സിജിഎസ്ടി ഉദ്യോഗസ്ഥർക്ക് പെരുന്നാൾ അവധിയില്ല; മൗലികാവകാശ ലംഘനമെന്ന് ജോൺബ്രിട്ടാസ്

no-holiday-for-gst-customs
avatar
സ്വന്തം ലേഖകൻ

Published on Mar 29, 2025, 07:48 AM | 1 min read

ന്യൂഡൽഹി: റംസാൻ ദിവത്തിലും കേന്ദ്ര ചരക്കു– സേവന നികുതി (സിജിഎസ്‌ടി) ഓഫീസർമാർ നിർബന്ധമായും ജോലിക്ക്‌ ഹാജരാകണമെന്ന കേന്ദ്രസർക്കാർ നിർദേശം വിവാദമാകുന്നു. മാർച്ച്‌ 29, 30, 31 ദിവസങ്ങളിൽ സിജിഎസ്‌ടി ഉദ്യോഗസ്ഥരും ജീവനക്കാരും നിർബന്ധമായും ജോലിക്ക്‌ ഹാജരാകണമെന്ന്‌ ധനമന്ത്രാലയത്തിന്‌ കീഴിലുള്ള കേന്ദ്ര പരോക്ഷ നികുതി ബോർഡാണ്‌ നിർദേശം നൽകിയിരിക്കുന്നത്‌.


ശനി, ഞായർ ദിവസങ്ങളിലും റംസാൻ മുൻനിർത്തി കേന്ദ്രസർക്കാർ പൊതുഅവധിയായി പ്രഖ്യാപിച്ചിട്ടുള്ള തിങ്കളാഴ്‌ചയും ജീവനക്കാർ ഹാജരാകണമെന്ന നിർദേശം തികച്ചും അസ്വഭാവികമാണ്‌. ഞായറാഴ്‌ചയോ, തിങ്കളാഴ്‌ചയോ ആയിരിക്കും റംസാൻ ദിനാചരണം. രാജ്യത്തെ സിജിഎസ്‌ടി ഓഫീസുകളിൽ മുസ്ലീം ജീവനക്കാരായ ഉദ്യോഗസ്ഥരും ജീവനക്കാരും ധാരാളമായുണ്ട്‌. അവധി ദിവസമടക്കം പ്രവർത്തി ദിനമായി പ്രഖ്യാപിച്ചതിനൊപ്പം ഈ ദിവസങ്ങളിൽ ആർക്കും ‘ലീവ്‌’ കൊടുക്കരുതെന്ന വിചിത്ര നിർദേശവും കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്‌.


തിരുവനന്തപുരം സോണിലെ സിജിഎസ്‌ടി ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അഭ്യർത്ഥനയെ തുടർന്ന്‌ സിപിഐഎം രാജ്യസഭാ ഉപനേതാവ്‌ ജോൺ ബ്രിട്ടാസ്‌ പ്രശ്‌നത്തിൽ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്‌ കത്തയച്ചു. അവധി ദിവസവും നിർബന്ധമായും ജോലിക്ക്‌ ഹാജരാകാനുള്ള നിർദേശം മതാചാരങ്ങൾ പിന്തുടരാനുള്ള ജീവനക്കാരുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന്‌ കത്തിൽ ചൂണ്ടിക്കാട്ടി.


റംസാൻ ദിവസത്തിൽ ജോലിക്ക്‌ ഹാജരാകണമെന്ന്‌ ആവശ്യപ്പെടുന്നത്‌ തികച്ചും നീതികേടാണ്‌. മതസ്വാതന്ത്ര്യം ഭരണഘടനയിലെ മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്നതാണ്‌. മതപരമായ ചടങ്ങുകൾ നിർവഹിക്കാനുള്ള ദിവസത്തിൽ അവധി നിഷേധിക്കുന്നത്‌ ഒരു വിഭാഗം ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും വലിയ ബുദ്ധിമുട്ട്‌ സൃഷ്ടിക്കും. കേന്ദ്രസർക്കാരിന്റെ വിജ്‌ഞാപനം ചെയ്‌ത അവധിദിന പട്ടികയുടെ ലംഘനം കൂടിയാണിത്‌. ഗസറ്റഡ്‌ അവധിദിനങ്ങൾ പാലിക്കാനുള്ള പേഴ്‌സണൽ വകുപ്പിന്റെയും ആഭ്യന്തര മന്ത്രാലയങ്ങളുടെയും മാർഗനിർദേശങ്ങൾക്ക്‌ വിരുദ്ധമാണ്‌ ഇപ്പോഴത്തെ ഉത്തരവ്‌. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട്‌ ഉത്തരവ്‌ പിൻവലിക്കാനുള്ള നടപടി സ്വീകരിക്കണം–- ബ്രിട്ടാസ്‌ കത്തിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home