പൊതുവിദ്യാഭ്യാസവകുപ്പ്
print edition അക്കാദമിക മികവിന് വിലയില്ല; നിയമനങ്ങളിൽ മുഖ്യം രാഷ്‌ട്രീയം

വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍

ബിജോ ടോമി
Published on Jul 13, 2026, 12:00 AM | 1 min read
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളുടെ തലപ്പത്തെ നിയമനങ്ങളിൽ അക്കാദമിക താൽപ്പര്യങ്ങൾ അവഗണിക്കുന്നു. ഡയറക്‌ടർ തസ്‌തികകൾ അടക്കം രാഷ്‌ട്രീയ വീതംവയ്‌പ്പ് മാത്രമായി ചുരുങ്ങുകയാണ്. സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജി (എസ്‌ഐഇടി) ഡയറക്ടർ തസ്തികയിലേക്ക് ലാബ് ജീവനക്കാരനെ നിയമിച്ച് സർക്കാർ. പത്തനംതിട്ട വെച്ചൂച്ചിറ ഗവ. പോളിടെക്‌നിക് കോളേജിലെ ഡെമോൺസ്ട്രേറ്റർ ആയ ടി സിബി മുഹമ്മദിനാണ് നിയമനം. പോളിടെക്‌നികിലെ ലാബുകളിൽ വിദ്യാർഥികളെയും ലക്‌ചർമാരെയും സഹായിക്കുകയാണ് ഡെമോൺസ്ട്രേറ്റർമാരുടെ ചുമതല.
മുസ്ലിം ലീഗിന്റെ സർക്കാർ ജീവനക്കാരുടെ ഒൗദ്യോഗിക സംഘടനയായ സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്‌ഇയു) സംസ്ഥാന പ്രസിഡന്റാണ് ഇദ്ദേഹം. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്കൂൾ വിദ്യാഭ്യാസ രംഗം കൂടുതൽ മെച്ചപ്പെടുത്തുകയാണ് എസ്‌ഐഇടിയുടെ പ്രധാന ചുമതല. വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള ഡിജിറ്റൽ പാഠ്യപദ്ധതികൾ തയ്യാറാക്കുന്നത് എസ്ഐഇടി മുഖേനയാണ്.
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്‌മെന്റ് ആൻഡ് ട്രെയിനിങ്ങി (സീമാറ്റ്)ലും അടിസ്ഥാന യോഗ്യതയില്ലാത്ത ആളെ ഡയറക്ടർ പദവിയിലേക്ക് നിയമിക്കാൻ നീക്കമുണ്ട്. ഡോക്ടറേറ്റും ഭരണ പരിചയവുമാണ് പദവിയിലേക്കുള്ള അടിസ്ഥാന യോഗ്യത. ഇത് പരിഗണിക്കാതെയാണ് നിയമനമെന്നാണ് ആക്ഷേപം. സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റർ (എസ്‌ആർസി) ഡയറക്‌ടർ തസ്‌തികയിലും മാനദണ്ഡങ്ങൾ മറികടന്ന് യുപി സ്‌കൂളിൽ നിന്ന് വിരമിച്ചയാളെ നിയമിക്കാനാണ് ശ്രമം.
പിഎച്ച്‌ഡിയും മുതിർന്നവരുടെ തുടർവിദ്യാഭ്യാസമേഖലയിൽ അഞ്ചു വർഷത്തിൽ കുറയാതെയുള്ള പരിചയവുമടക്കമാണ് യോഗ്യത. എസ്‌സിഇആർടി ഡയറക്‌ടർ തസ്‌തികയിലേക്ക് ലീഗ് നേതാവിന്റെ മകനെയാണ് പരിഗണിക്കുന്നത്. എട്ടു വർഷം മുൻപ് വിരമിച്ചയാളെ സമഗ്രശിക്ഷ കേരളം (എസ്‌എസ്‌കെ) സ്‌റ്റേറ്റ് പ്രോജക്‌ട് ഡയറക്‌ടറായി നിയമിച്ചത് വിവാദമായിരുന്നു.











0 comments