൊഴിലാളികൾക്ക്‌ മാത്രം 50 കോടി അധികസഹായം ലഭ്യമാക്കി. ജനങ്ങളിൽ പണമെത്തിച്ചതോടെ വിപണിയും സജീവമായി.


വിലക്കയറ്റം എന്ന പേരുപോലും ഇ‍ൗ ഓണക്കാലത്തുയർന്നില്ല. റേഷൻകടയിലൂടെ അഞ്ചുകിലോ അരി അധികമായി നൽകാൻ കേന്ദ്രസർക്കാരിനെ സമീപിച്ചപ്പോൾ നിഷേധിച്ചെങ്കിലും യഥേഷ്‌ടം അരി വിതരണംചെയ്‌തു. വെള്ളക്കാർഡുകാർക്ക്‌ 43 കിലോ അധിക അരിയാണ്‌ ലഭ്യമാക്കിയത്‌. റേഷൻകട വഴി 15 കിലോയും സപ്ലൈകോയിലൂടെ എട്ട്‌ കിലോ സബ്‌സിഡി അരിയും 25 രൂപ നിരക്കിൽ 20 കിലോ ശബരി അരിയും നൽകി.


നീലക്കാർഡുകാർക്കും പിങ്ക്‌ കാർഡുകാർക്കും സഹായമെത്തിച്ചു. ഏകദേശം 82 ലക്ഷം റേഷൻ കാർഡുകാർക്കാണ്‌ പ്രയോജനപ്പെട്ടത്‌. മഞ്ഞകാർഡുകാർക്ക്‌ സ‍ൗജന്യകിറ്റും നൽകി. സഹകരണ സംഘങ്ങൾ വഴി കൺസ്യൂമർഫെഡും കുടുംബശ്രീ ജില്ലാ മേളകളും പ്രാദേശിക തലത്തിൽ കുടുംബശ്രീ കൂട്ടായമ്കളുടെ പച്ചക്കറി, പൂകൃഷിയും വിപണിയെ സജീവമാക്കി. ആവശ്യത്തിന്‌ പച്ചക്കറികളും എത്തിക്കാനായി. സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ പച്ചക്കറികൃഷിയും ഇ‍ൗ ഓണം കളറാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home