Deshabhimani

print edition പ്രവാസികൾക്ക്‌ സർക്കാരിന്റെ ഇരുട്ടടി; ആരോഗ്യ ഇൻഷുറൻസ്‌ പ്രീമിയം ഇരട്ടിയാക്കി

health insurance
വെബ് ഡെസ്ക്

Published on Oct 29, 2026, 01:30 AM | 1 min read

തിരുവനന്തപുരം : വിദേശത്ത് കഴിയുന്ന പ്രവാസികൾക്ക് ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കുകൾ വർധിപ്പിച്ച്‌ സംസ്ഥാന സർക്കാർ. വിമാന ടിക്കറ്റ്‌ നിരക്കിലെ കൊള്ള, പ്രവാസി പെൻഷനിലെ അവഗണന തുടങ്ങിയവ നേരിടുന്നതിന്‌ പുറമേയാണ്‌ ചികിത്സയ്‌ക്കായി എൽഡിഎഫ്‌ സർക്കാർ കൊണ്ടുവന്ന നോർക്ക കെയർ ഇൻഷുറൻസിലും യുഡിഎഫ്‌ സർക്കാരിന്റെ ഇരുട്ടടി.


പുതിയ നിരക്കുപ്രകാരം അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത ചികിത്സാ പരിരക്ഷയ്ക്ക് 51 – 60 പ്രായവിഭാഗത്തിൽ 21,722 രൂപയും 61 –70 വിഭാഗത്തിൽ 28,326 രൂപയും 71 – 80 വിഭാഗത്തിൽ 48,279 രൂപയുമാണ് പ്രീമിയം. കുടുംബ ചികിത്സാ പരിരക്ഷയ്ക്ക് ഇതേ വിഭാഗങ്ങളിൽ യഥാക്രമം 35,664, 44,718, 77,773 രൂപയും നൽകണം.


രണ്ട് മക്കൾ ഉൾപ്പെടെയുള്ള കുടുംബത്തിന്റെ പോളിസി തുക 13,411 ആയിരുന്നത്‌ 35,664 രൂപയാകും. ഒറ്റയടിക്ക് 22,253 രൂപ കൂട്ടി. ഇത്രയും ഭീമമായ തുക നൽകി ഇൻഷുറൻസ് പുതുക്കേണ്ട സാഹചര്യം സാധാരണ പ്രവാസികൾക്ക് വലിയ ബാധ്യതയാകും. 2025 നവംബർ 30-ന് അവസാനിച്ച ആദ്യഘട്ട എൻറോൾമെന്റിൽ 1,32,034 കുടുംബങ്ങൾ അംഗങ്ങളായി. ഇതിലൂടെ അഞ്ച് ലക്ഷത്തിലധികം കുടുംബാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമായിരുന്നു.


സെപ്‌തംബർ 18-ന് അവസാനിച്ച നോർക്ക കെയർ പ്ലസിൽ 95,580 കുടുംബങ്ങൾ അംഗങ്ങളായി. ആകെ 2,27,614 കുടുംബങ്ങളാണ്‌ പദ്ധതിയിൽ. ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായുള്ള നോർക്കയുടെ കരാർ 31-ന് അവസാനിക്കാനിരിക്കെയാണ്‌ പ്രീമിയം വർധന.

​

പ്രീമിയം വർധന 
പിൻവലിക്കണം: 
പ്രവാസിസംഘം



നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന അടിയന്തരമായി പിൻവലിച്ച് പ്രവാസികൾക്ക് താങ്ങാവുന്ന നിരക്കിൽ ചികിത്സാ പരിരക്ഷ ഉറപ്പാക്കണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രായം കൂടുന്നതിനനുസരിച്ച് ചികിത്സയുടെ ആവശ്യകത വർധിക്കുമ്പോൾ ഇൻഷുറൻസ് പരിരക്ഷ ചെലവേറിയതാകുന്നത് ആരോഗ്യസുരക്ഷയ്ക്ക് തിരിച്ചടിയാണ്.


ആശ്വാസമാകേണ്ട പദ്ധതി സാമ്പത്തിക ബാധ്യതയാകരുത്. പ്രവാസികളെ ദ്രോഹിക്കുന്ന സമീപനം സർക്കാർ അവസാനിപ്പിച്ചില്ലെങ്കിൽ പ്രവാസികളെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ ഗഫൂർ പി ലില്ലീസും ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടിയും പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home