print edition മന്നം സമാധിയിൽ ആർക്കും വിലക്കില്ല; പ്രസ്താവന രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ: സുകുമാരൻ നായർ

കോട്ടയം: എൻഎസ്‌എസിനെതിരായ പ്രസ്‌താവനകൾക്കുപിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളാണെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഉപരാഷ്ട്രപതിയുടെയും സുരേഷ് ഗോപിയുടെയും വിമർശങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം പെരുന്നയിൽ എൻഎസ്‌എസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തിൽ എൻഎസ്എസ് പരസ്യപ്രതികരണത്തിനില്ല. മന്നം സമാധിയിൽ പ്രവേശിക്കുന്നതിന് ആർക്കും വിലക്കില്ല. പക്ഷേ, വിഐപി സുരക്ഷയുടെ പേരിൽ മന്നം സമാധിയിൽ നായയെയുംകൊണ്ടുവന്നുള്ള പരിശോധന അംഗീകരിക്കാനാകില്ല. എൻഎസ്എസ് ക്ഷേത്രംപോലെ കാണുന്ന സ്ഥലമാണ് മന്നം സമാധി. സുരേഷ് ഗോപി കയറാൻ ശ്രമിച്ചത് ബജറ്റ് യോഗത്തിനുള്ളിലാണ്.
മന്നം സമാധിയിൽ അന്നുതന്നെ പുഷ്പാർച്ചന നടത്തിയതാണെന്നും സുകുമാരൻ നായർ പറഞ്ഞു.കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ എൻഎസ്‌എസ് ജനറൽ സെക്രട്ടറിയെ വിമർശിച്ചിരുന്നു. നിങ്ങളാണ് എല്ലാമെന്ന് കരുതരുതെന്നും, എല്ലാം മന്നത്തിന്റെ സംഭാവനയാണെന്നുമാണ് ഉപരാഷ്ട്രപതി പറഞ്ഞത്.
ഇന്നയാൾ വരരുത്, വരണം എന്ന് തീരുമാനിക്കാൻ തനിക്ക് അധികാരമുണ്ടെന്നുള്ള ചിന്ത ജനറൽ സെക്രട്ടറി മാറ്റണമെന്നും പറഞ്ഞിരുന്നു.ഡൽഹിയിൽ മന്നം ഇന്റർനാഷണൽ സെന്ററിൽ സ്ഥാപിച്ച മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമർശം.










0 comments