നോക്യാപിന്റെ ഫേസ്ബുക്ക് പേജ് പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്; യുഡിഎഫ് സർക്കാരിന് തിരിച്ചടി

കൊച്ചി: ഓൺലൈൻ മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജിന് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് കേരള ഹൈക്കോടതി. പേജിലെ ഉള്ളടക്കത്തിനുതാഴെ വന്ന ചില കമന്റുകൾ നീക്കം ചെയ്തശേഷം വീണ്ടും പ്രവർത്തിപ്പിക്കാനാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ എ എ അനുമതി നൽകിയത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതുമുതൽ, സതീശനെയും സർക്കാരിനെയും വിമർശിക്കുന്ന, നിരവധി മാധ്യമങ്ങളുടെ ഉള്ളടക്കങ്ങളാണ് നീക്കം ചെയ്യപ്പെട്ടത്. തങ്ങൾക്കൊന്നുമറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി കൈയൊഴിയാൻ ശ്രമിച്ചെങ്കിലും, സർക്കാർ ആവശ്യപ്രകാരമാണ് വാർത്താ കാർഡുകൾ നീക്കിയതെന്ന് മെറ്റ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ചുകൊണ്ടുള്ള വാർത്തകൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെ റിപ്പോർട്ടർ ടിവി, ദേശാഭിമാനി, കൈരളി, ന്യൂസ് മലയാളം, ടി21 തുടങ്ങിയ മാധ്യമങ്ങളുടെ സാമൂഹ്യമാധ്യമ പേജുകളിൽനിന്ന് വാർത്താ കാർഡുകൾ നീക്കം ചെയ്യപ്പെട്ടിരുന്നു. തുടക്കത്തിൽ സർക്കാരിന്റെ അഴിമതിവാർത്തകളും വിമർശനങ്ങളുമാണ് മുക്കിയതെങ്കിൽ, പിന്നീട് സതീശന്റെ പടം ഉപയോഗിച്ചുള്ള ഉള്ളടക്കങ്ങൾക്ക് പോലും വിലക്കേർപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. മാധ്യമങ്ങളുടെയും കണ്ടന്റ് ക്രിയേറ്റർമാരുടെയുമെല്ലാം ഉള്ളടക്കങ്ങൾ വ്യാപകമായി നീക്കം ചെയ്യപ്പെട്ടു. അതല്ലെങ്കിൽ ഇന്ത്യയിൽ ലഭ്യമാകാത്ത തരത്തിൽ വിലക്കേർപ്പെടുത്തി. കേരളം സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് നോക്യാപിന്റെ ഫേസ്ബുക്ക് പേജ് മുഴുവനായി തടയപ്പെട്ട സംഭവം അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമങ്ങൾക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളെക്കുറിച്ചും ഗുരുതര ചോദ്യങ്ങൾ ഉയർത്തിയിരുന്നു.
സെപ്തംബർ 28നാണ് നോക്യാപിന്റെ ഫേസ്ബുക്ക് പേജിന് ഇന്ത്യയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. കേന്ദ്ര സർക്കാരിന്റെയോ നിയമപാലന ഏജൻസിയുടെയോ നോട്ടീസിന്റെ അടിസ്ഥാനത്തിൽ വിവരസാങ്കേതികവിദ്യാ നിയമത്തിലെ വകുപ്പ് 79(3)(b) പ്രകാരമാണ് നടപടിയെന്നായിരുന്നു മെറ്റയുടെ അറിയിപ്പ്. എന്നാൽ ഏത് വാർത്തയുടെയോ പോസ്റ്റിന്റെയോ പേരിലാണ് പേജ് തടഞ്ഞതെന്ന് വ്യക്തമാക്കിയിരുന്നില്ല. വിലക്കിന് കാരണമായ ഉത്തരവിന്റെ പകർപ്പും മാധ്യമത്തിന് ലഭിച്ചില്ല. ഇതോടെയാണ് നോക്യാപ് ചീഫ് എഡിറ്റർ ഹൈദർ അലി കെ ഹൈക്കോടതിയെ സമീപിച്ചത്.
പേജ് തടഞ്ഞതിലൂടെ നോക്യാപിന്റെ വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിന് വലിയ തടസ്സമാണ് നേരിട്ടത്. ഏകദേശം 1.62 ലക്ഷം പേർ പിന്തുടർന്നിരുന്ന ഫേസ്ബുക്ക് പേജാണ് ഇന്ത്യയിൽ ലഭ്യമല്ലാതായത്. ഇതോടെ മാധ്യമത്തിന്റെ പ്രേക്ഷകസാന്നിധ്യത്തിലും പരസ്യവരുമാനത്തിലും ഗണ്യമായ കുറവുണ്ടായതായി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു. വിലക്കിന് കാരണമായ ഉള്ളടക്കം ഏതാണെന്നുപോലും അറിയിക്കാതെ ഒരു മാധ്യമത്തിന്റെ പ്രധാന സാമൂഹ്യമാധ്യമ പേജ് തടയുന്നത് മാധ്യമസ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഒക്ടോബർ 26ന് ഹർജി പരിഗണിച്ച ഹൈക്കോടതി, നോക്യാപിന്റെ പേജ് തടയാൻ നിർദേശം നൽകിയിട്ടുണ്ടോയെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് വിശദീകരണം തേടി. കേരള പൊലീസിനും മെറ്റയ്ക്കും നോട്ടീസ് നൽകി. തുടർന്നാണ് നവംബർ അഞ്ചിന് കേസ് വീണ്ടും പരിഗണിച്ചത്.
നോക്യാപിന്റെ ചില പോസ്റ്റുകൾക്ക് താഴെയുള്ള വിദ്വേഷകരമായ കമന്റുകൾ നീക്കം ചെയ്യാൻ മാത്രമാണ് മെറ്റയോട് ആവശ്യപ്പെട്ടതെന്നും പേജ് പൂർണമായി തടയാൻ നിർദേശിച്ചിട്ടില്ലെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ വിശദീകരണം. ഇത് രേഖപ്പെടുത്തിയ കോടതി, പൊലീസ് ചൂണ്ടിക്കാട്ടിയ കമന്റുകൾ നീക്കിയശേഷം പേജ് പ്രവർത്തിപ്പിക്കാൻ അനുമതി നൽകി. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മെറ്റയ്ക്കും നിർദേശം നൽകി.
സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്കം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് നോക്യാപിന്റെ നിയമപോരാട്ടത്തിൽ ഹൈക്കോടതി ഇടപെടലുണ്ടാകുന്നത്. മാധ്യമങ്ങളുടെ പോസ്റ്റുകൾക്കും വാർത്താ കാർഡുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്ന നടപടികൾ അഭിപ്രായസ്വാതന്ത്ര്യത്തിന് ഉയർത്തുന്ന ഭീഷണി ഈ സംഭവത്തോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്.
ഡിജിറ്റൽ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ ഫ്രീഡം ലോ സെന്റർ ഇന്ത്യയുടെ സഹായത്തോടെയാണ് നോക്യാപ് നിയമപോരാട്ടം നടത്തിയത്. വിലക്കിന് കാരണമായ ഉത്തരവും ബന്ധപ്പെട്ട രേഖകളും പുറത്തുവിടണമെന്നും ഉള്ളടക്കം നീക്കം ചെയ്യുമ്പോൾ അതിന്റെ കാരണം ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.









0 comments