അച്ഛൻ മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊന്നു
ഓമനപ്പുഴ കൊലപാതകം: ശകാരം, തർക്കം, കൊലപാതകം; മറ്റ് കുടുംബാംഗങ്ങൾക്കും പങ്കുള്ളതായി സംശയം

മാരാരിക്കുളം: ഓമനപ്പുഴ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജോസ് മകൾ ഏയ്ഞ്ചൽ ജാസ്മിനെ കഴുത്തു മുറുക്കി കൊലപ്പെടുത്തുമ്പേൾ ബന്ധുക്കൾ വീട്ടിലുണ്ടായിരുന്നതായി വിവരം. ജാസ്മിൻ സ്ഥിരമായി വീട്ടുകാരുമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ജാസ്മിൻ പതിവായി വീട്ടിൽ വൈകി വരുന്നതിനെച്ചൊല്ലി തർക്കമുണ്ടായതായാണ് വിവരം. ചൊവ്വാഴ്ച്ച നടന്ന വഴക്കിനിടെ ഫ്രാൻസിസ് ( ജോസ്) ഏയ്ഞ്ചലിന്റെ കഴുത്തിൽ ഞെരിച്ചു. തുടർന്ന് തോർത്തിട്ട് മുറുക്കി. ഈ സമയം ഫ്രാൻസിന്റെ അച്ഛൻ സേവ്യറും, അമ്മ സൂസമ്മയും, ഭാര്യ സിന്ധുവും വീട്ടിലുണ്ടായിരുന്നു.
പുലർച്ചെ ആറിന് മകളെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് പറഞ്ഞ് കരയുന്നത് കേട്ടാണ് അയൽവാസികൾ വിവരം അറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. മകൾ എങ്ങനെയോ മരിച്ചു എന്നാണ് കുടുംബം പറഞ്ഞിരുന്നത്. കൊലപാതകം കുടുംബത്തിലെ മറ്റുള്ളവരും അറിഞ്ഞിരുന്നു എന്നും പൊലീസ് സംശയിക്കുന്നു. ഇത് ഉറപ്പുവരുത്താൻ മറ്റുള്ളവരെയും ചോദ്യം ചെയ്യും. ബുധനാഴ്ച്ച രാത്രി പൊലീസ് വീട് പൂട്ടി കുടുംബാംഗങ്ങളെ സമീപത്തെ ഷെഡിലേക്ക് മാറ്റി.
ഓമനപ്പുഴയിൽ ചൊവ്വാഴ്ച്ചയാണ് സംഭവം. മാരാരിക്കുളം കുടിയാംശേരിൽ എയ്ഞ്ചൽ ജാസ്‌മിൻ (28) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അച്ഛൻ ഫ്രാൻസിസിനെ (ജോസ്–-58) മണ്ണഞ്ചേരി പൊലീസ് അറസ്‌റ്റ് ചെയ്‌തു. സ്വാഭാവിക മരണമെന്ന് ആദ്യം കരുതിയെങ്കിലും പൊലീസിന്റെ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ മകളെ കട്ടിലിൽ കിടത്തിയെന്നും മരണം ഉറപ്പാക്കാൻ തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചതായുമാണ് റിപ്പോർട്ട്.
ഭർത്താവുമായി പിണങ്ങി ആറുമാസമായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്ന എയ്ഞ്ചലിനെ ബുധൻ രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കാണ്ടെത്തുകയായിരുന്നു. ചെട്ടികാട് ആശുപത്രിയിൽ ഡോക്‌ടർമാർ നടത്തിയ പരിശോധനയിൽ കഴുത്തിൽ പാടുകൾ കണ്ടു. ഇതിനെത്തുടർന്ന് മണ്ണഞ്ചേരി പൊലീസിനെ വിവരം അറിയിച്ചു. കൊലപാതകമാണെന്ന സംശയം ബലപ്പെട്ടതോടെ ഫ്രാൻസിസിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. കഴുത്തിൽ തോർത്ത് മുറുക്കിയാണ് മകളെ കൊലപ്പെടുത്തിയതെന്ന് ഫ്രാൻസിസ് പൊലീസിനോട് പറഞ്ഞു. ജാസ്മിന്റെ സംസ്കാരം ഇന്ന് നടക്കും.









0 comments