'ഞങ്ങൾക്ക് പ്രശ്നമില്ല, ഫ്രാൻസിലൊക്കെ രണ്ടാഴ്ചയിൽ ഒരു പണിമുടക്ക് ഉണ്ടാകും'; മനോരമയുടെ ആ കുത്തിത്തിരിപ്പും പൊളിഞ്ഞു

കൊച്ചി: മോദി സർക്കാരിന് താക്കീതായി കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച അഖിലേന്ത്യ പണിമുടക്കില്‍ ഭാഗമായ കേരളത്തെ അപമാനിക്കാന്‍ മനോരമ നടത്തിയ കുത്തിത്തിരിപ്പ് കയ്യോടെ പൊളിച്ച് വിദേശ വിനോദ സഞ്ചാരികൾ. മൂന്നാറിലേക്ക് പോകാനായി കൊച്ചിയിലെത്തിയ വിദേശ യുവാക്കളാണ് സമരം പൊളിക്കാനെത്തിയ മനോരമയ്ക്ക് ചുട്ടമറുപടി നൽകിയത്.
'കേരളം കാണാൻ വന്ന നിങ്ങൾ കുടുങ്ങി പോയിരിക്കുകമല്ലോ', 'ആദ്യമായിട്ടാണോ ഇത്തരമൊരു സമരം കാണുന്നത് ' - എന്നെല്ലാമാണ് ഫ്രാൻസ്, ജർമൻ സ്വദേശികളോട് മനോരമ മാധ്യമപ്രവർത്തകൻ ചോദിച്ചത്. ഫ്രാൻസിൽ രണ്ടാഴ്ചയിൽ ഒരു സമരം നടക്കാറുണ്ടെന്നും ജർമനിയിൽ ട്രെയിനും വിമാനങ്ങളും വരെ പണിമുടക്കാറുണ്ട് എന്നുമായിരുന്നു വിനോദ സഞ്ചാരികളുടെ മറുപടി. കേരളം കാണാൻ വന്നിട്ട് കൊതുകു കടിയും കൊണ്ട് ബസ് സ്റ്റോപ്പിൽ നിൽക്കേണ്ടി വന്നതിൽ വല്ലാത്ത ബുദ്ധിമുട്ടുണ്ടോ എന്നായി അടുത്ത ചോദ്യം. കൊതുക് കടിക്കാതിരിക്കാൻ മൊസ്കിറ്റോ സ്പ്രേ അടിച്ചിട്ടുണ്ടെന്ന് കൂടി മറുപടി നൽകിയതോടെ മാധ്യമപ്രവർത്തകൻ പിൻവാങ്ങുകയായിരുന്നു.
വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി. സമരത്തിന്റെ പേരിൽ കേരളത്തെ അപമാനിക്കാൻ ശ്രമിച്ച മനോരമയ്ക്കെതിരെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തി.
അതേസമയം രാജ്യത്തെ പൂർണമായും കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കുകയും ജനദ്രോഹ നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരിനെതിരെ സിഐടിയു ഉൾപ്പെടെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുകയാണ്. ബുധനാഴ്‌ച അർധരാത്രി ആരംഭിച്ച 24 മണിക്കൂർ പണിമുടക്ക് വ്യാഴാഴ്‌ച അർധരാത്രി വരെ നീളും.
കേന്ദ്ര–സംസ്ഥാന സർക്കാർ ജീവനക്കാരും ബാങ്ക്, ഇൻഷുറൻസ്, കൽക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാരും ഉൾപ്പെടെ കോടിക്കണക്കിന് തൊഴിലാളികളാണ് അണിനിരക്കുന്നത്. കർഷക, കർഷകത്തൊഴിലാളി സംഘടനകളും സമരമുഖത്തുണ്ട്. ഇന്ത്യൻ സമരചരിത്രത്തിലെ പുതിയ അധ്യായമായി പണിമുടക്ക് മാറും. സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാർടികളുടെയും മറ്റ് പ്രതിപക്ഷ പാർടികളുടെ പിന്തുണയിലാണ് പണിമുടക്ക്.









0 comments