print edition ഇനി ‘കേരളം’ നിയമം പ്രാബല്യത്തിലായി


സ്വന്തം ലേഖകൻ
Published on Aug 26, 2026, 01:30 AM | 1 min read
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഒൗദ്യോഗിക നാമം ഇനി കേരളം എന്നാകും. ‘കേരള’ കേരളമാക്കിയുള്ള ഒൗദ്യോഗിക വിജ്‌ഞാപനം ചൊവ്വാഴ്‌ച പുറത്തിറങ്ങി. തിരുവോണ തലേന്ന് വിജ്‌ഞാപനമിറങ്ങിയത് കേരളത്തിന് ഓണസമ്മാനമായി. 2024 ജൂണിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പേരുമാറ്റം ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ പാസാക്കിയിരുന്നു. ഇതേ തുടർന്നാണ് നിയമനിർമാണ നടപടികളിലേക്ക് കേന്ദ്രസർക്കാർ നീങ്ങിയത്.
സംസ്ഥാന നിയമസഭയുടെ അഭിപ്രായം രാഷ്ട്രപതി തേടിയതിന് ശേഷമാണ് ബില്ലിന് രൂപം നൽകിയത്. പേരുമാറ്റം നിർദേശിച്ചുള്ള ബിൽ പാർലമെന്റിന്റെ ഇരുസഭകളും 13ന് അവസാനിച്ച വർഷകാല സമ്മേളനത്തിൽ പാസാക്കി. തൊട്ടടുത്ത ദിവസം തന്നെ രാഷ്ട്രപതി ഒപ്പുവച്ചതോടെ ബിൽ നിയമമായി മാറി. ഇപ്പോൾ വിജ്‌ഞാപനം ഇറങ്ങിയതോടെ നിയമം ഒൗദ്യോഗികമായി പ്രാബല്യത്തിലായി. സർക്കാർ രേഖകളിലും നിയമങ്ങളിലും മറ്റും ഇനി മുതൽ ‘കേരള’ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് ‘കേരളം’ എന്നാക്കി തിരുത്തണം. ഒരു വർഷത്തിനുള്ളിലാണ് പേരുമാറ്റൽ പ്രക്രിയ പൂർത്തീകരിക്കേണ്ടത്. കോടതി വ്യവഹാരങ്ങളിൽ ‘സ്‌റ്റേറ്റ് ഓഫ് കേരള’ എന്നുണ്ടായിരുന്നത് ഇനി ‘സ്‌റ്റേറ്റ് ഓഫ് കേരളം’ ആയി മാറും.










0 comments