"ചാനൽ ചർച്ചയിൽ കടലാസ് കാണിക്കും, കോടതിയിൽ കൈ രേഖയും; ഇതുപോലെ തിരിച്ചടിയേറ്റ പ്രതിപക്ഷം ചരിത്രത്തിലില്ല"

P Rajeev against mathew kuzhalnadan

മാത്യു കുഴൽനാടൻ, പി രാജീവ്

വെബ് ഡെസ്ക്

Published on Oct 07, 2025, 01:08 PM | 1 min read

തിരുവനന്തപുരം: ഹൈക്കോടതിയെ പോലും അം​ഗീകരിക്കില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്ന് മന്ത്രി പി രാജീവ്. ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി വിവാദത്തിൽ ഏത് അന്വേഷണത്തെയും സ്വാ​ഗതം ചെയ്യുന്നുവെന്ന് സർക്കാരും ദേവസ്വം ബോർഡും വ്യക്തമാക്കിയതാണ്. ഇപ്പോൾ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വരുമ്പോൾ അത് പോലും അം​ഗീകരിക്കാതെ കേവലം സങ്കുചിത രാഷ്ട്രീയത്തിന്റെ ഭാ​ഗമായാണ് പ്രതിപക്ഷം നിയമസഭ തടസ്സപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.


കോടതികളിൽനിന്ന് ഇതുപോലെ തിരിച്ചടിയേറ്റ ഒരു പ്രതിപക്ഷവും കേരള ചരിത്രത്തിലില്ല. പ്രതിപക്ഷത്തിനുള്ളത് പബ്ലിക് ഇന്ററസ്റ്റാണോ പബ്ലിസിറ്റി ഇന്ററസ്റ്റാണോ എന്ന് കെ ഫോൺ കേസിൽ ഹൈക്കോടതി ചോദിച്ചതാണ്. പ്രതിപക്ഷനേതാവും മുൻപ്രതിപക്ഷ നേതാവും എഐ കാമറയുമായി ബന്ധപ്പെട്ട് പോയപ്പോൾ രാഷ്ട്രീയ തർക്കത്തിനുള്ള വേദിയായി മാറ്റരുതെന്ന മുന്നറിയിപ്പാണ് ഹൈക്കോടതി നൽകിയത്.


"ഇവിടൊരു വക്കീലുണ്ട്, സ്വന്തമായി വക്കീൽ ഓഫീസൊക്കെ ഉള്ള ആളാണ്. കീഴ് കോടതിയിൽ പോയി തോൽക്കുമ്പോൾ പറയും അപ്പീൽ പോകാൻ വിധിയായിട്ടുണ്ടെന്ന്. ഹൈക്കോടതിയിൽ പോയി തോൽക്കുമ്പോഴും ഇത് തന്നെ പറയും. സുപ്രീംകോടതിയിൽ പോയപ്പോൾ, കോടതിയുടെ ഇതേവരെയുള്ള ചരിത്രത്തിൽ ആദ്യമായി ഒരു നിയമസഭാ സാമാജികനോട് പത്ത് ലക്ഷം രൂപ പിഴ അടപ്പിക്കണോ എന്ന് പോലും ചോദിച്ചു. ചാനൽ ചർച്ചയിൽ പോകുമ്പോൾ എന്ത് വിഷയത്തിലും കടലാസുണ്ടെന്ന് കാണിക്കും. ചാനലിലെ ജഡ്ജിമാർ സം​ഗതി കൊള്ളാമെന്ന് വിധിക്കും. പക്ഷേ, കോടതി ചോദിച്ചപ്പോൾ ശങ്കരാടിയെപ്പോലെ കൈ രേഖ കാണിക്കും"- സിഎംആർഎൽ എക്സാലോജിക് കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് സുപ്രീംകോടതിയിൽ നിന്നും ഏറ്റ തിരിച്ചടി ഓർമിപ്പിച്ച് മന്ത്രി നിയമസഭയില്‍ പറഞ്ഞു.


ശബരിമല ശില്‍പ്പപാളി വിവാദത്തില്‍ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്നാണ് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടത്. ബിജെപിയുടെ ഉപകരണമാണെന്ന് രാഹുൽ​ഗാന്ധിയും സോണിയാ ​ഗാന്ധിയും മല്ലികാർജുൻ ഖാർ​ഗെയും വിശേഷിപ്പിക്കുന്ന കേന്ദ്ര ഏജൻസികൾ തന്നെ ഇവിടെ വേണമെന്നാണ് പ്രതിപക്ഷം പറയുന്നത്. ബിജെപിയുടെ ആവശ്യം നിയമസഭയ്ക്കകത്ത് അവതരിപ്പിക്കുന്നവരായി യുഡിഎഫ് മാറിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home