ad
Deshabhimani

print edition സെൻസസ് ചോദ്യാവലിയിലൂടെ 
എൻപിആർ ഒളിച്ചുകടത്തുന്നു: പിണറായി

Census 2027
വെബ് ഡെസ്ക്

Published on Aug 20, 2026, 01:30 AM | 1 min read

തിരുവനന്തപുരം: സെൻസസ് ചോദ്യാവലിയിൽ മാതാപിതാക്കളുടെ ജനനസ്ഥലവും മതവും ഉൾപ്പെടുത്തിയതിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) തയ്യാറാക്കാനുള്ള അജൻഡയാണ്‌ കേന്ദ്രം ഒളിച്ചുകടത്തുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം അപലപനീയമാണെന്ന്‌ അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.


സെൻസസും എൻപിആറും രണ്ടാണെങ്കിലും സെൻസസിനൊപ്പം എൻപിആർ കൂടി ഉൾപ്പെടുത്താനാണ് കേന്ദ്രത്തിന്റെ ശ്രമം. എൻപിആറിലെ വിവരങ്ങൾ അരിച്ചെടുത്താണ് എൻആർസി ലിസ്റ്റ് തയ്യാറാക്കുന്നതെന്നും എൻപിആർ എന്നത് എൻആർസിയുടെ ആദ്യപടിയാണെന്നും 2018-–19ലെ ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ടിലുണ്ട്‌.


പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നത്‌ അംഗീകരിക്കാനാകില്ല. ഇത്തരം ദുരൂഹചോദ്യങ്ങൾ ഒഴിവാക്കണം. പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യമിട്ടുള്ള സംഘപരിവാറിന്റെ അപകടകരമായ നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കാൻ മതനിരപേക്ഷ സമൂഹം മുന്നോട്ടുവരണം.


വിഷയത്തിൽ യുഡിഎഫ് സർക്കാർ പുലർത്തുന്ന മൗനം ആശങ്കപ്പെടുത്തുന്നു. എൻപിആറിൽ കോൺഗ്രസിന്റെ കൈകൾ ഒട്ടും ശുദ്ധമല്ലെന്നതുതന്നെയാണ്‌ പ്രധാനകാരണം. 2003ലെ വാജ്‌പേയ് സർക്കാരിന്റെ പൗരത്വ നിയമഭേദഗതിയിലൂടെയാണ് എൻആർസിയും എൻപിആറും വന്നതെങ്കിലും 2010ൽ നടപ്പാക്കിയത് യുപിഎ സർക്കാരാണ്. എൻആർസിയിലേക്ക് നീളുന്ന എൻപിആർ, ഡിഎൻഎ പ്രൊഫൈലിങ്‌ തുടങ്ങിയ നയങ്ങൾക്ക് തുടക്കമിട്ടത് കോൺഗ്രസാണ്‌.


കേരളത്തിൽ എൻപിആർ നടപടികളുണ്ടാവില്ലെന്ന്‌ എൽഡിഎഫ് സർക്കാർ 2019ൽ ഉത്തരവിലൂടെ തീരുമാനിച്ചതാണ്. സെൻസസ് പുനരാരംഭിക്കുമ്പോൾ എൻപിആർ നടപ്പാക്കില്ല എന്ന്‌ ഉറപ്പുവരുത്താൻ വിജ്ഞാപനവും ഇറക്കി.

ഭരണമാറ്റത്തോടെ കേരളത്തിലും കേന്ദ്രത്തിന്റെ രാഷ്ട്രീയ അജൻഡകൾ ഒന്നൊന്നായി നടപ്പാക്കുകയാണ് യുഡിഎഫ് – പിണറായി പ്രസ്‌താവനയിൽ പ
റഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home