പെറുവിൽ വിമാനം തകർന്നു വീണു: 13 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു

പെറൂവിൽ ചെറുവിമാനം തകർന്നുവീണുണ്ടായ അപകടം| Photo: Screengrab X
ലിമ : പെറുവിൽ വിമാനം തകർന്നു വീണ് 13 പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 11 യാത്രക്കാരും രണ്ട് പൈലറ്റുമാരുമാണ് കൊല്ലപ്പെട്ടത്. ഇറ്റലിയിൽ നിന്നുള്ള ഏഴ് പേർ, രണ്ട് ജർമ്മൻ പൗരന്മാർ, രണ്ട് സ്പാനിഷ് പൗരന്മാർ എന്നിവരാണ് അപകടത്തിൽപ്പെട്ട വിനോദസഞ്ചാരികൾ എന്ന് പെറുവിയൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
എയറോഡിയാന കമ്പനിയുടെ സെസ്ന കാരവൻ C-208 എന്ന ചെറുവിമാനമാണ് ഉച്ചയ്ക്ക് വിയാഹോ മേഖലയിൽ തകർന്നുവീണത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തിന്റെ തീവ്രത കാരണം ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നും ഇതുവരെ നാല് മൃതദേഹങ്ങൾ കണ്ടെത്തിയെന്നും പൊലീസ് വ്യക്തമാക്കി.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള നാസ്ക ലൈൻസിലെ മണലിൽ വരച്ച പ്രാചീന മൃഗങ്ങളുടെ കൂറ്റൻ ചിത്രങ്ങൾ കാണാനായി നിരവധിയാളുകളാണ് ഇത്തരം ചെറുവിമാനങ്ങളിൽ യാത്ര ചെയ്യുന്നത്. മുൻപും സമാനമായ അപകടങ്ങൾ നടന്നിട്ടുണ്ട്. 2022ൽ നടന്ന വിമാനാപകടത്തിൽ 7 പേരും 2010ൽ നടന്ന അപകടത്തിൽ 6 പേരും കൊല്ലപ്പെട്ടിരുന്നു.










0 comments