കൗണ്‍സിലിങ്ങിനായി 24 മണിക്കൂറും ടെലി മനസ്സ് സേവനം
ഇറാൻ, ഇസ്രയേൽ-പശ്ചിമേഷ്യ സംഘർഷം: പ്രവാസികൾക്കായി നോർക്ക കൺട്രോൾ റൂമുകള്‍ സജ്ജം

തിരുവനന്തപുരം: ഇറാൻ-ഇസ്രായേൽ സംഘർഷം പശ്ചിമേഷ്യയിൽ തുടരുന്ന സാഹചര്യത്തിൽ പ്രവാസികളുടെയും വിദേശയാത്രക്കാരുടെയും സുരക്ഷ മുൻനിർത്തി നോർക്ക റൂട്ട്സ് വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. നോർക്ക സെന്ററിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനങ്ങൾ.
നോർക്ക സെന്ററിൽ റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം നിലവിലെ സാഹചര്യം വിലയിരുത്തി. ഇതിന്റെ ഭാഗമായി വിവിധ ഗൾഫ് രാജ്യങ്ങളിൽ പ്രത്യേക റീജിയണൽ വിജിലൻസ് കോ-ഓർഡിനേഷൻ ടീമുകളും സഹായം എത്തിക്കുന്നതിനായി നോർക്ക കൂട്ടായ്മകളും രൂപീകരിച്ചു. ലോക കേരള സഭാംഗങ്ങൾ, എംബസി വോളണ്ടിയർമാർ, അംഗീകൃത പ്രവാസി സംഘടനകൾ എന്നിവർ ഈ കൂട്ടായ്മകളിൽ അംഗങ്ങളായിരിക്കും.
നോർക്ക സെന്ററിൽ രാത്രി 10 മണി വരെ പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കി. കൂടാതെ ഡൽഹി കേരള ഹൗസിലും 24 മണിക്കൂർ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്.
യുദ്ധസമാനമായ സാഹചര്യത്തിൽ ആശങ്കയിലുള്ള പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും മാനസിക പിന്തുണ നൽകാൻ 'ടെലി മനസ്സ്' വഴി 24 മണിക്കൂർ സൗജന്യ കൗൺസിലിങ്ങ് ലഭ്യമാണ്. (ഫോൺ: +91 471 2430001, ഇന്ത്യയിൽ നിന്ന്: 14416).
സഹായത്തിനായി ബന്ധപ്പെടാം:
അന്താരാഷ്ട്ര മിസ്ഡ് കോൾ: +91 8802012345
ഇന്ത്യയിൽ നിന്നുള്ള ടോൾ ഫ്രീ നമ്പർ: 1800 425 3939
കേരള ഹൗസ് (ഡൽഹി): 011-23747079, +91 9310443880
കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും ഇന്ത്യൻ മിഷനുകളുമായും ചേർന്ന് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഏകോപന പ്രവർത്തനങ്ങൾ നോർക്ക തുടരുകയാണ്.
വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരും പരീക്ഷയ്ക്കും വിവാഹത്തിനുമായി നാട്ടിലെത്തേണ്ടവരും ഉൾപ്പെടെ 102 പേർ നോർക്ക ഹെൽപ്പ് ഡെസ്കിനെ ബന്ധപ്പെട്ടു. ഇവർക്ക് ആവശ്യമായ അടിയന്തര സഹായങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
ഖത്തറിൽ നിന്ന് സുരക്ഷാ ആശങ്കകളും യാത്രാ തടസ്സങ്ങളും അറിയിച്ച് 54 പേരും ബഹ്റൈനിൽ നിന്ന് 51 പേരും സഹായം തേടി. കുവൈറ്റ്, ഒമാൻ, സൗദി അറേബ്യ, യു.കെ എന്നിവിടങ്ങളിൽ നിന്നും പൊതുവായ അന്വേഷണങ്ങൾ ലഭിച്ചു. വിസ കാലാവധി സംബന്ധിച്ച ആശങ്കയുള്ളവർക്കും താമസ സൗകര്യവും മരുന്നും ആവശ്യപ്പെട്ടവർക്കും ആവശ്യമായ മുൻഗണന നൽകുന്നുണ്ട്.










0 comments