ad
Deshabhimani

കേരളത്തിലുണ്ടായത് മിന്നൽപ്രളയം; മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായില്ലെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ

Neetha K Gopal Ranni Twon Flood

പമ്പാ നദി കരകവിഞ്ഞ് റാന്നി ടൗണിൽ വെള്ളം കയറിയപ്പോൾ (ഇടത്), നീത കെ ​ഗോപാൽ (വലത്)

വെബ് ഡെസ്ക്

Published on Aug 02, 2026, 10:41 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തനാശവും ദുരിതവും വിതച്ച മഴയിൽ മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ നീത കെ ​ഗോപാൽ പറഞ്ഞു. എല്ലാ ജില്ലകളിലും രണ്ട് ദിവസത്തേക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചത്. വ്യാപകമായി മഴ കിട്ടുമെന്നായിരുന്നു കണക്കുകൂട്ടൽ. മലയോരമേഖലകളിൽ വെള്ളം ഒഴുകിപ്പോകാൻ സാധിക്കാതിരുന്നതിനാൽ മിന്നൽപ്രളയമുണ്ടാകുകയായിരുന്നെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ മാധ്യമങ്ങളോട് പറഞ്ഞു.


മഴയുടെ ആഘാതം വരുംദിവസങ്ങളിലും തുടരും. പല സ്ഥലങ്ങളിലും നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വെള്ളച്ചാലുകൾ എല്ലാം തടസ്സങ്ങളില്ലാതെയാക്കുക എന്നതാണ് പ്രധാനമെന്നും നീത കെ ​ഗോപാൽ പറഞ്ഞു.


എന്നാൽ, അതിതീവ്ര മഴയ്ക്ക്‌ സാധ്യതയുണ്ടായിട്ടും ഓറഞ്ച് അലർട്ട് മാത്രം പുറപ്പെടുവിച്ചതിൽ വിമർശനം ശക്തമാണ്. ഒപ്പം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഓഫീസുകൾക്കും വൻവീഴ്‌ചയുണ്ടായി. ദുരിതബാധിത പ്രദേശങ്ങളിൽ സർക്കാർ സംവിധാനങ്ങൾ എത്തിക്കുന്നതില്‍ കാലതാമസവും നേരിട്ടു.


​അതിശക്തമായ മഴപെയ്ത പത്തനംതിട്ട ജില്ലയിലുൾപ്പെടെ വെള്ളി രാത്രിവരെയും ഓറഞ്ച്‌ അലർട്ട്‌ മാത്രമാണുണ്ടായിരുന്നത്‌. ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ പെയ്തേക്കുമെന്നായിരുന്നു അറിയിപ്പ്‌. എന്നാൽ പത്തനംതിട്ട ളാഹയിൽ മാത്രം ശനിയാഴ്ച രാവിലെ 8.30വരെ 248 മില്ലിമീറ്റർ മഴ പെയ്തു. റെഡ്‌ അലർട്ടിന്‌ സമാനമായി മഴ പെയ്യുമെന്ന്‌ അർധരാത്രി പിന്നിട്ടശേഷമാണ്‌ മുന്നറിയിപ്പ്‌ വന്നത്‌. നദികളിൽ പ്രളയസമാന രീതിയിൽ ജലനിരപ്പുയരുമെന്ന്‌ ശനിയാഴ്ച രാവിലെ 10ന്‌ ശേഷമാണ്‌ അറിയിച്ചത്‌. കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ മാത്രമാണ്‌ കടലാക്രമണ സാധ്യത പ്രഖ്യാപിച്ചത്‌. ​ശനി രാവിലെ തന്നെ പത്തനംതിട്ട ജില്ലയിലുള്‍പ്പെടെ കനത്ത മഴ പെയ്ത പ്രദേശങ്ങളില്‍ വിവിധ പ്രദേശത്ത് ജനങ്ങള്‍ ഒറ്റപ്പെട്ട നിലയിലായി. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതില്‍ മിക്കയിടത്തും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച വന്നതായി ആക്ഷേപമുണ്ട്.


ചിറയൻക‍ീഴ്‌ പെരുമാതുറയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കുള്ള തിരച്ചലിന്‌ 13 മണിക്കൂർ കഴിഞ്ഞാണ്‌ കോസ്‌റ്റൽ പൊലീസ്‌ എത്തിയത്‌. സർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ച്‌ തൊഴിലാളികൾ പൊലീസ്‌ സ്‌റ്റേഷനും തീരദേശറോഡും ഉപരോധിച്ചു.


സംസ്ഥാനത്ത് ഞായറാഴ്ചയും അതിശക്തമായ മഴതുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home