ad
Deshabhimani

പുതിയ പ്രസിഡന്റും കണക്കാ; വയനാട് ഫണ്ട് മുക്കലിന്റെ നേതാവ്; ദുരന്തബാധിതരുടെ പേരിൽ തട്ടിച്ചത് 18 ലക്ഷം

Rahul Mamkootahil O J Janeesh

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ഒ ജെ ജനീഷ്

വെബ് ഡെസ്ക്

Published on Oct 14, 2025, 12:58 PM | 2 min read

തിരുവനന്തപുരം: രണ്ടു മാസംനീണ്ട ഗ്രൂപ്പുപോരിനും വടംവലിക്കും ഒടുവിൽ ഹൈക്കമാൻഡ് കണ്ടെത്തിയ യൂത്ത് കോൺ​ഗ്രസിന്റെ പുതിയ സംസ്ഥാന പ്രസിഡന്‍റും ഫണ്ട് വെട്ടിപ്പ് ആരോപണം നേരിടുന്നയാൾ. പുതിയ സംസ്ഥാന പ്രസിഡന്‍റായി നിയമിക്കപ്പെട്ട ഒ ജെ ജനീഷിനെതിരെ 18 ലക്ഷം രൂപയുടെ തിരിമറി ആരോപണമാണുള്ളത്. ജനീഷിന് നടത്തിയ ഫണ്ട് തിരിമറിയിൽ നടപടി ആവശ്യപ്പെട്ട് ഐസിസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് തൃശൂർ ഡിസിസി അം​ഗമായ ജെലിൻ ജോർജ് പരാതി നൽകിയിരുന്നു.


തൃശൂർ ജില്ലാ യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റായിരിക്കെയാണ് വയനാട് ദുരന്തബാധിതർക്കെന്ന പേരിൽ സമ്മാനക്കൂപ്പൺ അച്ചടിച്ച് പണപ്പിരിവ് നടത്തിയത്. പിരിച്ചെടുത്ത തുകയ്ക്ക് കൃത്യമായ കണക്കില്ലെന്നും, നിയമസഹായത്തിനായി ശേഖരിച്ച പണം ദുരുപയോഗം ചെയ്തുവെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.


പിരിച്ചെടുത്ത പണം എവിടെപ്പോയി എന്ന് ആർക്കും അറിയില്ല. ജില്ലാ യൂത്ത് കോൺ​ഗ്രസ് വൈസ് പ്രസിഡന്റായിരിക്കെ താനുൾപ്പെടെയുള്ള പ്രവർത്തകർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു പൈസപോലും ദുരന്തബാധിതർക്കായി നൽകാൻ ജനീഷ് തയ്യാറായില്ല. പിരിച്ചെടുത്ത പണം ജനീഷ് വ്യക്തിപരമായ ആവശ്യങ്ങൾക്ക് ദുരുപയോ​ഗിച്ചു എന്നത് വ്യക്തമാണ്. തുക എത്രയും വേ​ഗം തിരിച്ചുപിടിച്ച് കേസുകൾ നടത്തുന്നതിന് പണമില്ലാത്ത പ്രവർത്തകർക്ക് വിതരണം ചെയ്യണം. കോൺ​ഗ്രസോ യൂത്ത് കോൺ​ഗ്രസോ നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്നും പരാതിയിൽ പറയുന്നുണ്ട്.


Jelin John complaint agianst O J Janeeshഒ ജെ ജനീഷ് നടത്തിയ ഫണ്ട് വെട്ടിപ്പിനെക്കുറിച്ച് ജെലിൻ ജോൺ ഐസിസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് നൽകിയ പരാതി


ദുരന്തബാധിതർക്കായി സംസ്ഥാനതലത്തിൽ 2.80 കോടിയും സ്‌പോൺസർഷിപ്പ്‌ തുകയും ശേഖരിച്ച്‌ 30 വീടുകൾ നിർമിക്കുമെന്നായിരുന്നു യൂത്ത് കോൺ​ഗ്രസ് അധ്യക്ഷനായിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ പ്രഖ്യാപിച്ചത്. മണ്ഡലം കമ്മിറ്റികൾക്ക്‌ രണ്ടര ലക്ഷം വീതം ക്വോട്ടയും നൽകി. എന്നാൽ പറഞ്ഞതിലേറെയും പിരിച്ചെടുത്തിട്ടും ഒരു പൈസ പോലും ദുരന്തബാധിതർക്കായി ഇതേവരെ നൽകിയില്ല. പിരിച്ചെടുത്ത തുകയുടെ കൃത്യമായ കണക്കും പുറത്തുവിടാൻ മാങ്കൂട്ടത്തിൽ തയ്യാറായിട്ടില്ല. ഷാഫി പറമ്പിൽ എംപിയാണ് ഫണ്ട് വെട്ടിപ്പിനെക്കുറിച്ച് മറുപടി നൽകാതിരിക്കാൻ തുടക്കം മുതൽ മാങ്കൂട്ടത്തിലിന് സംരക്ഷണം ഒരുക്കുന്നത്.


ലൈംഗിക പീഡന, ഗർഭഛിദ്ര ആരോപണങ്ങളെതുടർന്ന്‌ പുറത്തായ മാങ്കൂട്ടത്തിലിന്‌ പകരക്കാരനായി ജനീഷിനെ കഴിഞ്ഞ ദിവസമാണ് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഹൈക്കമാൻഡ് നിയമിച്ചത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോ​ഗിച്ച് വിവാദമായ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്താണ് ജനീഷ് എത്തിയത്. തെരഞ്ഞെടുപ്പിൽ 1.70 ലക്ഷം വോട്ട് അബിൻ വർക്കി നേടിയപ്പോൾ 19,000 വോട്ട് മാത്രമാണ് ജനീഷിന് ലഭിച്ചത്. മാങ്കൂട്ടത്തിലിനൊപ്പം ഫണ്ട് വെട്ടിപ്പിന് കൂട്ടുനിന്ന ജനീഷിനെ അധ്യക്ഷനാക്കിയതിൽ അണികൾക്കിടയിൽ കടുത്ത അമർഷമുണ്ട്.


രമേശ്‌ ചെന്നിത്തലയുടെയും ഐ ഗ്രൂപ്പിന്റെയും കടുത്ത എതിർപ്പ്‌ അവഗണിച്ചാണ്‌ കെ സി വേണു​ഗോപാൽ പക്ഷക്കാരായ ജനീഷിനെ സംസ്ഥാന പ്രസിഡന്റായും ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡന്റായും നിയമിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home