ad
Deshabhimani

നഴ്സുമാരെ മറയാക്കി സമരം; പ്രസംഗങ്ങളിലുടനീളം രാഷ്ട്രീയ പരാമര്‍ശങ്ങളും, വ്യക്തിയധിക്ഷേപവും

UNA Protest

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല (വലത്) , യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ (നടുവില്‍), യുഎന്‍എ നേതാവ് ഹാരിസ് മണലംപാറ (ഇടത്)

വെബ് ഡെസ്ക്

Published on Mar 04, 2026, 05:36 PM | 1 min read

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള യുഎന്‍എയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ അടിമുടി രാഷ്ട്രീയ പരാമര്‍ശങ്ങളും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ വ്യക്തിയധിക്ഷേപവും. നഴ്സുമാരുടെ വേതന വര്‍ധന കാലങ്ങളായുള്ള ആവശ്യമാണെന്നിരിക്കെ ഇതിനെ മറയാക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള തിരക്കിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍. ഇതിന് തെളിവാണ് സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ മുഴുനീളെ നാം കണ്ട രാഷ്ട്രീയ കവല പ്രസംഗങ്ങള്‍.


'ആരോഗ്യമന്ത്രി ഇപ്പോള്‍ ഏറ്റവും നല്ല നടിയായിട്ടാണ് അറിയപ്പെടുന്നത്, അവരുടെ നാട്യത്തിന് അവര്‍ഡ് കൊടുക്കേണ്ട സമയമാണിത്, കേരളത്തിലെ ജനങ്ങളെ ഇതുപോലെ അപഹസിക്കുന്ന ഒരു ആരോഗ്യമന്ത്രിയെ നമ്മള്‍ കണ്ടിട്ടില്ല' എന്നാണ് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ വേതനം 40,000 രൂപയാക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് നടത്തുന്ന സമരത്തിലാണ് ആരോഗ്യമന്ത്രിക്ക് നേരെയുള്ള രമേശ് ചെന്നിത്തലയുടെ അധിക്ഷേപം.


കൂടാതെ, 'വീണയെ ചികിത്സിച്ച ഡോക്ടര്‍മാരില്‍ സൈക്യാട്രിസ്റ്റില്ല, ഇല്ലാത്തത് കാണുമ്പോള്‍ ആ രോഗത്തിനുള്ള ഡോക്ടറെയല്ല കാണിക്കേണ്ടത്' എന്നാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ പറഞ്ഞത്. നഴ്സുമാരുടെ ശമ്പള വര്‍ധനവില്‍ തീരുമാനം കൈകൊള്ളേണ്ടത് തൊഴില്‍വകുപ്പാണെന്നിരിക്കെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നേരെ അധിക്ഷേപ പരാമര്‍ശം നടത്തുവാനാണ് കോണ്‍ഗ്രസ് നേതൃത്വം തുനിയുന്നത്. ഇതിന് കുടപിടിക്കുകയാണ് ജാസ്മിന്‍ ഷായും കൂട്ടരും.


തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ ആരോഗ്യ രംഗത്ത് ഉയര്‍ന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിക്കുന്നു, ഇതാണ് നഴ്സുമാരെ മറയാക്കിയുള്ള യുഎന്‍എ യുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചിന്‍റെ ലക്ഷ്യം. കോണ്‍ഗ്രസ് നേതാവായ ഡോ. എസ്എസ് ലാലിനെ അടുത്ത ആരോഗ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള യുഎന്‍എ നേതാവ് ഹാരിസ് മണലംപാറയുടെ വാക്കുകള്‍ നഴ്സ് സമരത്തില്‍ കോണ്‍ഗ്രസ് ഇടപെടലിനെ സാധൂകരിക്കുന്നു.


ഇവിടെ ആര് ഭരിക്കണം, എങ്ങനെ ഭരിക്കണമെന്ന് അറിയാമെന്ന് പ്രഖ്യാപിച്ച യുഎന്‍എ നേതാവ് ജാസ്മിന്‍ ഷായും രാഷ്ട്രീയ ലക്ഷ്യം അടിവരയിടുന്നു. നഴ്സുമാരുടെ ആവശ്യം പോലും തെരഞ്ഞെടുപ്പ് ആയുധമാക്കുന്ന നെറികെട്ട രാഷ്ട്രീയ ലക്ഷ്യം ഇതിലൂടെ വെളിവാകുന്നു. അതേസമയം, സംസ്ഥാനത്ത്‌ സ്വകാര്യആശുപത്രികളിൽ നിക്ഷേപം നടത്താൻ എത്തിയ വൻകിട കോർപറേറ്റുകളും സമരത്തിനു പിന്നിലുണ്ടെന്ന്‌ ആക്ഷേപം ഉയർന്നിട്ടുണ്ട്‌.








Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home