print edition ഒളിച്ചുകളിയില്ല രേഖകൾ വ്യക്തം: വീര്യം കുറഞ്ഞ മദ്യത്തിൽ എൽഡിഎഫ് സർക്കാർ തീരുമാനമെടുത്തില്ല


സ്വന്തം ലേഖകൻ
Published on Jun 27, 2026, 12:00 AM | 1 min read
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലത്തും വീര്യം കുറഞ്ഞ മദ്യം മദ്യനയത്തിൽ ഇടംപിടിച്ചിരുന്നുവെന്ന തരത്തിൽ മാധ്യമങ്ങൾ പുറത്തുവിട്ട ‘രഹസ്യരേഖകൾ’ പൊതുരേഖകൾ. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്‌ചയിച്ച വിവരം പുറത്തുവന്നതോടെ പ്രതിസന്ധിയിലായ യുഡിഎഫ് സർക്കാരിന്റെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായാണ് ചില മാധ്യമങ്ങൾ എൽഡിഎഫ് സർക്കാരിനെതിരെ അസത്യപ്രചാരണം നടത്തിയത്.
വെള്ളിയാഴ്‌ച ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തയിലാണ് എൽഡിഎഫ് നടപ്പാക്കിയ മദ്യനയത്തിലും വീര്യം കുറഞ്ഞ മദ്യം ഇടംപിടിച്ചുവെന്ന് വലിയ കണ്ടെത്തലായി അവതരിപ്പിച്ചത്. മദ്യക്കന്പനിയുടെ ദീർഘകാല ശ്രമം വ്യക്തമാകുന്നതാണ് വാർത്തയും. വി എസ് സർക്കാരിന്റെ കാലംമുതൽ വിദേശമദ്യക്കമ്പനിയുടെ അപേക്ഷകൾ വന്നിട്ടുണ്ട്. ഇതിൽ വിശദീകരണം തേടി ഉദ്യോഗസ്ഥർക്ക് അയക്കും. അത് സ്വാഭാവിക നടപടിയാണ്. അങ്ങനെ എഴുതിവച്ചത് മദ്യക്കമ്പനികൾക്കു വേണ്ടിയാണ് എന്നുള്ള മാധ്യമങ്ങളുടെ കണ്ടെത്തൽ വസ്‌തുതാവിരുദ്ധമാണ്.
എക്‌സൈസ് മന്ത്രിയായിരിക്കെ തന്റെ കാലത്തും മദ്യക്കമ്പനിയുടെ അപേക്ഷ വന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞിട്ടുണ്ട്. ഇൗ അപേക്ഷകളിലൊന്നും എൽഡിഎഫ് സർക്കാർ തീരുമാനമെടുത്തില്ല. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ പഴങ്ങളിൽനിന്നും മറ്റ് കാർഷികോൽപന്നങ്ങളിൽനിന്നും വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാമെന്നതായിരുന്നു എൽഡിഎഫ് നയം. ഇത് മദ്യനയത്തിൽ കൃത്യമായുണ്ട്. എൽഡിഎഫ് സർക്കാർ കർഷകരെ സഹായിക്കുന്പോൾ വൻകിട മദ്യക്കന്പനികൾക്ക് സാന്പത്തിക ലാഭം നേടിക്കൊടുക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
ബക്കാഡി കമ്പനിയെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പലവിധത്തിൽ തടഞ്ഞതും മാധ്യമങ്ങൾ നൽകിയിരിക്കുന്ന വാർത്തകളിൽ വ്യക്തമാണ്. എന്നാൽ അതിൽ തീരുമാനമായത് വി ഡി സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ് മണിക്കൂറുകൾക്കകമാണ് എന്ന യാഥാർഥ്യം ഇക്കൂട്ടർ സൗകര്യപൂർവം മറക്കുന്നു.










0 comments