നാട് മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് വിരുന്ന് പ്രധാനം; രൂക്ഷവിമർശനം

പൊന്നാനിയിൽ മുസ്ലിംലീഗ് നേതാവിന്റെ വിരുന്നിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: കേരളം മഴയിൽ മുങ്ങുമ്പോൾ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി വി ഡി സതീശൻ യാതൊരു ഇടപെടലും നടത്താതെ സ്വകാര്യപരിപാടികളിൽ പങ്കെടുക്കുന്നതിൽ രൂക്ഷവിമർശനം. ശനിയാഴ്ച മഴക്കെടുതിയിൽ ഒൻപത് പേർ മരിക്കുകയും വ്യാപകനാശം സംഭവിക്കുകയും ചെയ്തിട്ടും മുഖ്യമന്ത്രി ദുരിതാശ്വാസപ്രവർത്തനങ്ങളെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായതേയില്ല. അതേസമയം ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി, പൊന്നാനിയിൽ മുസ്ലിംലീഗ് നേതാവിന്റെ വിരുന്നിൽ പങ്കെടുക്കാൻ സമയം കണ്ടെത്തുകയും ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിൽ മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനെത്തിയതും സൽക്കാരത്തിൽ പങ്കെടുക്കുന്നതിന്റെയും ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയരുന്നത്. ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് സതീശൻ വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. വീഡിയോക്ക് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. കേരളത്തിൽ മുൻകാലങ്ങളിൽ സമാനമായ സാഹചര്യമുണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ എല്ലാ പരിപാടികളും റദ്ദാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് നിരവധിപേർ ചൂണ്ടിക്കാട്ടുന്നുണ്ട്.
നിർണായകമായ സന്ദർഭത്തിൽ സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്ന കുറ്റകരമായ അനാസ്ഥയും ഏകോപനമില്ലായ്മയും ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രി പൊന്നാനിയിൽ വിരുന്നിൽ പങ്കെടുക്കുമ്പോൾ ജനങ്ങൾ പ്രാണഭയത്തിലായിരുന്നു. മഴ മുന്നറിയിപ്പ് നൽകുന്നതിലും ദുരന്തനിവാരണ മുന്നൊരുക്കങ്ങളിലും ഗുരുതരമായ പാളിച്ചയാണ് സംഭവിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വീഡിയോ അദ്യം വിശ്വസിക്കാനായില്ലെന്നും, നാട് വെള്ളത്തിലായി മനുഷ്യർ ആശങ്കയിലായിരിക്കുമ്പോൾ മുഖ്യമന്ത്രി ഈ ഔചിത്യമില്ലായ്മ കാണിക്കുമെന്ന് കരുതിയില്ലെന്നും എ എ റഹിം എംപി പ്രതികരിച്ചു.
മഴക്കെടുതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഓഫീസുകൾക്കും വൻവീഴ്‌ചയാണ് സംഭവിച്ചത്. ദുരിതബാധിത പ്രദേശങ്ങളിൽ സർക്കാർ സംവിധാനങ്ങൾ എത്തിക്കുന്നതില്‍ കാലതാമസവും നേരിട്ടു. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതില്‍ മിക്കയിടത്തും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച വന്നതായി ആക്ഷേപമുണ്ട്.
ചിറയൻകീഴ് പെരുമാതുറയിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കുള്ള തിരച്ചലിന് 13 മണിക്കൂർ കഴിഞ്ഞാണ് കോസ്‌റ്റൽ പൊലീസ് എത്തിയത്. സർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ച് തൊഴിലാളികൾ പൊലീസ് സ്‌റ്റേഷനും തീരദേശറോഡും ഉപരോധിച്ചു. അതിശക്തമായ മഴപെയ്ത പത്തനംതിട്ട ജില്ലയിലുൾപ്പെടെ വെള്ളി രാത്രിവരെയും ഓറഞ്ച് അലർട്ട് മാത്രമാണുണ്ടായിരുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ പെയ്തേക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ പത്തനംതിട്ട ളാഹയിൽ മാത്രം ശനിയാഴ്ച രാവിലെ 8.30വരെ 248 മില്ലിമീറ്റർ മഴ പെയ്തു. റെഡ് അലർട്ടിന് സമാനമായി മഴ പെയ്യുമെന്ന് അർധരാത്രി പിന്നിട്ടശേഷമാണ് മുന്നറിയിപ്പ് വന്നത്. നദികളിൽ പ്രളയസമാന രീതിയിൽ ജലനിരപ്പുയരുമെന്ന് ശനിയാഴ്ച രാവിലെ 10ന് ശേഷമാണ് അറിയിച്ചത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് കടലാക്രമണ സാധ്യത പ്രഖ്യാപിച്ചത്. ശനി രാവിലെ തന്നെ പത്തനംതിട്ട ജില്ലയിലുള്‍പ്പെടെ കനത്ത മഴ പെയ്ത പ്രദേശങ്ങളില്‍ വിവിധ പ്രദേശത്ത് ജനങ്ങള്‍ ഒറ്റപ്പെട്ട നിലയിലായി.










0 comments